ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Friday, 29 April 2011

മുകില്‍ പെയ്യുന്ന വിഷം.

മുറിവുകള്‍ കൂടുകളിലേക്ക്‌ 
മടങ്ങുന്നിടത്ത്
ആകാശ വലിപ്പത്തിലുള്ളോരു മുകില്‍
പെയ്യുന്ന വിഷം.
ഒറ്റച്ചെന്നായയുടെ നഖങ്ങള്‍ 
തങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും 
നിതാന്തമായ ശാന്തിയിലേക്ക് 
കണ്ണും നട്ടുകൊണ്ട് 
കുന്നിറങ്ങി  വരുന്നവര്‍.....
വീര്‍ത്തുന്തിയ ശിരസ്സുകളിലെ 
നീര്‍ നിറഞ്ഞ കണ്ണുകള്‍ 
നമ്മെ ഉറ്റു നോക്കുന്നു.
ഒറ്റയടി വെക്കാനാവാതെ
കുഞ്ഞിക്കാലുകള്‍
നിലംപറ്റിക്കിടക്കുന്നു.
വിഷക്കാറ്റിന്റെ 
നഖങ്ങളും ചിറകുകളും കൊണ്ട്
 ചൊറിഞ്ഞു പൊട്ടിയ ശരീരങ്ങള്‍ ....
വിഷവായുവിന്റെ വേരുകളില്‍ നിന്നു
സ്വാദേറിയ കനികള്‍ പറിച്ച്
അവര്‍ നമുക്ക് തരുന്നു.
മണല്‍ ക്കൂനകളും, പ്രളയങ്ങളും
അവരെ തൂത്തുവാരുന്നു.
കണ്ണുകള്‍ നിറയെ 
പരാജയവും ,അപരിചിതത്ത്വവും.
ശ്വാസവായുവും , ജീവജലവും 
കൈമോശം വന്നുപോയവര്‍.
ഇല്ലായ്മയുടെ ആകാശത്ത് 
കാലിടറുന്ന വെള്ളിപ്പറവകള്‍..

അഭയമരുളാനിനി ഒരു ഭൂമിയും
ബാക്കിയില്ലെന്നോ..
വിഷഭൂമിയിലൊറ്റപ്പെട്ടു  പോകുന്നവര്‍ക്ക് 
രാവിന്റെ നിശബ്ദതയിലെങ്കിലും 
ഒരു വിലാപകാവ്യം 
ആര് പാടും...?

കനിവിന്റെ താക്കോലുകള്‍ക്ക് 
ആര്‍ക്കാണ് ഉടമസ്ഥത ..?

Wednesday, 27 April 2011

വേനല്‍ഓര്‍മകളൂറിയുരുകി -
ത്തിളക്കുമീ വേനല്‍ചൂടിനു
വേവു പാകം .

ഉള്‍ചൂടു കനല്‍ മൂടും 
ചാരപ്പുതപ്പിനു 
മറവിച്ചില്ല തന്‍ നിഴലു പാകം.

ചുടുകാറ്റില്‍ കൊഴിയുന്നോ 
കരിയുന്നോ ചില്ലകള്‍ 
മണല്‍ക്കാറ്റു   നീറ്റുന്ന സ്മൃതി ജഡങ്ങള്‍ 

ഇനി 
ഞാനുരുകട്ടെ 
തിളക്കട്ടെ 
വേവട്ടെ , വേനലില്‍ 
സ്മൃതികളൊഴിഞ്ഞോരീ മരുഭൂമിയില്‍