ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday 7 August 2010

ദൈവങ്ങള്‍ നിശ്ശബ്ദരാണ്.






ദൈവങ്ങള്‍
നിശ്ശബ്ദരായി ഇരിക്കുകയാണ് ..
വെളുത്ത കുഞ്ഞാടിന്റെ ഇത്തിരി ചോര ,
പുളിക്കാത്ത ഒരപ്പം ,
ഒരു തുളസിയില...
പ്രതീക്ഷിച്ചു കൊണ്ട്  ..

നമ്മള്‍ നിവേദിക്കുന്നുണ്ട് -
ഗര്‍ഭപാത്രത്തിലെ
ആവി പാറുന്ന ചോര,
സഹോദരങ്ങളുടെ നെഞ്ചിലെ 
ആര്‍ത്തനാദം ...,
പിന്നെ....
കുഞ്ഞു വിരലുകള്‍..

റസൂലും,
യഹോവയും,
യാദവനും
അവരവരുടെ ഇരിപ്പിടങ്ങളില്‍ 
നിശ്ശബ്ദരായി 
ഇരിക്കുന്നു.. !

ബലിക്കല്ലില്‍ തട്ടി ചിതറി വീഴുന്ന 
കുഞ്ഞാടിന്റെ കരച്ചിലോ..
മാവ് കുഴച്ചു  തളര്‍ന്നു പോയ 
അമ്മയുടെ തേങ്ങലോ..
കരിഞ്ഞുണങ്ങി, ദാഹിക്കുന്ന 
തുളസിച്ചെടിയുടെ നോവലോ...
അവരെ എഴുന്നേല്‍പ്പിക്കില്ല  

ലഭിക്കേണ്ടതായ നിവേദ്യങ്ങള്‍ 
വൈകുന്നതിനെക്കുറിച്ചോര്‍ത്ത്
ഇരിപ്പിടങ്ങളില്‍ 
അവര്‍ 
ക്ഷമയോടെ കാത്തിരിക്കുകയാണ് ...
നിശ്ശബ്ദരായി....!
  

Thursday 5 August 2010

ഹൃദയരേഖ മുറിഞ്ഞപ്പോള്‍




ഹൃദയത്തില്‍ വരയപ്പെട്ട..
 ചുവന്ന  വരകള്‍ ..
നെടുകെയും കുറുകെയും..
ചോര കിനിയുന്നുണ്ട്,  ഇപ്പോഴും .

ഹൃദയരേഖ മുറിഞ്ഞ്‌
 പ്രണയം തേങ്ങുന്നു  
ബലിക്കാക്കകള്‍ 
ആയുര്‍ രേഖയില്‍ കൊത്തിവലിക്കുകയാണ്.

ആയുസ്സെത്താത്ത പ്രണയം 
തണുത്ത നിലത്തു കിടന്നു 
വിറക്കുന്നു .

ആത്മാവിന്റെ മരത്തില്‍ നിന്നും 
പ്രണയത്തിനു മീതെ 
ഒരില കൊഴിഞ്ഞു വീണു.
വിറയ്ക്കുന്ന പ്രണയത്തെ 
ഉറയുന്ന തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ 
അതിനാവില്ല.

പ്രണയം ..
ആയുസ്സെത്താതെ.. 
വിറച്ച്.. വിറച്ച് .....!