ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday, 28 December 2014

നീ ,നീയെന്നൊഴുകുന്ന ഞാന്‍.


കടലില്‍ നിന്നോരോരോ ദാഹങ്ങള്‍
തിരയെന്ന് ,കരയിലിലേക്കുഴറുന്നു
എന്റെയുള്ളിലെ ഞാനൊക്കെയും
നീ ,നീയെന്ന് നിന്നിലേക്കൊഴുകുന്നു.
വരൂ, ഏകാന്തതയുടെ ജലപാളികളില്‍
പ്രണയം പൂക്കുന്നതെങ്ങനെയെന്നു കാണൂ.
നിന്റെ പ്രണയവാക്കുകളെന്നില്‍
രക്തം പൊടിയും മുറിവുണ്ടാക്കുന്ന
കൊത്തുവേലകള്‍ .
അനന്തമായ്‌ അവ മായാതെയിരിക്കും.
വരൂ, എന്റെ പ്രണയമേ വരൂ..
എന്നിലുറങ്ങുന്ന ചിത്രപ്പണികളെ ഉണര്‍ത്തൂ
ലഹരിയൂറുന്ന പ്രണയവേദനയാല്‍
ഞാനവയെ തലോടിക്കൊണ്ടിരിക്കട്ടെ .
നിന്റെ ദിശയിലേക്ക്
ഞാന്‍ എകാഗ്രചിത്തയാകുന്നു.
യാനപാത്രം പുറപ്പെട്ടുകഴിഞ്ഞു
പ്രണയത്തിന്റെ
കാറ്റുപായ വിടര്‍ന്നതു കാണുന്നില്ലേ .?
വരൂ.
നമുക്കീ ലോകത്തെ
പ്രണയത്തിന്റെ ഭിത്തിയില്‍
തൂക്കിയിടാം.
ശേഷം എനിക്ക്
നിന്റെ ഹൃദയത്തില്‍ വന്ന്
ഉണരാതെ ഉറങ്ങണം.
അല്ലെങ്കില്‍
ഒരു മുറിവായി
പ്രണയത്തിന്റെ വേദനയില്‍
അല്‍പ്പനേരം ജീവിക്കുകയെങ്കിലും.

Sunday, 24 August 2014

ഹൈക്കു- എനിക്ക്

ഹൈക്കു – പ്രകൃതിയില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെ , അനുഭവങ്ങളെ -ചെറിയ ചെറിയ വാക്കുകള്‍കൊണ്ട് പ്രതിനിധാനം ചെയ്യുന്ന കുഞ്ഞു കവിതകള്‍. യഥാര്‍ത്ഥത്തില്‍ ഇവ കവിതകളല്ല ; പ്രപഞ്ച രഹസ്യങ്ങളുടെ മിന്നല്‍പ്പിണറുകളാണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത് . 
വിചാരങ്ങളല്ല ,അനുഭവങ്ങളാണ് – സൂക്ഷ്മജ്ഞാനത്തേക്കാള്‍ അനുഭവവും അവബോധവുമാണ് ഹൈക്കുവിന്റെ അടിസ്ഥാനം എന്നെനിക്കു തോന്നുന്നു. സെന്നിന്റെ അടിസ്ഥാനതത്വവും അതാണല്ലോ.

ഹൈക്കു ഒരു ശ്ലോകമല്ല , സാഹിത്യഭംഗി നിറഞ്ഞതുമല്ല.
എനിക്കു തോന്നുന്നു, ..അത് നമ്മളെ കൈ കൊട്ടി വിളിക്കുന്ന ഒരു കൈയ്യാണ് . പാതി തുറന്നു വെച്ചിരിക്കുന്ന ഒരു വാതില്‍. തുടച്ചു നിര്‍മ്മലമാക്കി വെച്ചിരിക്കുന്ന ഒരു കണ്ണാടി. പ്രകൃതിയിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുന്ന സാഹിതീരൂപം .


പ്രകൃതി എന്നത് പുറത്തുള്ള ഒന്നല്ല എന്നും, പ്രകൃതിയാണ് നാമെന്നുമുള്ള വെളിപാടിന്റെ വെളിച്ചം ഹൈക്കുവില്‍ നിന്നാണ് എനിക്കു ലഭിച്ചത് . ഈ വെളിച്ചമുപയോഗിച്ച് ചുറ്റുമുള്ള ഇരുട്ടിനെ വായിക്കാന്‍ ശീലിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ തെളിഞ്ഞു വരും. അതുതന്നെയല്ലേ ഹൈക്കു..?


ഒഴുകുന്ന നദികളും തോടുകളും , പൂത്തും പൂക്കാതെയും നില്ക്കുന്ന ചെടികളും മരങ്ങളും , കിളികളും , വയലുകളും, പൂക്കളും , മരംകൊത്തിയും പുല്‍ച്ചാടിയും ചന്ദ്രനും, നക്ഷത്രങ്ങളും സൂര്യനും , , വെയിലും നിലാവും മഴയുമെല്ലാം ..., കണ്ണും മനസ്സും തുറന്നുവെച്ച് കാണുന്ന ഒരു ധ്യാനമാണിപ്പോള്‍ എനിക്ക് ഹൈക്കു.


എന്നെ എന്നിലേക്കെന്ന പോലെ , പ്രകൃതിയിലേക്കും തിരിയാന്‍ ശീലിപ്പിക്കുന്നുണ്ട് അത്.
അനുഭൂതി സമ്പന്നമായ ആഴങ്ങളെ ധ്യാനിക്കാനുള്ള പാഠങ്ങളാകുന്നു ഹൈക്കു എനിക്ക്.


ചില ശ്രമങ്ങള്‍.
------------------------------
മഴനനയും പുല്‍ച്ചാടി
വയലിന്‍ കരയില്‍ .
എന്തൊരു നിശ്ചലത.
---------
കാടു ചുറ്റിവന്നൊരു തത്ത.
തൂവല്‍ പൊഴിച്ചതോ
വരാന്തയിലെ കൂട്ടില്‍
----------
പുഴയരികിലെ പാറ.
കൊറ്റികള്‍ പറന്നുപോയപ്പോള്‍
ചൂണ്ടയില്‍ മീന്‍ കൊത്തി
--------------
നക്ഷത്രം പാറിവീണൊരു
വേപ്പിന്‍ മരച്ചില്ലയില്‍ .
നല്ലത്, ഉണര്‍ന്നില്ല രാപ്പാടി.
----------
വര്‍ണ്ണശബളമീ ശലഭം
ചാര നിറമാര്‍ന്നിരിക്കുന്നീ
പന്നല്‍ച്ചെടി നിഴലില്‍ .

*********************************

Thursday, 14 August 2014

പിന്‍വരാന്തയിലെ പിറുപിറുപ്പുകള്‍

@ ഒന്നാം പിറുപിറുപ്പ് 
---------------------------
നാറുന്നല്ലോ നിന്നെ 
നേരു വിയര്‍ക്കുന്ന 
ചൂര്.
എന്നോളമാഴത്തില്‍ 
നീ കുഴിച്ചിട്ട നുണ 
തോണ്ടിയെടുത്തപ്പോഴാവാം .

നേരു വിയര്‍ക്കുന്നൂ നീ
നേരു ചുവയ്ക്കുന്നൂ ..
നേരു കറയ്ക്കുന്നൂ ...

നേരു മണക്കുന്നൂ...
നാറുന്നല്ലോ നിന്നെ
നേരു വിയര്‍ക്കുന്ന
ചൂര്....!

**********************

@ രണ്ടാം പിറുപിറുപ്പ് 
-----------------------
എല്ലാം സംഭവിച്ചത്‌ ഈ നിമിഷം മുതലാണ്‌ .
നിറയെ പൂത്ത വേപ്പിന്‍ചില്ലകള്‍ക്കു മുകളില്‍ 
കാര്‍നിറഞ്ഞ ആകാശമേ, എനിക്കു കാണാനായുള്ളൂ.
എന്റെയാകാശം മാത്രം കറുത്തുപോയെന്നാണ് 
ഞാന്‍ കരുതിയത്‌.
തെരുവിലൂടെ 
തലകുനിച്ചു കടന്നുപോകുന്ന ഒരുവളെ 
വെറുതെ നോക്കിനില്‍ക്കുക മാത്രം ചെയ്തു.
പച്ചമരത്തിന്റെ ഗന്ധം ,അവളെ 
ഒരുവന്റെ കാല്ക്കലേക്കു മുട്ടുകുത്തിവീണ നിമിഷങ്ങളെ 
ഓര്‍മ്മിപ്പിച്ചിട്ടുണ്ടാവും.
ശീതകാലത്തെ കാറ്റും ,മഞ്ഞുനിറഞ്ഞ ഇലകളും പിന്നിലാക്കി
ഒരു രോദനമിതിലേ കടന്നുപോയിട്ടുണ്ട് ;
ഇരുള്‍നേരങ്ങളില്‍ തിരിച്ചു വരാനായിട്ടായിരിക്കും .
അതിനെ വിശദീകരിക്കാന്‍
എന്നോടാവശ്യപ്പെടരുത്.

************************

@ മൂന്നാം പിറുപിറുപ്പ് 
-----------------------------
പറയണമെന്നോര്‍ത്തത് 
നിന്നോടായിരുന്നില്ല.
പക്ഷേ, കേട്ടതു മുഴുവന്‍ നീയായിരുന്നു.
പറയാതെ വെച്ചതെല്ലാം നീ കേട്ടു .
എന്നിട്ടും ..
കേള്‍ക്കാത്തതിനെയും പറയാത്തതിനെയും 
പഴി പറഞ്ഞ്,
പിണങ്ങിക്കുതിച്ചു നീ പോകുന്നത് 
തിരിഞ്ഞുനോക്കാതെ 
ഞാനിരുന്നു കാണുന്നുണ്ട്.

****************

@ നാലാം പിറുപിറുപ്പ് 
----------------------
ഒരു തുണ്ടു നിലാവ്
പ്രണയനോവും പേറി
താഴെ പുഴയില്‍ ചാടിമരിച്ചു...!


വിരഹവേനലിന്നറുതിയില്‍
ഉടല്‍മുറിഞ്ഞ പുഴ
പകുതിയില്‍പ്പതറിയൊഴുകി,യൊടുക്ക
നിലാവിന്റെ നീലച്ചയുടലുമായ്
അടുക്കുതെറ്റിയ പ്രണയവാക്യങ്ങളുടെ
പഴകിയ കല്‍പ്പടവിലിരുന്നു
തേങ്ങുന്നു..!

**********************

@ അഞ്ചാം പിറുപിറുപ്പ്
-------------------
 ആയ്..എന്തു കൃത്യം..
ഒറ്റ വരയലിനു തന്നെ നീയത് തുണ്ടം തുണ്ടമാക്കിയല്ലോ..!
ആയ്...!
--
ദാ,എന്തോ ചുവന്നു ചുവന്നൊഴുകുന്നു ..
--
ഓ.., കാര്യാക്കണ്ട 
അത് വാര്‍ന്നുവാര്‍ന്നൊഴുകുന്ന നീ ,യെന്ന എന്തോ ആണ്.
--
ദേ,നിലത്തെന്തോ കിടന്നു പിടക്കുന്നുമുണ്ട് .
--
ഏയ്‌ ..സാരമില്ല..
അതെന്റെ പ്രാണനോ മറ്റോ ആണ്.
നടന്നോളൂ...തിരിഞ്ഞു നോക്കണ്ട

*****************

@ അവസാനത്തേതും ആറാമത്തേതും.
-------------------------
ഉണർന്നാലോർമ്മിക്കാത്ത കിനാവുകൾ 
കണ്ടുറങ്ങാൻ പോകുന്ന 
ഈ രാത്രിയുടെ അവസാനതുള്ളി 
ഞാനിറ്റു വീഴ്ത്തുക,
ഉറങ്ങാതെയുറങ്ങുന്ന
നിന്റെ കണ്ണുകളിലെ വിചാരങ്ങളിലേക്കായിരിക്കും.
ശേഷം...,
വിതുമ്പുന്ന മൗനങ്ങളുടെ താഴ്‌വാരത്തിലേക്ക്‌ 
നിദ്രയിലെന്നപോലെ
ഞാനിറങ്ങിപ്പോകും..!
**********************

Tuesday, 11 December 2012

മാന്ത്രികമരുഭൂമി - വഹൈബ.


ഹേ, മണല്‍മലകളേ..
നിങ്ങള്‍, ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു 
നിമിത്തമായിട്ടില്ല
ഓ റൂബ്ഉല്‍ഖാലീ....
നിന്റെ കവാടങ്ങള്‍ തുറന്നാലും....

പണ്ടെങ്ങോ വായിച്ചു മറന്ന ഒരു അറബ്കവിതയില്‍ നിന്നാണ്  ഒമാനിലെ റൂബ്ഉല്‍ഖാലി എന്ന ഭീകരസുന്ദരമായ മരുഭൂമിയെ പരിചയപ്പെടുന്നത്.മരുഭൂമിയില്‍ ആകപ്പാടെ ഒരു മായികമായ അന്തരീക്ഷമായിരിക്കും എന്ന് അന്നേ ഉറപ്പിച്ചതാണ്.അന്നുതൊട്ടെയുള്ള കൊതിയാണ് ഒരു മരുഭൂമിയാത്ര. ഒമാനില്‍ ആകെയുള്ള മൂന്നു മരുഭൂമികളില്‍ ഏറ്റവും വലുതാണ്‌  റൂബ്ഉല്‍ഖാലി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുഭൂമി.പക്ഷെ എനിക്ക് പോകാന്‍ കഴിഞ്ഞത് ഒമാനിലെ മറ്റൊരു മരുഭൂമിയായ.വാഹിബയിലാണ്.പ്രാചീന അറബ് ഗോത്രക്കാരായ വാഹിബ ഗോത്രക്കാര്‍ വസിച്ചിരുന്ന ഇടം.ഗോത്രസ്മൃതികള്‍ ചുമന്നു കൊണ്ട് ഇപ്പോഴും ഒട്ടകങ്ങളെയും ആടുകളെയും മേയ്ച്ച് ബദുക്കള്‍ പാര്‍ക്കുന്ന മണല്‍ ഭൂമി.
വാഹിബ സാണ്ട്സ് ...!


നിഴലും മരീചികയും
വിശാല മരുഭൂമിയുടെ മേല്‍ക്കൂരയില്‍ തല ചായ്ക്കുന്ന ഇടയന്മാര്‍ ...
പ്രഭാതത്തില്‍ ഒഴിഞ്ഞു പോകുന്ന മരുഭൂമിയിലെ താവളങ്ങള്‍ ..
ഒട്ടകക്കൂട്ടങ്ങള്‍ .......
ഇവയെല്ലാം അടുത്തറിയാനുള്ള ആര്‍ത്തിയില്‍ ഗാഫ് വൃക്ഷങ്ങള്‍ അതിരിടുന്ന വാഹിബ സാണ്ട്സിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു., ഏറ്റവും പ്രിയപ്പെട്ടവരോടോത്ത്.
പ്രിയമുള്ള ഗസലുകളും കേട്ടുകൊണ്ട് ഇബ്ര വരെയുള്ള രണ്ടുമണിക്കൂര്‍ യാത്ര.പിന്നീട് ഞങ്ങളെ ഏറ്റെടുത്തത് വാഹിബ മരുഭൂമിയുടെ വളര്‍ത്തു പുത്രന്‍,ഒമാനിയായ  തലാല്‍.,. മണല്ക്കുന്നുകള്‍ക്കിടയില്‍ കളിച്ചു വളര്‍ന്നവന്‍.,.
തലാലിന്റെ വണ്ടിയില്‍,  തനിമയുള്ള അറബ് സംഗീതം കേട്ടുകൊണ്ട് വീണ്ടും അര മണിക്കൂര്‍ യാത്ര.ഒപ്പം തലാലിന്റെ മരുഭൂ വിശേഷങ്ങളും.

മദ്ധ്യാഹ്നം , ഗാഫ് വൃക്ഷത്തിനടിയിലേക്ക് ഒരൊട്ടകത്തെ പായിച്ചു..!


ഉണ്മയുടെ മരീചികയില്‍ നിന്നുയരുന്ന ഈ കെട്ടിടങ്ങള്‍ എന്തെല്ലാം രഹസ്യങ്ങളാണാവോ മൂടി വെച്ചിരിക്കുന്നത് ?

ഇപ്പോള്‍..,  അകലെ ഞങ്ങള്‍ക്ക് സമാന്തരമായി,ഓറഞ്ചു നിറത്തില്‍, മരുഭൂമി അതിന്റെ തിളക്കം കാട്ടി ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ഗാഫ് വൃക്ഷങ്ങള്‍ ഒട്ടകങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ട്  ഏകാന്തമായി നിന്നു..!
പെട്ടെന്നാണ് ഒരു വളവു തിരിഞ്ഞതും ,കുത്തിയൊഴുകുന്ന ഓറഞ്ചുനിറത്തിന്റെ അനന്തതയിലേക്ക് ഞങ്ങള്‍ എടുത്തെറിയപ്പെട്ടതും.
കണ്മുന്നില്‍ നിറയെ മണല്‍ക്കൂനകള്‍ .., നിഴലുകള്‍ ..മരീചികകള്‍...,..
പ്രാചീന ഗോത്രയുദ്ധങ്ങളുടെ ആരവം മലകളിറങ്ങി വരുന്നതു  പോലെ...
ഭൂമിയുടെ തലകറക്കം ..
ആകാശത്തിന്റെ ലഹരി........മരുഭൂമി...!
ഹൃദയം, മരുഭൂമിയെ അറിയാന്‍ ആവേശത്തില്‍ തുടിച്ചു കൊണ്ടിരുന്നു. 

കിഴക്കന്‍ ചക്രവാളത്തില്‍ നിന്നു മണല്‍ ക്കൂനകളിറങ്ങി വരുന്നു.

മരുഭൂമിയാത്രയുടെ പ്രാരംഭമായി തലാല്‍ ടയറുകളുടെ മര്‍ദ്ദം  കുറച്ചു. പിന്നെ കുറച്ചു നേരം മണല്‍ക്കുന്നുകളിലൂടെ ത്രസിപ്പിക്കുന്ന യാത്ര.എല്ലാവരും ആവേശത്തിലാണ്.
പക്ഷെ എനിക്കതല്ല വേണ്ടിയിരുന്നത്.മരുഭൂമിയെ എനിക്ക് തൊട്ടറിയണം..,ആഴ്ന്നാഴ്ന്നു പോകുന്ന കാലുകള്‍ വലിച്ചെടുത്ത് മരുഭൂമിയിലൂടെ നടക്കണം.മണല്‍ക്കുന്നുകള്‍ക്കു മുകളില്‍ കയറി കുട്ടികളോടൊപ്പം താഴേക്ക് ഇഴുകിയിറങ്ങണം ..,പിന്നെ പ്രിയമുള്ളവര്‍ക്കൊപ്പം മരുഭൂമിയിലെ സൂര്യന്‍ അനന്തതയിലേക്കു താഴ്ന്നു പോകുന്നത് കാണണം...!തലാല്‍ വണ്ടി നിറുത്തി.ഞാനും കുട്ടികളും ചാടിയിറങ്ങി.മറ്റുള്ളവര്‍ ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ ഒരു മണല്‍ക്കുന്നു പകുതിയും കയറിക്കഴിഞ്ഞിരുന്നു.എന്തൊരാവേശമാണ് ഈ മരുഭൂമി എന്നില്‍ നിറയ്ക്കുന്നത്...!
അകലെയകലെ ഒട്ടകക്കൂട്ടങ്ങള്‍ ....,
നിതാന്തമായ പ്രവാഹത്തിലേക്ക് കണ്ണുനട്ടുകൊണ്ട് കുന്നുകള്‍ക്കു നേരെ പാട്ടുപാടി ഇറങ്ങി വരുന്ന ഇടയന്മാര്‍...,....,
ചിനച്ചോടുന്ന ആടുകള്‍..,..
അകലെ ഒട്ടകങ്ങളെയും.,ആടുകളെയും പാര്‍പ്പിക്കുന്ന മസറകള്‍ കാണാനുണ്ട്.ഇറങ്ങി വരുന്നവരുടെ കൂട്ടത്തില്‍ 'നജീബ്' (ആടുജീവിതം ) ഉണ്ടോഎന്നു ഇടം കണ്ണിട്ടു നോക്കി. 
ചന്ദുവും ,ദേവുവും മണലില്‍ ഉരുണ്ടു മറിഞ്ഞു കളിയാണ്.ഞാനും കുറച്ചു നേരം അവരോടൊപ്പം കൂടി.അപ്പോഴേക്കും സൂര്യന്‍ താഴ്ന്നു  തുടങ്ങിയിരുന്നു.രണ്ടു മണല്‍ക്കൂനകള്‍ ഞങ്ങള്‍ കയറി. അപ്പുറത്തുള്ള വലിയ കുന്നാണ് ഞങ്ങളുടെ ലക്‌ഷ്യം.ആഴ്ന്നു പോകുന്ന കാലുകള്‍ വലിച്ചെടുത്ത് മണല്‍ക്കുന്നു കയറല്‍ രസകരമാണെങ്കിലും വലിയ ആയാസമുള്ള പണിയാണ്. പക്ഷെ പ്രിയമുള്ളവര്‍ തമാശകളും പറഞ്ഞു കൂടെയുള്ളതു കാരണം ആയാസം അറിഞ്ഞെയില്ല.ഞങ്ങള്‍ ഏറ്റവും വലിയ കുന്നിനു മുകളില്‍ ഇരിപ്പുറപ്പിച്ചു. 


മണല്‍ക്കൂനകളിലൊരു  
മരുഭൂവൃക്ഷം 
സൂര്യനെന്ന പോല്‍ ഏകാന്തം .
------എന്നൊരു  ഹൈക്കു ഉണ്ടാക്കിപ്പാടിക്കൊണ്ട്, ഞാന്‍, ഓറഞ്ചു നീരില്‍ വീണുപോയ സൂര്യനെയും നോക്കിയിരുന്നു.കാറ്റ് പതിയെ വീശുന്നുണ്ട്..എങ്ങും സ്വര്‍ണ്ണവര്‍ണ്ണം.പത്തര മാറ്റ് സ്വര്‍ണ്ണമുരുക്കി ചുമ്മാ ഒഴിച്ചു കളയുകയാണീ സൂര്യന്‍ ;മരുഭൂമിയില്‍.,..!
നമ്മളെ സ്നേഹിക്കുന്നവര്‍ക്കൊപ്പം ,നമ്മള്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം ഗോത്രസ്മൃതികള്‍ നിറഞ്ഞു നില്‍ക്കുന്ന മഹാമരുഭൂമിയിലിരുന്ന് അസ്തമയം കാണുക..! വല്ലാത്തൊരനുഭൂതിയാണത് .



കാറ്റിന്റെ വേഗം കൂടാന്‍ തുടങ്ങിയിരിക്കുന്നു..കുന്നുകളുടെ രൂപങ്ങള്‍ മാറ്റാനുള്ള കാറ്റിന്റെ ഗൂഡപദ്ധതിയുടെ തുടക്കമാണിതെന്ന് തലാല്‍ പറഞ്ഞു.കുറച്ചു സമയത്തിനകം ഈ മണല്‍ക്കുന്നുകളെല്ലാം  രൂപങ്ങളുടെ പകര്‍ന്നാട്ടം നടത്തുമത്രേ. വേഷപ്പകര്‍ച്ചയില്‍ ഉന്മാദം കൊണ്ട് കാറ്റിനൊപ്പം നൃത്തം വെയ്ക്കുമവ. അവസാനം നിതാന്തമായ പ്രവാഹം മാത്രം ബാക്കിയാവും.
മണല്‍ത്തരികള്‍ ദേഹത്തേക്ക് വീശിത്തെറിപ്പിച്ചുകൊണ്ട് കാറ്റ് മൂന്നാം കാലത്തില്‍ പാടാന്‍ തുടങ്ങി.ഇനിയിവിടെ നിന്നാല്‍ ശരിയാവില്ല. പെട്ടെന്ന് ഇരുട്ട് വീഴുമെന്ന് തലാല്‍ മുന്നറിയിപ്പു തന്നു.ഞങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി 
ഇനി ,
മണല്‍ക്കുന്നുകളിടിഞ്ഞു വീണ്
മരുഭൂമിയിലെ സൂര്യന്‍ 
ചാവും..
മരുഭൂമിയുടെ കവാടങ്ങള്‍ 
കാറ്റഴി ച്ചു കൊണ്ടുപോകും. 
അവസാനം...........അവസാനം...
കുത്തിയൊഴുകുന്ന അനന്തത മാത്രം 
ബാക്കിയാവും.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം എന്നിലെക്കെറിഞ്ഞു തന്ന് ഞങ്ങള്‍ക്കു പിന്നില്‍ മരുഭൂമി മറഞ്ഞു.





അപ്പോള്‍  --
കുന്നിറങ്ങി  വരുന്ന ഇടയന്മാര്‍ പാടുന്ന പാട്ട് എനിക്കു മാത്രം കേള്‍ക്കാമായിരുന്നു.-----
ഹേ..മണല്‍മലകളേ ..
ഞങ്ങളോടു കരുണ കാണിച്ചാലും 
നിന്റെ താഴ്വരകളാലും.,
ആലയങ്ങളാലും .

നീ ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു 
നിമിത്തമായിട്ടില്ല 
എങ്കിലും നിന്റെ 
ആര്‍ദ്രതയുടെ താക്കോലുകള്‍ 
വീണുപോയതെങ്ങ്.......?

സൂര്യനെന്ന പോല്‍ ഏകാന്തം
മണല്‍ മാഫിയക്കാര്‍ 



Saturday, 24 November 2012

ഹൈക്കു പോലെ ചിലത്.


രാമഴ 
-------------
ചിറകൊതുക്കി 
 മരക്കൊമ്പില്‍ ചേക്കേറി 
 രാമഴ.
#
തലയിലെഴുത്ത് 
----------------------
മുറ്റമടിക്കും കിഴവി 
തൂത്തിട്ടും വൃത്തിയാകാത്ത 
തലയിലെഴുത്ത്
#

വാക്ക്   
------------
മുനമ്പിലാരെയോ
കാത്തുനില്‍ക്കുന്നു 
വഴിമുട്ടിയ വാക്ക്
#

ആമ്പല്‍ 
--------------
വക്കിടിഞ്ഞ കുളക്കടവ്
എകയായ്‌ 
 ഒരാമ്പല്‍പ്പൂവ്.
#

മുറിവിന്റെ പാട്ട് 
-----------------
നീലിച്ചു പോയ 
ചുണ്ടുകളാലൊരു 
മുറിവു പാടുന്നു.
#

തേങ്ങല്‍ 
------------
തേങ്ങല്‍ത്തിരയില്‍പ്പെട്ടു 
തീരത്തടിയുന്നു
പാതിതേഞ്ഞ വാക്കുകള്‍ 
#

ഓര്‍മ്മ 
---------------
കണ്ണീര്‍പ്പുളിയിട്ടു 
തുടച്ചു മിനുങ്ങുങ്ങുന്നു 
ക്ലാവുപിടിച്ചൊരോര്‍മ്മക്കുടം

#

ശകാരം 

-----------------
നിന്റെ വാക്കിന്‍ 
വാള്‍ത്തുമ്പില്‍
എരിയുന്ന ഞാന്‍.
#

പിണക്കം 
-------------------
നിന്റെ മൌനമുരുകി വീണ്
പൊള്ളിയില്ലാതെയായ്‌ 
എന്റെ വാക്കുകള്‍

#

നിന്റെ മൌനം 
--------------------------
ശവകുടീരത്തിനു മുകളിലെ 
തുളസിച്ചെടി പോലെ 
നീ മൌനിയാകുന്നതെന്തുകൊണ്ടാണ് ?



Monday, 19 November 2012

ഗുഹാപുരാണം .


നിസ്_വ യില്‍ ഒരു പുരാതീന ഗുഹയുണ്ട് ; അവധിക്കു നമുക്ക് അത് കാണാന്‍ പോകാം എന്ന് ചേട്ടായി പറഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ബാലരമ,പൂമ്പാറ്റ കഥകളിലെ സൂത്രശാലിയായ കുറുക്കനും, മണ്ടന്‍ പുലിയും , ക്രൂരന്‍ സിംഹവുമൊക്കെ പാര്‍ത്തിരുന്ന ഗുഹകളായിരുന്നു.അറബി നാടായതു കൊണ്ട് അലാവുദ്ദീന്റെ അത്ഭുതഗുഹ വല്ലതും ആയിരിക്കുമോ എന്നും സംശയം തോന്നാതിരുന്നില്ല.അപ്പോഴാണ്‌ ചേട്ടായി പറഞ്ഞത് ; ആ ഗുഹക്ക് രണ്ടര മില്ല്യന്‍ കൊല്ലങ്ങള്‍ പഴക്കമുണ്ടത്രേ.മാത്രമല്ല ,ലോകത്തെ ഏറ്റവും വിസ്താരമേറിയ ഗുഹകളില്‍ ഒന്നാണത്രേ ഇത്.ചിലപ്പോള്‍ ഇത് പഴയ അല്ലാവുദ്ദീന്റെ ഗുഹയാകാനും മതി. ഗുഹ കല്ല്‌ കൊണ്ട് മൂടിയിട്ടുണ്ടെങ്കില്‍ 'ഓപ്പണ്‍ സെസേം' എന്നു പറഞ്ഞു  നോക്കണമെന്ന് അപ്പഴേ മനസ്സിലുറപ്പിച്ചു. എന്നാലത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വച്ച് ഞങ്ങള്‍ കുറേപ്പേര്‍ പുറപ്പെട്ടു.
പോകുന്ന വഴി ഒമാന്റെ ഭൂപ്രകൃതി ശരിക്കും ആസ്വദിച്ചു . മഴ പെയ്ത അവസരമായത് കൊണ്ട് അത്യാവശ്യം പച്ചയോക്കെയുണ്ട്. മലകളാണ് എങ്ങും,മനോഹര പ്രകൃതി തന്നെ.  കാലാവസ്ഥയും വളരെ നല്ലത്.




രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഗുഹ ടൂറിസം ഓഫീസില്‍ എത്തി,  ടിക്കെറ്റ് എടുത്തു.ഒരു ഇലക്ട്രിക്‌ ട്രെയിനില്‍ ആണ് സഞ്ചാരികളെ ഗുഹക്കകത്തെക്കു കൊണ്ട് പോകുന്നത്.ഏഴു കമ്പാര്‍ട്ട്മെന്റ് ഉള്ള കൊച്ചു ട്രെയിന്‍ .ഓഫീസ് മുറ്റത്ത് നിന്ന് ഗുഹാമുഖം വരെ ഈ ട്രെയിന്‍ പോകും.അവിടെ നിന്ന് കാല്‍നട.ഓരോ ഗ്രൂപ്‌ ആയാണ് കൊണ്ടു പോകുക.ഞങ്ങളുടെ നമ്പര്‍ 21.പതിനെട്ടേ ആയിട്ടുള്ളൂ. ഇനിയും സമയമുണ്ട്. ഞങ്ങള്‍ വെയിറ്റിംഗ് ഹാളില്‍ ചെന്നിരുന്നു. കുട്ടികള്‍ അവിടെയിരുന്നു കളി തുടങ്ങി.ഹാളില്‍ പല രാജ്യക്കാരുമുണ്ട്. എല്ലാവരും അവിടെ സ്ഥാപിച്ചിട്ടുള്ള വലിയ LCD സ്ക്രീനില്‍ ഗുഹയുടെ വിവരണം കണ്ടു കൊണ്ടിരിക്കുകയാണ്. കാണാന്‍ പോകുന്ന പൂരം ശ്രദ്ധിച്ചു കണ്ടു. 1960 ല്‍ ഒരാട്ടിടയനാണ് ഇത് കണ്ടു പിടിച്ചതത്രേ. മൂന്നു കി.മി. നീളമുണ്ട് ഗുഹക്ക്. അതില്‍ എണ്ണൂറ് മീറ്റര്‍ മാത്രമേ ടൂരിസത്തിനായി അനുവദിച്ചിട്ടുള്ളൂ. ഒരു ഭൂഗര്‍ഭ നദിയും ഒരു തടാകവും, അതിനുള്ളില്‍ ഉണ്ട്.stalagmites പാറകള്‍ നിറഞ്ഞതാണ് അതിന്റെ ഉള്‍ഭാഗം. 

 


സഞ്ചാരികളെ ഗുഹക്കുള്ളിലേക്ക് കൊണ്ടുപോകുന്ന ഇലക്ട്രിക്‌ ട്രെയിന്‍

വിവരണം കണ്ടു തീര്ന്നപ്പോഴേക്കും ഞങ്ങളുടെ നമ്പര്‍ വന്നു.ഉല്ലാസത്തോടെ എല്ലാരും എണീറ്റ്‌, ട്രെയിനില്‍  കയറി.രണ്ടു മൂന്നു മിനിട്ട് കൊണ്ട് ഞങ്ങള്‍  ഗുഹാമുഖത്തെത്തി.എല്ലാവരും ഇറങ്ങി.
നിലത്ത് കാല്‍ കുത്തിയപ്പോള്‍ ഒരു 'പുരാതീന' തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നത് പോലെ തോന്നി. ചരിത്രം ഉറഞ്ഞു കിടക്കുന്ന കനത്ത അന്തരീക്ഷം. രണ്ടരക്കോടി വര്‍ഷങ്ങള്‍ ...! ഇവിടെ ആരൊക്കെ....?  എന്തൊക്കെ..? ഹൊ..ആലോചിക്കുമ്പോള്‍ തന്നെ വീണ്ടും ആ  പുരാതീനകുളിര്‍ അരിച്ചു കയറുന്നു. ഞാന്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു.എന്റെ കാലടികളും  അവിടെ നല്ലവണ്ണം പതിയട്ടെ..!!

ഇവിടെ നിന്ന് കാല്‍നടയായി ഉള്ളിലേക്ക് .

ഞങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു.ഓ..ചുമ്മാ ഒരു ഇടുങ്ങിയ ഗുഹയല്ല., കടന്നു ചെല്ലുന്നത് വളരെ വിശാലമായ ഹാള്‍ പോലെയുള്ള ഭാഗത്തേക്കാണ്.ഗൈഡ് വിവരണം തുടങ്ങി. ഇത് പോലുള്ള മൂന്നു ഹാളുകള്‍ ചേര്‍ന്നതാണ് ഗുഹ. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് താഴെയുള്ള തട്ടില്‍ ,ഇനി ഇതിനു മുകളിലും, അതിനപ്പുറത്ത് വീണ്ടും താഴെയുമായി രണ്ടു ഹാളുകള്‍  കൂടി. കടന്നപ്പോള്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം. ഭൂഗര്‍ഭനദിയുടേതാണ്.നല്ല തണുപ്പും. സ്റ്റീല്‍ കൊണ്ട് നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.അതിലൂടെ വേണം നടക്കാന്‍.സൂര്യപരകാശം കടന്നു ചെല്ലാത്ത ഗുഹയില്‍ അവിടവിടെ ചൂട് വളരെ കുറഞ്ഞ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.


ഗുഹ ചുറ്റിക്കാണാന്‍ സ്റ്റീല്‍ നടപ്പാത

ആഹ...! എന്തായീ കാണുന്നത് ..! ചുറ്റിലും പലതരം രൂപങ്ങളുടെ മായക്കാഴ്ച. ചുണ്ണാമ്പുകല്ലിന്റെ (limestone)  മായാജാലം.ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് തനിയെ വാര്‍ന്നുണ്ടായ രൂപങ്ങള്‍ .ഒരിടത്ത് തൂണുകള്‍ പോലെ. ഒരിടത്ത് ശിവലിംഗങ്ങള്‍ ഭൂമിയില്‍ നിന്നും മുളച്ചു പൊന്തി നില്‍ക്കുന്നു. നമുക്ക് പല രൂപങ്ങളും സങ്കല്‍പ്പിച്ചെടുക്കാം.കാല്‍സ്യം ഡിപ്പോസിറ്റിന്റെ ഡള്‍ റെഡും ,മഗ്നീഷ്യത്തിന്റെ ഇളംറോസും കലര്‍ന്ന രൂപങ്ങള്‍, ഇരുണ്ട ഗുഹാപശ്ചാത്തലത്തില്‍ ഡാവിഞ്ചി യുടെയും,മൈക്കലാഞ്ചലോയുടെയും ചിത്രങ്ങളിലെ രൂപങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട്  മേലാപ്പില്‍ നിന്ന് താഴേക്കു തൂങ്ങിക്കിടന്നു.




ഇനി അടുത്ത തട്ടിലേക്ക്.പടികളിലൂടെ സൂക്ഷിച്ചു വേണം  കയറാന്‍. .,. ഞങ്ങള്‍ മുകള്‍ത്തട്ടിലെ ചെറിയൊരു സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഹാളിലെത്തി.ഇവിടെ നമ്മെ വരവേല്‍ക്കുന്നത് വലിയൊരു സിംഹമാണ്; ഗാംഭീര്യത്തോടെ വശം തിരിഞ്ഞങ്ങനെയിരിക്കുന്നു. ചുണ്ണാമ്പുകല്ലിന്‍റെ മായാജാലം സിംഹരൂപത്തില്‍ .അതിനപ്പുറത്ത് ശില്‍പ്പങ്ങളുടെ ഒരു കൂട്ടം. അതാ  ഏറ്റവും മുകളില്‍ നമ്മുടെ ഗണപതി.,തുമ്പിക്കയ്യുമോക്കെയായി അനുഗ്രഹം ചൊരിഞ്ഞ് ഇരിക്കുന്നു.ഒപ്പമുള്ള ഗൈഡ്‌ ഓരോ രൂപത്തിനെയും ലേസര്‍ ടോര്‍ച്ച് കൊണ്ട് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്.  ചില രൂപങ്ങള്‍ ഗൈഡ്‌ പറയുമ്പോഴാണ് ഇന്നതാണെന്ന് മനസ്സിലാവുന്നത്.ഗൈഡ്‌ ചൂണ്ടിക്കാണിക്കുന്നതിനു മുന്‍പ് തന്നെ ഗണപതിയെ എല്ലാര്‍ക്കും മനസ്സിലായി. ഇവിടെ ഫോട്ടോ എടുക്കുന്നതിനു കര്‍ശന നിയന്ത്രണമുണ്ട്. പക്ഷെ ഫ്ലാഷ് ഇല്ലാതെ കൂടെയുള്ള ചിലര്‍ മൊബൈലില്‍ ഫോട്ടോ എടുത്തു.ഈ തട്ടില്‍ നല്ല ചൂടാണ്. സ്വെറ്റര്‍ ഇട്ടിരുന്നവരൊക്കെ വിയര്‍ത്തു തുടങ്ങി,അതൂരി കയ്യില്‍ പിടിച്ചു. ആ തട്ടില്‍ നിന്ന് മലയുടെ മുകള്‍ ഭാഗത്തേക്ക് അധികം ദൂരമുണ്ടാവില്ല.അത് കൊണ്ടാണ് ചൂട്.


ഗണപതിയും.., മറ്റു ശില്പ്പങ്ങളും.
ചുണ്ണാമ്പുകല്ലിന്‍റെ മായാസിംഹം 




ഇനി വീണ്ടും ഇറക്കം. സ്റ്റീല്‍  പടികളിലൂടെ സൂക്ഷിച്ച്...!ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉച്ചത്തിലായി. ഇവിടെയാണ്‌ ഭൂഗര്‍ഭനദിയുടെ ഉല്‍ഭവം. വീണ്ടും നല്ല തണുപ്പ്. വശങ്ങളില്‍ പാറകളിലൂടെ വെള്ളം ഊറിയിറങ്ങുന്നു.ചിലയിടത്ത് നല്ല വഴുക്കല്‍ ഉണ്ട്. ഗൈഡ്‌ മുന്നറിയിപ്പ് തന്നു.

കോടി വര്‍ഷങ്ങളായി വെള്ളം ഒലിച്ചിറങ്ങുന്ന പാറകള്‍ . പാറകളെ അലിയിച്ചു കൊണ്ട് ജലം തീര്‍ത്ത ശില്‍പ്പങ്ങള്‍ .ഇവിടെ ജലം ഒരു ശില്പ്പിയായിരിക്കുന്നു.കടുത്ത പാറക്കെട്ടുകള്‍ ശില്‍പ്പിയുടെ കയ്യില്‍ മെഴുക് പോലെ മൃദുലമാകുന്നു ; കാലത്തിന്റെ ഉളിയാല്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ ...!

ഇനി വീണ്ടും പടികള്‍ താഴേക്ക് .എത്തിച്ചേര്‍ന്നത് ചെറിയൊരു തടാകത്തിനരില്‍ .പടികള്‍ അവിടെ അവസാനിച്ചു. കോടിക്കണക്കിനു വര്‍ഷങ്ങളായി സൂര്യപ്രകാശം കടന്നു ചെല്ലാത്ത ആ തടാകത്തിലും ജീവനുണ്ട്...! രണ്ടു തരം മത്സ്യങ്ങളെ അതില്‍ കാണാം. നമ്മുടെ ഗപ്പി പോലെയുള്ള ഒരിനം ചെറിയ മത്സ്യവും., പിന്നെ ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കണ്ണില്ലാത്ത മീനും. (blind fish.) ഇവ കൂടാതെ ഗുഹക്കകത്തുള്ള ജീവി  ഒരിനം എട്ടുകാലിയാണ്. എട്ടു കണ്ണുകളും,എട്ടു കാലുകളും ഉള്ള എട്ടുകാലി.
രണ്ടരക്കോടി വയസ്സുള്ള മീന്‍ ഫോസ്സില്‍
ബ്ലൈന്‍ഡ് ഫിഷ്‌
വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റില്ല .അഴികളിട്ടിട്ടുണ്ട് .എന്നാലും കോടിക്കണക്കിനു വര്‍ഷങ്ങളായി അവിടെയുള്ള തടാകത്തില്‍ കാലൊന്നു നനക്കാന്‍ മോഹം.അഴികള്‍ക്കിടയിലൂടെ പ്രയാസപ്പെട്ട് ,എത്തിച്ച് കാലൊന്നു നനച്ചു. ഹൊ..വീണ്ടും ആ ചിര പുരാതീന കുളിര് ......!ഒരു കല്ലും അതില്‍ നിന്നെടുത്തു.അങ്ങനെ രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള ഒരു കല്ലിന്‍റെ ഉടമയായി ഞാന്‍...! ..!,..!

രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള കല്ല്‌.

ഇനി മടക്കം. .  തടാകത്തില്‍ നിന്ന് പടികള്‍ വേറൊരു ദിശയിലൂടെ പുറത്തേക്ക്. ചരിത്രത്തിന്റെ ഇരുളില്‍ നിന്ന് ഞങ്ങള്‍ വര്‍ത്തമാനത്തിന്റെ വെളിച്ചത്തിലേക്ക് വന്നു. അവിടെ ട്രെയിന്‍ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു . എല്ല്ലാവരും ചരിത്രപരമായ നിശബ്ദതയോടെ അതില്‍ കയറിയിരുന്നു. അപ്പോള്‍ അങ്ങകലെ മലകള്‍ക്കപ്പുറത്ത്   അതേ ചിരപുരാതീനമായ ഗംഭീര്യത്തോടെ  ചുവന്നു തുടുത്ത് സൂര്യന്‍ വിശ്രമിക്കാന്‍ ചായുകയായിരുന്നു..!








Wednesday, 7 November 2012

ഏഴാം കടലിനക്കരെ .

കുട്ടിക്കാലത്ത് , ഏഴാംകടലിനക്കരെ എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ തുടങ്ങിയ മോഹമാണ് ;ഡോള്‍ഫിനുകളെ അടുത്തുകാണുക എന്നത്.എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്..,ഒടുക്കത്തെ ബുദ്ധീം.ഇപ്പോള്‍  ഒരവസരം കിട്ടിയപ്പോള്‍ സന്തോഷത്തോടെ പുറപ്പെട്ടു.
 ഒമാന്‍റെ കടലോരങ്ങളില്‍ നിന്ന് കുറച്ചു ഉള്ളിലേക്ക് പോയാല്‍ ഇവയെ കൂട്ടത്തോടെ കാണാനാവും. ഇവിടെ പ്രധാനമായും  രണ്ടു തരത്തിലുള്ള ഡോള്‍ഫിനെയാണ് കാണാന്‍ കഴിയുക.സ്പിന്നര്‍ ഡോള്‍ഫിനും, ബോട്ടില്‍ നോസ് ഡോള്‍ഫിനും.  ഇവിടെ അത് ടൂറിസമായി വികസിപ്പിച്ചിരിക്കുന്നു.  ബോട്ട് സര്‍വീസുമായി ധാരാളം ഏജന്‍സികള്‍ അവിടെ ഉണ്ട്. തലയെണ്ണി അവര്‍ ഒരു നിശ്ചിത ചാര്‍ജ്‌ ഈടാക്കും. മറീന ബന്ദര്‍ എന്ന ബോട്ട് ജെട്ടിയില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഗ്രൂപ്പുകളായി പോകുന്നവര്‍ക്ക് പ്രധാനമായും രണ്ടു തരത്തിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ഒന്ന് സ്പീഡ്‌ ബോട്ട്, മറ്റൊന്ന് മരം കൊണ്ട് നിര്‍മ്മിച്ച ,സാവധാനം ഒഴുകിപ്പോകുന്ന dhow. ഞങ്ങള്‍ സ്പീഡ്‌ ബോട്ട് തിരഞ്ഞടുത്തു.പോകുന്ന പോക്കിന് ഒരു ഓളം വേണ്ടേ...?




ഇതാണ് മരം കൊണ്ടുണ്ടാക്കിയ DHOW.
കുറച്ചു ഇംഗ്ലീഷ് കാരടക്കം ഞങ്ങള്‍ ഇരുപതോളം പേരുണ്ട് ബോട്ടില്‍ .എല്ലാരും കളിയും ചിരിയുമായി ഡ്രൈവനെ കാത്തിരുന്നു.  (ഡ്രൈവര്‍ ബഹുവചനമാകയാല്‍ ഡ്രൈവന്‍ എന്ന് വേണം പ്രയോഗിക്കാണെന്ന് vkn.) ഒടുവില്‍ ആളെത്തി.നല്ലൊരു തമാശക്കാരന്‍ ഒമാനി. സേഫ്ടി യെക്കുറിച്ച് ചെറിയൊരു ക്ലാസിനു ശേഷം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഒറ്റക്കുതിപ്പ്....! വെള്ളത്തുള്ളികളെ പളുങ്കുമണികള്‍ പോലെ ചുറ്റും തെറിപ്പിച്ചുകൊണ്ട്‌ ബോട്ട് വെള്ളത്തിനു മീതെ പറന്നു.കുറച്ചു നേരം കൊണ്ട് ഞങള്‍ കുറെ ദൂരം പോയി. ബോട്ടിന്റെ വേഗത കൊണ്ട് പാല്‍പ്പത പോലെ നുരഞ്ഞ്..പതഞ്ഞ് കടല്‍ ....പിന്നില്‍ .

ഹാ...നീല..നീലക്കടല്‍ ..!നീല നീല ആകാശം...അകലെ ചില മലകള്‍ ..! പ്രകൃതിയുടെ നീല ഭാവങ്ങള്‍ ..!സുന്ദരമായ കടല്‍ നീലക്കാഴ്ചകള്‍ . ചില മലകള്‍ കടല്‍ കാറ്റിനാല്‍ ചില പ്രത്യേക ആകൃതിയില്‍ രൂപാന്തരം  കൊണ്ടിരിക്കുന്നു. 
അതിനിടയില്‍  കുടിക്കാന്‍ പെപ്സിയും,ജൂസും വന്നു.



കുറെ ദൂരം  ചെന്നപ്പോള്‍ മലകലെല്ലാം കാഴച്ചയില്‍ നിന്ന് മറഞ്ഞു.ചുറ്റും  കടല്‍ നീല മാത്രം. ഡ്രൈവര്‍ ബോട്ടിന്റെ വേഗം കുറച്ചു.എല്ലാരും  ചുറ്റും നോക്കി. അതാ.......ഒരു ഡോള്‍ഫിന്‍ കുട്ടന്‍  അകലെ വന്നു നിന്ന് ഞങളെ എതിരേല്‍ക്കുന്നു. കുറച്ചു നേരം ബോട്ടിനോപ്പം വന്ന് അവന്‍ മറഞ്ഞു.


എല്ലാരും  കാമറ എല്ലാം റെഡിയാക്കി കാത്തിരുന്നു.അതാ വരുന്നു..ഒരു കൂട്ടം ഡോള്‍ഫിനുകള്‍ .ആദ്യം വന്നയാല്‍  ഇവരെയെല്ലാം വിളിക്കാന്‍ പോയതാണെന്ന് തോന്നുന്നു.പതുക്കെ ചലിക്കുന്ന ബോട്ടിനു സമാന്തരമായി അവര്‍ നീങ്ങുന്നു..,ചാടുന്നു..,മറിയുന്നു. കുറെയെണ്ണം  ഞങ്ങള്‍ക്കു വഴി കാട്ടാനെന്ന പോലെ ബോട്ടിനു മുന്നിലും.ഒന്നിനും ഒരു പേടിയുമില്ല. ഡോള്ഫിനുകള്‍ക്ക് മനുഷ്യരെ ഇഷ്ടമാണത്രേ .കടലില്‍ വഴിതെറ്റി അലയുന്നവരെ ഡോള്‍ഫിന്‍ വഴികാട്ടി രക്ഷിച്ച കഥയൊക്കെ ഓര്‍ത്തു പോയി.

എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്.കുറെ സമയം ഞങളുടെ ചുറ്റിലും  ചാടി മറിഞ്ഞു അവര്‍ .ഡ്രൈവര്‍ എന്‍ജിന്‍ ഓഫ്‌ ആക്കി. ഒരു മണിക്കൂറോളം ഞങ്ങളും   ,ഡോള്‍ഫിനുകളും കടലലകളില്‍ ചാഞ്ചാടിയങ്ങനെ..അങ്ങനെ....!
പിന്നെ മടക്കം. കടല്‍ കാറ്റേറ്റു എല്ലാരും  ക്ഷീണിച്ചിരിക്കുന്നു.
ഞാന്‍ പതിയെ ദേവൂന്റെ പോക്കറ്റും ,കയ്യിലിരുന്ന പെപ്സി ബോട്ടിലും പരിശോധിച്ചു. അതില്‍ ഡോള്‍ഫിന്‍ കുഞ്ഞെങ്ങാനുമുണ്ടെ ങ്കിലോ ............?

അത് പഴയൊരു കഥയാ. എന്താ സംഭവംന്നറിയണേല്‍ ഇവിടെ പോയാല്‍ മതി.