ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Monday, 2 January 2012

അനന്തരാവകാശം.
കവിത എനിക്ക് 
ആധി
അനന്തരാവകാശമായി നല്‍കി.

മനസ്സിലെ വ്രണം
എന്നെ കൊല്ലാതിരുന്നെങ്കിലെന്ന് 
എത്ര മേല്‍ ഞാന്‍ ആശിച്ചു .
എന്റെ പ്രാര്‍ത്ഥനക്ക് 
പന്തല്‍ കെട്ടാന്‍ 
ഒരാകാശം മതിയായില്ല.

രാവു കടന്നു പോകുന്നു,
തിരകളിലൊഴുകുന്ന കടല്‍പ്പറവകള്‍ .
അവയുടെ കണ്ണിണകള്‍ക്കിടയില്‍ 
തിരയ്ക്കെതിരെ ഒരു തീര്‍പ്പുണ്ട്.

മൌനത്തിന്റെ മറയെ 
കടലിലൊഴുക്കാന്‍ തിരമാലകള്‍ക്കായില്ല;
തീര്‍ച്ചയുടെ നൂലുകളിലൊന്നില്‍ 
ഞാന്‍ മുറുകെ പിടിച്ചുമില്ല.

ഹേ,ദേശമേ 
എന്നെ കാത്തിരുന്നാലും .
എന്റെ ആധികളുമായി 
ഞാനിതാ ഓടിയെത്തുകയായി.