ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 7 June 2011

ദേശങ്ങള്‍ എങ്ങും ബാക്കിയില്ല

പെരുവഴികള്‍ക്കനേകം 
നടവഴികളുണ്ടെന്നു പറഞ്ഞാണ്, കാറ്റ്
കരിയിലകളെ മുഴുവന്‍ 
ഇടവഴിയിലേക്കൂതിപ്പറപ്പിച്ചത്.
പെരുവഴിയില്‍ ബാക്കിയായത് ,
വഴിതെറ്റിവന്ന ഞണ്ട്..
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ .

പറക്കാനിനി ആകാശങ്ങള്‍ 
ബാക്കിയില്ലെന്നൊരു വെള്ളിപ്പറവ.
ആകാശം തലയിലിടിഞ്ഞു വീഴട്ടെ -
യെന്നു പ്രാകിയപ്പോള്‍ 
മുഴുവനത് ഇടിഞ്ഞുവീണതാണെന്നൊരുവള്‍.
തുഴയാനിനി പുഴയിലും ,കടലിലും 
വെള്ളമില്ലെന്നു തോണിക്കാരന്‍ .
വെള്ളത്തില്‍ വരച്ച വരകള്‍ 
മായ്ച്ചും വീണ്ടും വരച്ചും 
വെള്ളം മുഴുവന്‍ വരകള്‍ കൊണ്ടു
നിറച്ചെടുത്തതിനാലാവാമെന്നൊരു കൂട്ടര്‍.

ആകാശവും നക്ഷത്രങ്ങളും 
ഇല്ലെങ്കില്‍പ്പോലും  രാവ്‌ ,
കാറ്റ് വീശുന്ന  പുല്‍മേടാണ് .
പുലര്‍യാമങ്ങളില്‍ നമുക്ക് 
നിന്നുറങ്ങാനൊരിടം.
ഓരോ പുല്‍മേടും 
അതിന്റെ പുതപ്പില്‍ 
ഓരോ ദേശത്തെ മറയ്ക്കുന്നു.

ഒരു മരത്തെ 
ഞാന്‍ തൊടുമ്പോഴേക്ക് 
പെട്ടെന്നത്‌  അന്യന്റെതായിത്തീരുന്നു 
ഒരു പാറക്കല്ലില്‍ ഞാനിരിക്കുമ്പോള്‍ 
അത് ചിറകു മുളച്ചു പറന്നകലുന്നു.
ഞാനെവിടെപ്പോകും ..?

പെരുവഴിയില്‍ വഴിതെറ്റി വന്നൊരു 
ഞണ്ടിനൊപ്പം ഞാന്‍ നടക്കുന്നു.
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ..

Friday, 3 June 2011

മഴയാട്ടമല്ലേ .., സഖീ

മഴ പെയ്തുതോരുവാന്‍ കാത്തുനില്‍ക്കേണ്ട നാം 
വാതില്‍ തുറന്നിങ്ങു പോരൂ സഖീ 
ഞാറിന്‍ തലപ്പുകള്‍ മുങ്ങി നിവരുമാ 
പാടവരമ്പോളം പോയി വരാം 

നിന്‍ മുടിക്കെട്ടൊന്നൊതുക്കി വച്ചീടു നീ 
മഴമുകില്‍ പോകാതെ പെയ്തിടട്ടെ 
കാട്ടു ഞാവല്‍ തിന്നു ചോന്ന കവിള്‍ത്തട -
മീമഴയേറ്റു കുതിര്‍ന്നിടട്ടെ 

കോലായിലറ്റത്തു  വൃത്തം ചമയ്ക്കുന്ന 
നൂറുകാല്‍ കൂട്ടരെ തൊട്ടിടാതെ
മഴമണി താളത്തില്‍ വീഴുമിറയ്ക്കലെ
കടലാസു തോണികള്‍ മുക്കിടാതെ 

പെയ്തുതിമര്‍ക്കുമീ മഴയത്തു കൈകോര്‍ത്തു 
ചോടു വച്ചു,  മയിലാട്ടമാടാം 
മഴപെയ്തു തോരുവാന്‍ കാത്തു നില്‍ക്കാതെ
നിന്‍ വാതില്‍ തുറക്ക; മഴയാട്ടമല്ലേ.

ഇടവഴിയറ്റത്തെ കാട്ടിലഞ്ഞിപ്പൂക്കള്‍ 
കോര്‍ത്തെടുക്കാം ചെറു മാല തീര്‍ക്കാം 
പോള പൊട്ടിയിളം കൈത മണക്കുന്ന 
തോട്ടിറമ്പത്തൂടെ പോയി നോക്കാം 

കുഞ്ഞു തവളകള്‍ നാമം ജപിക്കുമീ 
പാടവരമ്പത്തെന്‍ കൂടെ നില്‍ക്കു
തുള്ളി മറിയുന്ന കുഞ്ഞുമീന്‍ ചാട്ടങ്ങള്‍ 
കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കാം 

നിന്‍ ചിരി,യീമഴമുത്തായ്‌ പൊഴിയുന്നോ
നെയ്തലാമ്പല്‍ പൂക്കള്‍ കൂമ്പിടുന്നോ 
തരിക നിന്‍ കരമതിലൂന്നിയിറങ്ങട്ടെ 
ഈ വയല്‍ച്ചിരിയാകും പൂ പറിക്കാന്‍ 

ഓര്‍മ്മയില്ലേ, മഴപ്പാട്ടിപ്പോഴും സഖീ 
ഓര്‍ത്തെടുക്കൂ വൃഥാ  നിന്നിടാതെ 
ഈ നെയ്തലാമ്പലിന്‍ പൂവു നല്‍കാം നിന-
ക്കാമഴപ്പാട്ടു നീ പാടുമെങ്കില്‍ ..!

Wednesday, 1 June 2011

കിണര്‍ക്കാവല്‍

കിണര്‍ 
വട്ടമൊത്ത നീണ്ട തായ്ത്തടി 
അടിത്തട്ടോളം  വേര് പടര്‍ത്തി,
ആര്‍ദ്രത വലിച്ചൂറ്റുന്ന 
കണ്‍ ചിമ്മാത്ത ജലസാക്ഷി 
നീരാവിച്ചിറകിനാല്‍ 
ആകാശമളന്ന് ,
സൂര്യനെ കൈയെത്തിപ്പിടിച്ച്,
മണ്‍നെഞ്ചിലിടര്‍ന്നിറങ്ങുന്ന 
സൌമ്യമായൊരു ജലച്ചുഴലി

ഞാന്‍ ചിരിച്ച ചിരികള്‍ 
മുഴുവന്‍ തിരിച്ചെനിക്ക്‌.
(ഒപ്പമെന്റെ തേങ്ങലും )
മുത്തശ്ശിക്കഥ പറഞ്ഞ്
തണുത്ത വിരലാല്‍ താരാട്ട് .
രാത്രികളില്‍ ചന്ദ്രനെ -
ക്കാണിച്ചോരാമ്പല്‍ച്ചിരി.

പൂപടര്‍ച്ചില്ലയില്‍ കിളി വന്നതും 
പൂവിതള്‍ നൃത്തം വെച്ചടര്‍ന്നതും 
കണ്ടതു ഞങ്ങളൊന്നിച്ച്.
കുയിലിന്റെ മറുവിളി 
രാപ്പാടിപ്പാട്ട് 
കേട്ടതും ഞങ്ങളൊന്നിച്ച്.

ഇനി 
ചുടു കാറ്റു വീശുന്ന വേനല്‍ 
അതിന്റെ കുരുത്തക്കേടില്‍
നിന്റെ ഉറവു വറ്റും
വരള്‍ച്ച നിന്നെ മുക്കിക്കളയും
വരണ്ട താഴ്വാരങ്ങള്‍ക്കു നേരെ 
കുതിച്ചോടുന്ന കൊറ്റനാടുകളുടെ കൊമ്പില്‍ 
മരണം നിനക്ക് ദൃശ്യമാകും 

എന്നാല്‍ 
ഞാന്‍ നിന്റെ വറ്റിയ 
ഉറവിനു കാവലിരിക്കും.
വിദൂരദേശങ്ങള്‍ താണ്ടി 
ദാഹിച്ചു വലഞ്ഞെത്തുന്നവരോട്
എനിക്കു മറുകുറി പറഞ്ഞല്ലേ പറ്റു 

പിന്നീട് 
കിഴക്കന്‍ ചക്രവാളത്തില്‍ അവര്‍
മറഞ്ഞു കഴിയുമ്പോള്‍ 
സ്വപ്‌നങ്ങള്‍
മേഘപ്പുരകളിലുറങ്ങിക്കഴിയുമ്പോള്‍
എന്റെ ഒറ്റത്തുള്ളിക്കണ്ണീര്‍ കൊണ്ട് 
നിന്നില്‍ അലകളുണരും..
അലകലുയരും ...
താഴ്വരയാകെ ഒഴുകിപ്പരക്കും...!