ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday, 24 March 2012

വേനല്‍ക്കിനാവ്


ചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്‌
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!

ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ .

പുല്‍ത്തളിരും
പുഴപ്പച്ചയും തേടി
വെറുതെയലയുന്നു
ഒരു പാഴ്വിലാപം
വേനല്‍പ്പാത-
യൊരൊറ്റ മരത്തിന്റെ
ഇല്ലാത്തണല്‍ തേടി
പൊള്ളി മറയുന്നു.

വേരുണങ്ങാതെ
കാത്തു വെച്ചിത്ര നാള്‍
തീ മണക്കുന്ന 
കാറ്റിലീ ചില്ലകള്‍ ,
എത്ര നേരം കൊഴിയാതിരിക്കും ?
എത്ര മൂകം കിനാവുകള്‍ കാണും ?
എത്ര തീവ്രം തപിക്കും ഇനി-
യെത്ര നാള്‍ കാത്തിരിക്കും ?

ഒരു നാള്‍ -
വേനല്‍നോവിന്റെ
തീക്കുന്നു താണ്ടി
ഒരു മഴ,യീ
വഴിയേ തിമിര്‍ക്കും
നിന്റെ ദുഖപ്പുറന്തോടു നീക്കി
ഈ കലങ്ങിയ
മൌനം തകര്‍ക്കും.
അന്നു  ഞാനീ-
പ്പുതുമണ്ണിലൂടെ
നിന്റെ വേരായി
ആഴത്തില്‍പ്പടരും.
അന്നു  നിന്നിലെ
ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍
സ്വപ്നം മണക്കും.

14 comments:

 1. I'm proud to be a friend of you, indeed!!!

  ReplyDelete
 2. വായിച്ചു
  ആശംസകള്‍

  ReplyDelete
 3. നന്ദി സിന്ധൂ..., നന്ദി കണ്ണൂരാന്‍. ..

  ReplyDelete
 4. ഒറ്റ മഴ കൊണ്ട്
  മാഞ്ഞേ പോവും
  വേനല്‍പ്പച്ചകള്‍.
  ഒറ്റ മിന്നലില്‍
  കരിഞ്ഞും പോവും
  മഴക്കനവുകള്‍.

  ReplyDelete
  Replies
  1. നിന്റെ വേരായി ആഴത്തിലാഴും....അന്നു നിന്നിലെ ചില്ലകൾ പൂക്കും/ പൂക്കളിൽ നറും തേൻ ഞാൻ നിറക്കും.....

   Delete
 5. നന്നായിരിക്കുന്നൂ, സത്യത്തിൽ എനിക്കീ കവിതകളോട് വലിയ കമ്പമില്ല. പക്ഷെ വായിക്കും, ആസ്വദിക്കും. വായിച്ചു, ആസ്വദിച്ചു. ആശംസകൾ.

  ReplyDelete
 6. ഷൈനയുടെ കവിത പതിവുപോലെ മനോഹരം. വേനല്‍വേവിനേയും കുളിര്‍പ്പിക്കുന്നു പല പ്രയോഗങ്ങളും..

  ReplyDelete
 7. മറ്റൊരു സ്വപ്നം...

  ഋതുസംഗമം.

  വറുതിയുടെ കൊടുംചൂടില്‍
  ക്ഷീണിച്ച്, ശുഷ്ക്കിച്ച്,
  കണ്ണീര്‍ഞരമ്പുകള്‍ പോലും വറ്റി,
  ഏകാകിനിയായ്, വിരഹനൊമ്പരത്തോടെ,
  നീ കാത്തിരിക്കുകയാണെന്ന് ഞാനറിയുന്നു.

  നരച്ചുണങ്ങിക്കീറിയ ഉടയാടകള്‍ വാരിച്ചുറ്റി,
  ഒരു ഭ്രാന്തിയെപ്പോലെ,
  വഴിക്കണ്ണുമായ് അവനെ മാത്രം കാത്തിരിക്കുകയാണെന്ന്
  ഞാനറിയുന്നു.

  ഇപ്പോള്‍ നിന്റെ ശ്വാസചലനങ്ങള്‍ പോലും
  എന്നെ പിടിച്ചുലയ്ക്കുന്ന ചുടുകാറ്റുകളാണ്.

  ഒടുവിലാദിനം -
  ആകാശവീഥിയിലാദ്യം പ്രത്യക്ഷപ്പെടുക
  അവന്റെ രഥം വലിക്കുന്ന കറുത്ത കുതിരകളാണ്.
  അനന്തരം, ചിത്രവെളിച്ചങ്ങള്‍ മിന്നിതെളിയുമ്പോള്‍,
  താളമേളങ്ങളും പെരുമ്പറകളും മുഴങ്ങുമ്പോള്‍,
  ഒരു സീല്‍ക്കാരത്തോടെ പറന്നിറങ്ങി,
  ഒരു ധീരനായകനെപ്പോലെ,
  നിന്നെ പുണരാനുയര്‍ന്ന പൂവാലധൂളികളെ
  നിമിഷാര്‍ദ്ധത്തിലടിച്ചൊതുക്കി
  അവന്‍ നിന്നെ ആപാദചൂഡം പുണരുമ്പോള്‍
  നീ സാമോദം വിതുമ്പുന്നു.

  നിന്നില്‍ പെയ്തിറങ്ങുമ്പോള്‍
  അവന് എന്റെ ഹൃദയതാളമായിരിക്കും.

  കരഞ്ഞും ചിരിച്ചും
  പരിരംഭണം ചെയ്തും പരിഭവിച്ചും
  നിന്റേതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍
  ചില്ലുജാലകത്തിനിപ്പുറമിരുന്ന്
  അവന്‍ പ്രണയമായ് പെയ്തിറങ്ങുന്നത്
  എനിക്കു കാണണം.

  കണ്ണുകളടച്ചിരുന്ന്,
  നിന്റെ പുതുവിയര്‍പ്പിന്റെ സുഗന്ധം പരക്കുന്നത്,
  അവന്റെ കേളീതാളം മുറുകുന്നത്,
  എനിക്കു കേള്‍ക്കണം.

  സുഖകരമായ ആദ്യരതിക്കു ശേഷം,
  ഇളംതണുപ്പില്‍ ആലസ്യമാര്‍ന്ന് മയങ്ങുമ്പോള്‍
  നിന്നില്‍
  സംതൃപ്തിയുടെ സ്വേദബിന്ദുക്കള്‍,
  അവന്‍ കോറിയിട്ട
  രാഗം കിനിയുന്ന നഖക്ഷതങ്ങള്‍
  നിലാവില്‍ തിളങ്ങുന്നത്
  എനിക്കു കാണണം.

  ഇപ്പോള്‍ എന്റെ സ്നേഹാശ്രുപൂക്കള്‍
  അവന് ഞാന്‍ ഹൃദയപൂര്‍വ്വം
  സമര്‍പ്പിച്ച നിര്‍മ്മാല്യമാണ്.

  ReplyDelete
 8. ഒരില,കണ്ണന്‍,മണ്ടൂസന്‍ ,ഇലഞ്ഞി ......
  എല്ലാര്‍ക്കും നന്ദി.

  വിഡ്ഢിമാന്‍ ----- നമുക്ക് സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കാം..!

  ReplyDelete
 9. നോവിന്റെ നൂല്‍ക്കയര്‍......

  ReplyDelete
 10. ഷൈനാ... എച്മൂ വഴി എത്തിയതാണ്...എനിക്കും കവിത ദഹിക്കില്ല..എങ്കിലും വായിച്ചു അപ്പോൾ ഉള്ളിൽ തറഞ്ഞ രണ്ടു വരികൾ -അന്നു നിന്നിലെ ചില്ലകൾ പൂക്കും..,പൂക്കളിൽ ഞാനെൻ സ്വപനം മണക്കും....
  നന്നായിരിക്കുന്നു

  ReplyDelete
 11. സ്വപ്നം മണക്കുന്ന പൂക്കൾ...!

  ReplyDelete
 12. മനോഹരം ..ആശംസകള്‍ .

  ReplyDelete