ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday 31 July 2011

പുഷ്പചക്രവില്‍പ്പനക്കാരി


നിറമില്ലാ സ്വപ്നങ്ങളുടെ പാട്ട് 
ചിറകില്ലാക്കിളികള്‍ 
ഏറ്റു പാടുന്നൊരു മഴസന്ധ്യയില്‍ 
തനിക്കായൊരു പുഷ്പചക്രം 
മെനഞ്ഞുണ്ടാക്കുകയാണ് പെണ്‍കുട്ടി
ദ്രുതം-
പാടുക, തേങ്ങുക, പാടുക 
എന്നിങ്ങനെ.
സംഗീതരഹിതമായ തെരുവുകളിലെ 
പുഷ്പചക്രവില്‍പ്പനക്കാരി.

വഴിയരികിലെ അലരിമരങ്ങളില്‍ നിന്നു 
പൂക്കള്‍ ശേഖരിച്ചു 
കറുത്ത വെല്‍വറ്റും,  മരണവും  ചേര്‍ത്ത്
മെനഞ്ഞുണ്ടാക്കുന്ന
പുഷ്പച്ചക്രങ്ങള്‍

ഒറ്റ രാവില്‍ പൂമരമാകുന്ന 
വിത്തുകള്‍ തരാമെന്നു 
വാഗ്ദാനം ചെയ്ത്‌
നിന്നെ കയറ്റിയിരുത്തിയ രഥം 
അവര്‍  
എനിക്കു മുന്നിലൂടെയാണ്‌ 
വലിച്ചു കൊണ്ടുപോയത്.

നിറ നിലാവില്‍ മുങ്ങി,
നക്ഷത്രമാവാന്‍ കൊതിച്ച ഒരില 
കൊഴിഞ്ഞു വീഴുന്ന ഞൊടിയില്‍
നിന്റെ മോഹങ്ങളുടെ കലവറകള്‍
കവര്‍ന്നെടുക്കപ്പെട്ടു.
പിന്നെയും നിലവറക്കുണ്ടില്‍ തിരഞ്ഞ്
വലിയൊരു പരാജയം 
 നീ കണ്ടെടുത്തു.



വിത്തു മുളക്കുന്നത്‌ 
ഒറ്റ രാത്രി കൊണ്ടല്ലെന്നും 
പൂമൊട്ടുകള്‍ വിടരാന്‍ 
ഒരു ഞൊടി പോരെന്നും 
നീയോര്‍ത്തില്ല .
നിന്റെ തകര്‍ന്ന തോട്ടങ്ങളില്‍ 
ശൂന്യതയുടെ ചിലന്തികള്‍ 
വല നെയ്യാന്‍ തുടങ്ങിയപ്പോഴാണീ
തിരിച്ചു വരവ്.

അകലെയകലെ 
വെളിച്ചം,
കാലത്തിന്റെ കുരുക്ക്.
നിലവിളികളുടെ ബാക്കി -
നിന്റെ നെടുവീര്‍പ്പ്.
 
വിളറിയ മഴ 
തിരമാലകളിലേക്ക് ചായുന്നതും 
നോക്കിക്കൊണ്ട്‌ 
തനിക്കായൊരു പുഷ്പചക്രം 
മെനയുകയാണവള്‍...
ദ്രുതം-
പാടുക, തേങ്ങുക, പാടുക..
എന്നിങ്ങനെ..!

Monday 11 July 2011

പ്രണയം മറന്ന വഴി.

എന്റെ പ്രണയം 
കൊഴിഞ്ഞുവീണുപോയ വഴിയിലൂടെ 
ചാറ്റല്‍ മഴ നനഞ്ഞ് 
വെറുതെയൊന്നു നടക്കാനിറങ്ങി.
ഇലഞ്ഞിമരക്കാടിനുള്ളിലേക്ക് 
നീണ്ടു പോകുന്ന ഈ  വഴിയില്‍ വെച്ചാണ് 
ഒരു സന്ധ്യയില്‍ 
ഞാനെന്നെ മറന്നു വെച്ചത്.

വിസ്മൃതിയില്‍ നഷ്ടമായ 
സമയഗോപുരത്തിന്റെ 
മണിമുഴക്കം കേള്‍ക്കാനുണ്ടകലെ.
ഇഴപൊട്ടിയ പ്രണയനൂലുകള്‍
മഴക്കൊപ്പം ഊര്‍ന്നുവീഴുന്നു..

നിന്റെ പേര് പാടിക്കൊണ്ട് 
ഞാന്‍ നടക്കാറുണ്ടായിരുന്ന കാട്ടുവഴി.
എന്റെ നെടുവീര്‍പ്പുകളാല്‍ 
ഇലഞ്ഞിമരങ്ങള്‍ക്കറിയാമെന്നെ.
വസന്തം വരുന്ന കാര്യം 
മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞ്
ഒരു മരം എന്നോട് പറഞ്ഞു.

'നിന്റെ നെടുവീര്‍പ്പുകളില്‍ 
വേരുറപ്പിച്ച് നീയെന്തിനു 
വസന്തം കാത്തിവിടെ നില്‍ക്കണം' .?
-ഇലഞ്ഞിപ്പൂമണം വഹിക്കാന്‍ 
തയ്യാറെടുത്തൊരു കാറ്റ് 
എന്റെ ശ്രുതിശൂന്യമായ ഗാനത്തെ 
പറത്തിക്കളഞ്ഞു വിസ്മയപ്പെട്ടു.

നിന്റെ പേരുറക്കെ പാടിക്കൊണ്ട് 
ഞാനുല്ലസിക്കാറുണ്ടായിരുന്ന കാട്ടുവഴി,
ഇലഞ്ഞിപ്പൂക്കളാല്‍ മേല്‍വിരിപ്പു  തുന്നാന്‍ 
തയ്യാറെടുത്തു നീണ്ടു കിടന്നു.

എന്റെ കാല്‍പ്പാട് പതിഞ്ഞതും 
നിന്റെ ഓര്‍മ്മയാല്‍  
മരചില്ലകള്‍ക്കിടയില്‍ നിന്നൊരു 
നീലശലഭം പറന്നുയര്‍ന്നു..
ഇനിയീ വഴി മുഴുവന്‍ 
നീലശലഭങ്ങള്‍ 
എന്നെയും കൊണ്ടു പറക്കും.
മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍....
ഇലഞ്ഞി മരക്കൂട്ടങ്ങള്‍ക്കിടയില്‍....
ഇനി നീ വരാത്ത വഴിയില്‍....
ഞാന്‍ കണ്‍ തുറക്കാതെ നടക്കും........

Saturday 9 July 2011

അമ്മവാക്ക്

കര്‍ക്കിടക്കാറു പെയ്യും നിന്‍
മുഖം തെല്ലൊന്നുയര്‍ത്തുക
നിന്റെ കണ്ണുകളില്‍, പുത്രീ
പെയ്തൊഴിയാതെയീ മഴ

കുറെയേറെ കടന്നു നാം
മുള്‍ വിരിപ്പിട്ട പാതകള്‍
ഇനി ബാക്കി കിടക്കുന്ന-
തെത്രയുണ്ടെന്നറിഞ്ഞുവോ ?

വൃഥാ ജീവിച്ചു തീര്‍ക്കുവാന്‍
മാത്രമല്ലയീ ജീവിതം
ഇനിയും താണ്ടുവാന്‍ ദൂരം
ഏറെയില്ലേയവിശ്രമം

അകലെ പുല്‍ക്കൊടിത്തുമ്പില്‍
തൂങ്ങി നില്‍ക്കുന്ന തൃഷ്ണയെ
നെഞ്ചിലേറ്റേണ്ടതുണ്ടു  നീ
സന്ധ്യ   മായ് വതിന്‍ മുന്നവേ

യാത്ര ചൊല്ലാതെ നിശ്ശബ്ദം
നീ നടക്ക, യെന്‍ മുന്നിലായ്
എന്റെ ഗായത്രി തീരും മു-
മ്പിന്നീ സന്ധ്യ മായ്കിലും

 എന്റെ കൈക്കുമ്പിളില്‍ പുത്രീ
ചേര്‍ത്തുവെയ്ക്കും നിന്‍ ജീവനെ.
മനസ്സിലെണ്ണ വറ്റാതെ
കാത്തു വെയ്ക്കുമീ  ദീപവും.