ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Monday 30 May 2011

പ്രണയത്തില്‍ ജീവിക്കുന്ന വിധം.

എന്റെ ഉറങ്ങുന്ന ചിത്രപ്പണികളെ 
നീയുണര്‍ത്തുമ്പോള്‍ ,
കൂട്ടിച്ചേര്‍ക്കാന്‍ വിസ്മരിക്കപ്പെട്ട പ്രശ്നചിത്രം 
പൂര്‍ത്തിയാക്കുന്ന വിനോദങ്ങളില്‍ 
നീയെന്നെ അവശയാക്കുമ്പോള്‍ .,
മാതളച്ചാര്‍ പോലെ സ്വാദില്‍ നിന്ന് 
നീ  ചിതറിത്തെറിക്കുമ്പോള്‍ ,
പ്രണയത്തില്‍ നാം 
വര്‍ഷകാല മേഘം പോലെ 
പെരുകുമ്പോള്‍ ..,
എന്റെ തകര്‍ന്ന ഭൂമിയെ 
പച്ചവയലുകളുടെ നേര്‍ക്ക്‌ 
നീ ചാടിക്കുമ്പോള്‍ ,
വഴിതെറ്റിപ്പോയ യാനപാത്രത്തിന്റെ 
കേടു തീര്‍ത്ത്, അതില്‍ 
പ്രണയത്തിന്റെ കാറ്റുപായ
വിടര്‍ത്തുമ്പോള്‍ ,
ഞാനും നീയും ഒരേ 
മുത്തുമണിയില്‍ കറങ്ങുമ്പോള്‍ ,
ലോകം പ്രേമത്തിന്റെ ഭിത്തിയില്‍ 
തൂക്കിയിടപ്പെടുമ്പോള്‍ , 
ഇതൊക്കെ നാം ചെയ്യുമ്പോള്‍ -
അപ്പോള്‍ മാത്രം ..
എന്റെ പ്രിയനേ  ,
നാം ജീവിക്കുന്നു 
പ്രണയത്തിന്റെ സ്തംഭം
നാട്ടുകയും ചെയ്യുന്നു..

Saturday 28 May 2011

കളിപ്പാട്ടക്കപ്പല്‍

തിരകളൊഴുക്കിക്കൊണ്ടുപോയ 
കളിപ്പാട്ടക്കപ്പല്‍ എവിടെപ്പോയി..?
കടല്‍ദൂരം താണ്ടി, കടലൊഴുക്കു കടന്ന് ,
ചക്രങ്ങള്‍ക്കിടയിലൂടെ
 മീനുകളെ കടത്തിവിട്ട്
അതു തുഴഞ്ഞു പോയി..ഒറ്റയ്ക്ക്.

കടല്‍പ്പറവകളെപ്പോലെ  അത്‌
തിരകളിലൊഴുകാന്‍ മടങ്ങി വരുമെന്ന് -
കപ്പല്‍ വിട്ടു പോയ 
കപ്പിത്താന്റെ കണ്ണുകള്‍ക്കിടയില്‍ 
തിരയുടെ തീര്‍പ്പുണ്ട്‌.

മരം കൊണ്ട്  തീര്‍ത്ത കളിപ്പാട്ടക്കപ്പല്‍ 
വേറെയും യാനപാത്രങ്ങളെ 
കണ്ടുമുട്ടിയതായി കേട്ടു.
കാറ്റുപായ  കടലൊഴുക്കിനെ 
പരിരംഭണം ചെയ്തതായി കേട്ടു.
കിളിവാതിലില്‍ കാലൂന്നിയ കിളിയെ 
ഉപ്പുകാറ്റ്  പറത്തി വിട്ടതായും കേട്ടു 

കിളി നീലനിറമാര്‍ന്ന
 ഒരു തൂവല്‍ കുടഞ്ഞിട്ടു.
സ്വപ്നങ്ങളില്‍ നിന്നും,
തന്റെ  ശേഖരത്തില്‍ നിന്നും 
മനോഹരമായ ഒരു തൂവല്‍ 
കാലിയാകുന്നത്‌ കുട്ടി 
പേടിയോടെ ഓര്‍ത്തു.
അവന്‍ മരക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു .

കിളി മടങ്ങി വന്നു.
അവനോ ,മടങ്ങിയെത്തിയില്ല ..,
കളിപ്പാട്ടക്കപ്പലും....!

Friday 20 May 2011

നിദ്രാടനം


ഈ രാത്രി-
നടപ്പാതകള്‍ ശലഭ നിര്‍ഭരം.
ഞാന്‍ നടക്കുന്നു-
നിശ്ശബ്ദം .
കാലുകള്‍ക്കു താഴെ
ചഞ്ചല സ്വപ്നങ്ങളുടെ ചാരം.
വഴിയില്‍
 ഒരു മെഴുകുതിരിയുമില്ല 

വാക്കുകള്‍ 
നാവിനടിയില്‍ 
മയങ്ങി ,ഉറങ്ങിക്കിടക്കുന്നു 
വറ്റിത്തീരാറായ രണ്ട്‌ ഉറവകള്‍ക്കിടയില്‍ 
ഞാന്‍ നിദ്രാടനം ചെയ്യുന്നു.


മടക്ക വഴിയറിയാതെ
നടന്നു കൊണ്ടിരിക്കുന്നു..
വാക്കറിവ് എനിക്കജ്ഞാതമാകുന്നു..


കിനാക്കളില്‍ 
ശൂന്യമായ ഒരു കിണര്‍
ഞാന്‍ കണ്ടെത്തി 
മുഴുത്ത ഉരുളന്‍ കല്ലുകള്‍ 
വെള്ളത്തെ അതില്‍ നിന്നു 
നീക്കം ചെയ്തിരിക്കുന്നു.


യാഥാർത്ഥ്യത്തിന്റെ  ഭൂതലം 
ഉണര്‍ന്നാലല്ലാതെ പ്രകാശിക്കുകയില്ല
എന്നിലേക്ക്‌ തിരിയാതെ 
ഉണര്‍ച്ച ഞാന്‍ അറിയുകയുമില്ല.

മയക്കത്തിന്റെ താഴ്ന്ന ശിഖരങ്ങളിലേക്ക്
ഇലഞ്ഞിപ്പൂക്കള്‍ പെയ്യുന്നു.

രാത്രി..ശലഭച്ചിറക് വിടര്‍ത്തി
കടന്നു പോകുന്നു.
നിശ്ശബ്ദം ..,
ഞാന്‍ നടക്കുന്നു..


പിന്നീട്..
ചില്ലു വിളക്കുകള്‍ വഹിച്ചു വരുന്ന-
സഞ്ചാരികളുടെ ശബ്ദങ്ങള്‍ മുഴങ്ങുമ്പോള്‍
വിജനതയില്‍ 
പ്രഭാതം ഉറക്കമുണരുന്നിടത്തേക്ക് -
വഴി തെറ്റാതെ
നടന്നു പോകുന്നതായി 
നിങ്ങളെന്നെ കണ്ടെത്തും.





Wednesday 18 May 2011

കുറ്റവാളി

കുറ്റവാളിക്ക് -
മുക്കാലിയില്‍ കെട്ടി
ചാട്ടവാറു കൊണ്ട് നൂറ്റിയൊന്നടി.
ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞു
കുറ്റങ്ങള്‍ പലതാണ്.-
അനധികൃതമായി കടന്നുകയറിയെന്നു ..,
കൈയേറിയെന്ന്..,
കവര്‍ച്ച നടത്തിയെന്ന്..!

ഇനി ശിക്ഷയുടെ ദിനത്തിനായുള്ള
അണഞ്ഞ, തീ മണക്കുന്ന കാത്തിരിപ്പാണ്.
പുറം ചാരിയില്ലാത്ത ഒരു ഇരിപ്പിടമാണ് 
കാത്തിരിപ്പ്.

ഏകാന്തതയുടെ ജലപാളികളില്‍ 
സ്വപ്ന നിറമുള്ള മീനുകള്‍ നൃത്തം ചെയ്യുന്നതും  
നോക്കിയിരുന്ന അവളോട്‌ ..
അവന്‍ പറഞ്ഞത്രേ..
നിനക്കായി മാത്രമെന്റെ ഹൃദയ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന്‌..,
നിനക്കായി മാത്രമതില്‍ പ്രണയം നിറച്ചു വച്ചിരിക്കുന്നുവെന്ന് ..,
നിനക്കായി മാത്രമല്ലേ ..എല്ലാമെന്ന്...

അതുകൊണ്ടല്ലേ ..,
അതുകൊണ്ടു മാത്രമല്ലേ..
കടന്നു കയറിയത്..?!   
കൈയേറിയത് ..?!
കവര്‍ന്നെടുത്തത്‌ .?!

ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
നീറ്റലിന്റെ  മുക്കാലിയില്‍ കെട്ടിയിട്ടു   
ഓര്‍മ്മകളുടെ  ,ഓര്‍മ്മപ്പെടുത്തലിന്റെ  
ചാട്ടവാറു കൊണ്ട് ....!
ജീവന്‍  പോകുന്നതു  വരെ ...
ജീവന്‍  പോകുന്നതു   വരെ ..!


Sunday 8 May 2011

കാണാത്തവര്‍

കൊടുങ്കാറ്റിന്റെ വരവിനു മുന്‍പ് 
സ്വന്തം കൂട്ടിലേക്ക് വേഗത്തില്‍ 
പറക്കുന്ന പക്ഷിയെപ്പോലെ 
ഇന്നലെകള്‍ കടന്നു പോകുന്നു..
പുല്ലുകള്‍ക്കു മീതെയുള്ള
മരങ്ങളുടെ നിഴലുകള്‍ പോലെ 
ദുരിതങ്ങള്‍ നിറഞ്ഞ വിനാഴികകളും 
കടന്നു പോകും...

ഇന്നിന്റെ നിറഞ്ഞ തീന്‍ മേശക്കു
 മുന്നില്‍ നമ്മള്‍-
സന്തോഷവാന്മാരായി ഇരിക്കും .
ഒരിത്തിരി മണ്ണിലുറച്ചു  നില്‍ക്കുന്നുവെന്ന്-
ഒരു പാത നടക്കാന്‍ മുന്നിലുണ്ടെന്ന്-
വീമ്പില്‍ കുടിച്ചു മദിക്കും...

മരങ്ങള്‍ കട പുഴകുകയും,.
പുല്ലുകള്‍ കത്തിക്കരിയുകയും,
പാറകള്‍ ചോരയില്‍ ചുവക്കുകയും, 
ഭൂമി എല്ലുകളും തലയോട്ടികളും 
നട്ടു വളര്‍ത്തുകയും ചെയ്യുന്നത് 
നമ്മള്‍ കാണില്ല 

കടവും 
കണ്ണീരും
കിനാവും 
ബാക്കിയായ ചിലര്‍-
ദാഹിച്ച്‌ ,ചിറകു കുഴയുന്നത് വരെ
 ജലാശയത്തിനു  മേല്‍ 
വട്ടമിട്ടു പറക്കുന്നവര്‍ -
അവരെയും  
നമ്മള്‍ കാണില്ല.

സ്വപ്നത്തിന്റെ നീരുറവയില്‍ നിന്നും 
എങ്ങനെയവര്‍ ദാഹം തീര്‍ക്കും..?
അവരുടെ തകര്‍ന്ന ഭൂമികള്‍ 
ദുരിതങ്ങളുടെ അസ്തമയം 
കഴിയുന്നത്‌ വരെ
എങ്ങനെയവര്‍ നേരെയാക്കും..?

ആകാശം കടലിന്റെ 
തേങ്ങലുമായി സന്ധിക്കുന്നിടത്തെങ്കിലും 
ഒരു താഴ്വാരം അവര്‍ക്ക് നല്‍കാന്‍ 
നമുക്കാവില്ലേ..
കുഞ്ഞു മരങ്ങളോടും ..
ശ്മശാനത്തോടും കൂടിയതെങ്കിലും..!


Wednesday 4 May 2011

മടക്കം

ദൂരയാത്രയില്‍ നിന്നിനി മടക്കമില്ലെന്നത് പോലെ 
എന്റെ വിഷാദ നിഴലില്‍ ഞാനെടുത്തെറിയപ്പെട്ടപ്പോഴാണ്
ചെമ്പക മരച്ചുവട്ടിലെ രാപ്പാടി 
നിന്റെ നിര്‍ഭാഗ്യത്തിന് സമയമായില്ലെന്ന് 
വിളിച്ചു പറഞ്ഞത്.
ഇരുണ്ട താഴ്വാരത്തിന്റെ അറ്റത്തോളം
നീണ്ട യാത്ര കഴിഞ്ഞ്‌
പടി കയറി വരികയാണ് ഞാന്‍.

ഇനി സമയമില്ല...
ഉദ്യാനത്തിലെ പുല്‍ നാമ്പുകള്‍ക്ക് മുകളിലൂടെ
ആദ്യ ചുവടു വെയ്പ്പ് തന്നെ ധാരാളം .
നിഴല്‍ എങ്ങനെ വീഴുമെന്നും 
മഴത്തുള്ളി പോലെ ജീവിതം എങ്ങനെ 
ചിന്തിപ്പോകുമെന്നും ഇനി എനിക്കറിയണ്ട.
വാടി നില്‍ക്കുന്ന എന്റെ തൈമുല്ലക്ക് 
ഞാന്‍ വെള്ളമൊഴിക്കട്ടെ..
പൂവുകള്‍ വന്നെന്റെ ചുറ്റും
 നിറയട്ടെ...

വിരസത തട്ടിക്കുടഞ്ഞ് കാല്‍ കഴുകി -
( അതാ ജലത്തോടൊപ്പം ഒലിച്ചു പൊയ്ക്കോട്ടേ )
മടുപ്പിനെ മടക്കി മൂലയില്‍ ചാരി വച്ച് -
(അതവിടെയിരുന്നു മാറാല പിടിച്ചോട്ടെ.)
ഞാനെന്റെ നക്ഷത്രക്കൂടാരത്തിന്റെ. വാതില്‍ -
തുറന്നകത്തു കയറട്ടെ.
ഒട്ടും സമയമില്ല....
സ്മൃതിയുടെ ചാരനിറം പുരണ്ട ,
മെഴുക്കു പിടിച്ച ചുമരുകള്‍ 
എനിക്കിന്നു വൃത്തിയാക്കാനുണ്ട് 
ഒടിഞ്ഞു നുറുങ്ങിയ എന്റെ ഏകാന്തതയെ 
നിവര്‍ത്തിത്തന്ന ചിലരുടെ ചിത്രങ്ങള്‍ 
എനിക്കതില്‍ കോറിയിടാനുണ്ട്.

എവിടെ എന്റെ ചിരിമണികള്‍..?
ബാല്യത്തിലെന്റെ ചുണ്ടില്‍ നിന്നും 
വീണുരുണ്ടു പോയ്‌ മറഞ്ഞ ചിരിമണികള്‍ 
കണ്ടെത്തിപ്പിടിക്കണമെനിക്ക് 
എങ്ങാനും കണ്ടോ..നിങ്ങളവയെ...?