പരസ്പരം പ്രേമവായ്പ്പുകളില്‍ നിന്നകന്ന്
നിങ്ങള്‍ എവിടേക്കാണ്
യാത്രയാകുന്നത്...?
കൂടെ നടന്നവരെ
സാഹോദര്യത്തിന്റെ ചുറ്റുവഴികളിലേക്കും
അതിഥികളെ സ്വവസതികളിലേക്കും
നയിച്ചിട്ടേ ഇല്ലെന്നതു പോലെ ..!
നിഴലും ,മരീചികയും
നിറയുന്ന
ഈ ഭൂമികള്‍ ,
തലമുറകളുടെ ധൂളികള്‍ ,
സ്വപ്‌നങ്ങള്‍ ,
വൃഷ്ടി ധാരകള്‍
ആരുടെ നിര്‍ഭാഗ്യത്തിനാണ്
നിങ്ങള്‍ നിമിത്തമാകുന്നത്.?
യുദ്ധം
സമസ്യകളുടെ
കഴുത്തറക്കാന്‍ തുനിയുമ്പോള്‍
അമ്മമാര്‍
മിഥ്യകളെ മുലയൂട്ടുന്നു.
പ്രിയനെ
മറമാടിയ മണ്ണില്‍ നിന്ന്
ഒരു പിടി വാരിയെടുത്ത്
വധു
നാശത്തിലേക്ക്
പടി ചവിട്ടിയിറങ്ങുന്നു.
മുറിവുകളാണിപ്പോള്‍
ഈ നഗരത്തെ ഒഴുക്കുന്നത് ..!
അമ്മമാരെയും കുഞ്ഞുങ്ങളേയും കൂട്ടിക്കൊണ്ട്
ഞങ്ങള്‍ മടങ്ങുകയാണ്,
ഖിന്നതയുടെ അന്ധകാരത്തിലേക്ക് .
അന്ധകാരം ഒരു പക്ഷെ
ഞങ്ങള്‍ക്ക്
കവിതകള്‍ തിരിച്ചു നല്‍കിയേക്കാം.
ഇനി
സൂര്യന്റെ അടുപ്പില്‍ നിന്ന്
ഞങ്ങള്‍ക്ക്
ഇരുട്ടിനെ വേവിച്ചെടുക്കേണ്ടതുണ്ട് .
കുഞ്ഞുങ്ങള്‍ക്കു
വിശക്കുന്നു..!