ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday, 1 April 2012

അനുസരണയുള്ളവള്‍

യാത്രയുടെ
ആകാശത്തിന്‍ ചുവടെ
നീ നീട്ടിയ പിഞ്ഞാണത്തില്‍
ഞാന്‍
അനുസരണ
പാനം ചെയ്തുകൊണ്ടേയിരുന്നു.

സങ്കീര്‍ണ്ണമായ
പിരിയന്‍വഴികളുടെ കഠിനതകള്‍
എന്നെ മയപ്പെടുത്തി.
ഞാന്‍ അനുസരണയുള്ളവളായി-
നിന്റെ അരപ്പട്ടയുടെ
കൊളുത്തുപോലെ,
ആത്മാവിന്
എത്തിച്ചേരാന്‍ കഴിയുന്ന
ആഴം വരെ.

എന്നിട്ടും ,
പുതുതായി തയ്പ്പിച്ച
കുപ്പായത്തിന്‍
പൊട്ടിയ സൂചിയായി
ഞാനുപേക്ഷിക്കപ്പെട്ടു.
അനുസരണയോടെ,
ഖിന്നതയുടെ അന്ധകാരത്തില്‍
കൂനിക്കൂടിയിരുന്നു.

മുറിവുകള്‍
കൂടുകളിലേക്കു മടങ്ങും.
അന്ന്
ഞാനീ സ്വപ്നത്തിന്റെ
അന്ത്യഭാഗം കടന്നുപോകും .
ചിലപ്പോള്‍ ,
അന്ധകാരം എനിക്ക്
കവിതകള്‍
തിരിച്ചു നല്‍കിയേക്കാം ..!