ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Wednesday, 30 May 2012

വിദൂര മധുരസ്മൃതികള്‍ - പഴയ കവിത, പഴയ ഓര്‍മ്മകള്‍


നീരവഗ്രാമ വീഥിയെന്നുള്ളത്തില്‍
ആരവമോടുയര്‍ന്നു വരികയായ്‌
ഭൂതകാല മധുരസ്മരണകള്‍ -
ക്കാലവട്ടം പിടിച്ചതിന്നൊപ്പമായ്‌ .

അല്ലലില്‍ മുങ്ങിപ്പൊങ്ങുമാ ജീവിത-
ത്തോണിയച്ഛന്‍ കരക്കടുപ്പിക്കവേ
ചെന്നു ഞാനെന്‍ ചിരിമണികള്‍ തൂകി
യെത്ര സാമോദം തോണിയടുത്തുപോയ്‌ .

പൂക്കള്‍ തിങ്ങി നിറഞ്ഞൊരാ കൊന്ന തന്‍
ചോടെ പാടത്തും തോട്ടിന്‍വരമ്പിലും
നൂറുനൂറു കളികള്‍ നിറഞ്ഞെന്റെ
ബാല്യമാലോലമാടിയകന്നു പോയ്‌ .

കാട്ടിലഞ്ഞികള്‍ പൂത്ത നടവഴി
താണ്ടി വന്നൂ കുളിര്‍മ്മയില്‍ കൌമാരം
നറുനിലാച്ചിരിപ്പൂക്കള്‍ വിതറിക്കൊ-
ണ്ടെന്‍ മനം പാറി പൊന്നോണത്തുമ്പിപോല്‍ .

ചുരമണഞ്ഞെത്തും കാറ്റില്‍ തുരുതുരെ
പൊഴിയും ഞാവല്‍പ്പഴങ്ങള്‍ പെറുക്കി നാം
മെല്ലവേ തിന്നു നാവു ചുവപ്പിച്ചു
തമ്മില്‍ നോക്കി രസിച്ചതോര്‍ക്കുന്നുവോ ?

പിന്നെ, തേക്കിലച്ചാറില്‍ ചുവപ്പിച്ചോ-
രെന്‍ വിരല്‍ത്തുമ്പിലൂര്‍ന്ന മഞ്ചാടികള്‍
വാരി മേലെ വിതറി നീ,യന്നെന്റെ
കവിളു മഞ്ചാടി പോലെ തുടുപ്പിച്ചു ..!

നെയ്തലാമ്പല്‍പ്പൂ കണ്ണാടി നോക്കുന്ന
പൊയ്ക തന്നിലിറങ്ങിയലസമായ്‌
കാല്‍വിരല്‍ത്തുമ്പിലിക്കിളി കൂട്ടുന്ന
കുഞ്ഞു മീനിനെ നോക്കിയിരുന്നതും..

കുന്നിക്കുരുമണി മാല കെട്ടി തമ്മില്‍ -
ത്തമ്മില്‍ ചാര്‍ത്തുന്ന നേരം വിചാരങ്ങള്‍
വാക്കെത്താതെ വിഹായസ്സിനപ്പുറം
വീണ മീട്ടുന്നതിന്നുമോര്‍ക്കുന്നു ഞാന്‍.

ഇന്നീ വരണ്ട മാര്‍ബിള്‍ നിലങ്ങളില്‍
കാലവീചികള്‍ മാഞ്ഞു പോം ഭൂമിയില്‍
മധുരമോര്‍മ്മകള്‍ പിന്നെയും നിറയവേ
നുള്ളിക്കളയുവാനാവാത്ത വേദന.....!

യാത്ര ചൊല്ലാതെ മാഞ്ഞു പോം കാലമേ,
നോവും വിദൂരസ്മൃതി തന്‍ വെളിച്ചമേ,
ആകുമോ തിരിച്ചേകാനിലക്കുമ്പിള്‍
നിറയെ മധുരമാം ഭൂതകാലക്കുളിര്‍ .