ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Thursday, 22 March 2012

എഴുന്നേല്‍ക്കു കൂട്ടുകാരീ

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...? '
ആത്മാവില്‍ തീ കൊളുത്തുന്ന 
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍ 
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ 
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍ 
തലകുനിച്ചു കടന്നു പോകുന്നു.

മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന് 
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത് 
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന് 
പടര്‍ന്നിറങ്ങിയ ചോര 
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും 
നിങ്ങള്‍ ,നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌ 
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും 
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍ 
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി 
ഖിന്നതയുടെ അന്ധകാരത്തില്‍ 
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍ 
ഞാവല്‍ക്കാടുകള്‍ക്കു നേരെ 
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍ 
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത 
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത് 
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി 
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ 
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ 
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര 
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത 
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. മുറിവുകളുടെ ഈ ഘോഷയാത്രയെ എങ്ങിനെയാണ്
    കമന്റു കൊണ്ട് പൂരിപ്പിക്കുക.
    മരക്കുതിരയുമായി കരച്ചിലുകളെ ചീറിമുറിച്ചു പോവുന്ന
    ആളുകളുടെ കൂട്ടം പോലെ അശ്ലീലമാവില്ലേ അത്.

    നിസ്സഹായത കൊണ്ട്, ജീവിച്ചിരിക്കുന്നതിന്റെ കുറ്റഭാരം കൊണ്ട്,
    കരച്ചിലറ്റ തൊണ്ട കൊണ്ട് -തലകുനിക്കുന്നു
    ഈ വരികള്‍ക്കു മുന്നില്‍.

    തോറ്റവരുടെ ഘോഷയാത്രകള്‍ കൂസാതെ പുറപ്പെടാനൊരുങ്ങുന്ന
    വിണ്ടുണങ്ങിയ മുറിവുകളുടെ തല ഉയര്‍ത്തിപ്പിടിച്ച ആ യാത്ര
    ഞാനും സ്വപ്നം കാണുന്നു. ഓര്‍മ്മകളുടെ വടു കെട്ടിയ ഉടലുകളാവും
    ഇനിയുള്ള കാലത്തെ ഉല്‍സവമാവുക.

    ReplyDelete
  3. ജീവിതത്തിന്റെ ത്രസിപ്പിലൂടെ അവര്‍ കടന്നു വരും...
    നന്ദി....

    ReplyDelete
  4. പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
    വാടാതെ കാക്കേണ്ടതുണ്ട് .
    പരാജിതരുടെ ദയനീയ ഘോഷയാത്ര
    കടന്നു പൊയ്ക്കോട്ടേ.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
    സങ്കീര്‍ണ്ണമായ
    നമ്മുടെ പിരിയന്‍ വഴികളുടെ
    കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .//
    നന്നായി ചേച്ചി...സൂപ്പര്‍ ആയിട്ടുണ്ട്
    ട്ടാ.....

    ReplyDelete
  7. ഈ വരികളിലൂടെ ഒരു പരാജിതയുടെമുഖമാണെനിക്കുമെന്ന തിരിച്ചറിവ്.. എങ്കിലും പരാജിതരുടെ ഘോഷയാത്രയെ മറികടന്നൊരു പുതുയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്‍ ഞാന്,കോലം മാറാത്ത ആ സ്വരത്തിന്‍ കാതോര്‍ത്തുകൊണ്ട്..

    ReplyDelete
  8. ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
    ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
    പകലുണര്‍വ്വിന്റെ വേളയില്‍ പോലും
    ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
    നഗര വാതില്‍ക്കല്‍ നായ്ക്കള്‍
    ഓലിയിട്ടു പിന്മാറും.
    ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
    ഖിന്നതയുടെ അന്ധകാരത്തില്‍
    ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .മനോഹരമായ വരികളിൽ ഒളീഞ്ഞിരിക്കുന്ന ബിംബങ്ങൾ വല്ലാതെ വ്യാകുലപ്പെടുത്തുന്നു.പക്ഷേ ഈ ബിംബങ്ങളെ എത്രപേർ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് ഞാൻ സംശയിക്കുന്നു...അവർക്ക് വേണ്ടി കവിതയുടെ അന്ത്യത്തിൽ ഒരു ക്ഉറിപ്പ് കൊടുക്കാം എന്ന് എനിക്ക് തോന്നുന്നു(അത് രചയിതാവിനു ബുദ്ധിമുട്ടാകും എന്ന് കരുതുന്നൂവെങ്കിലും അതാണു നല്ലത് താങ്കൾ എന്തിനെക്കുറിച്ചാണെഴുതിയതെന്നു അവരും മനസ്സിലാകട്ടെ) ഈ അടുത്തകാലങ്ങളിൽ വായിച്ച് മനോഹരമായ കവിത..അല്ലയോകവേ...ഒരു വലിയ നമസ്കാരം..........

    ReplyDelete
  9. പരാജിതരുടെ ദയനീയ ഘോഷയാത്ര
    കടന്നു പൊയ്ക്കോട്ടേ.
    നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.

    കവിത നന്നായി

    ReplyDelete
  10. നന്നായിരിക്കുന്നു രചന.
    "പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
    വാടാതെ കാക്കേണ്ടതുണ്ട്."
    അഭിവാദ്യങ്ങള്‍
    ആശംസകളോടെ

    ReplyDelete
  11. ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
    ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
    പകലുണര്‍വ്വിന്റെ വേളയില്‍ പോലും
    ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.

    ReplyDelete
  12. പരാജിതരുടെ ദയനീയ ഘോഷയാത്ര...........

    ReplyDelete
  13. നന്ദി.........നന്ദി..............എല്ലാര്‍ക്കും..!

    ReplyDelete