ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday 24 August 2014

ഹൈക്കു- എനിക്ക്

ഹൈക്കു – പ്രകൃതിയില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെ , അനുഭവങ്ങളെ -ചെറിയ ചെറിയ വാക്കുകള്‍കൊണ്ട് പ്രതിനിധാനം ചെയ്യുന്ന കുഞ്ഞു കവിതകള്‍. യഥാര്‍ത്ഥത്തില്‍ ഇവ കവിതകളല്ല ; പ്രപഞ്ച രഹസ്യങ്ങളുടെ മിന്നല്‍പ്പിണറുകളാണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത് . 
വിചാരങ്ങളല്ല ,അനുഭവങ്ങളാണ് – സൂക്ഷ്മജ്ഞാനത്തേക്കാള്‍ അനുഭവവും അവബോധവുമാണ് ഹൈക്കുവിന്റെ അടിസ്ഥാനം എന്നെനിക്കു തോന്നുന്നു. സെന്നിന്റെ അടിസ്ഥാനതത്വവും അതാണല്ലോ.

ഹൈക്കു ഒരു ശ്ലോകമല്ല , സാഹിത്യഭംഗി നിറഞ്ഞതുമല്ല.
എനിക്കു തോന്നുന്നു, ..അത് നമ്മളെ കൈ കൊട്ടി വിളിക്കുന്ന ഒരു കൈയ്യാണ് . പാതി തുറന്നു വെച്ചിരിക്കുന്ന ഒരു വാതില്‍. തുടച്ചു നിര്‍മ്മലമാക്കി വെച്ചിരിക്കുന്ന ഒരു കണ്ണാടി. പ്രകൃതിയിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുന്ന സാഹിതീരൂപം .


പ്രകൃതി എന്നത് പുറത്തുള്ള ഒന്നല്ല എന്നും, പ്രകൃതിയാണ് നാമെന്നുമുള്ള വെളിപാടിന്റെ വെളിച്ചം ഹൈക്കുവില്‍ നിന്നാണ് എനിക്കു ലഭിച്ചത് . ഈ വെളിച്ചമുപയോഗിച്ച് ചുറ്റുമുള്ള ഇരുട്ടിനെ വായിക്കാന്‍ ശീലിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ തെളിഞ്ഞു വരും. അതുതന്നെയല്ലേ ഹൈക്കു..?


ഒഴുകുന്ന നദികളും തോടുകളും , പൂത്തും പൂക്കാതെയും നില്ക്കുന്ന ചെടികളും മരങ്ങളും , കിളികളും , വയലുകളും, പൂക്കളും , മരംകൊത്തിയും പുല്‍ച്ചാടിയും ചന്ദ്രനും, നക്ഷത്രങ്ങളും സൂര്യനും , , വെയിലും നിലാവും മഴയുമെല്ലാം ..., കണ്ണും മനസ്സും തുറന്നുവെച്ച് കാണുന്ന ഒരു ധ്യാനമാണിപ്പോള്‍ എനിക്ക് ഹൈക്കു.


എന്നെ എന്നിലേക്കെന്ന പോലെ , പ്രകൃതിയിലേക്കും തിരിയാന്‍ ശീലിപ്പിക്കുന്നുണ്ട് അത്.
അനുഭൂതി സമ്പന്നമായ ആഴങ്ങളെ ധ്യാനിക്കാനുള്ള പാഠങ്ങളാകുന്നു ഹൈക്കു എനിക്ക്.


ചില ശ്രമങ്ങള്‍.
------------------------------
മഴനനയും പുല്‍ച്ചാടി
വയലിന്‍ കരയില്‍ .
എന്തൊരു നിശ്ചലത.
---------
കാടു ചുറ്റിവന്നൊരു തത്ത.
തൂവല്‍ പൊഴിച്ചതോ
വരാന്തയിലെ കൂട്ടില്‍
----------
പുഴയരികിലെ പാറ.
കൊറ്റികള്‍ പറന്നുപോയപ്പോള്‍
ചൂണ്ടയില്‍ മീന്‍ കൊത്തി
--------------
നക്ഷത്രം പാറിവീണൊരു
വേപ്പിന്‍ മരച്ചില്ലയില്‍ .
നല്ലത്, ഉണര്‍ന്നില്ല രാപ്പാടി.
----------
വര്‍ണ്ണശബളമീ ശലഭം
ചാര നിറമാര്‍ന്നിരിക്കുന്നീ
പന്നല്‍ച്ചെടി നിഴലില്‍ .

*********************************

Thursday 14 August 2014

പിന്‍വരാന്തയിലെ പിറുപിറുപ്പുകള്‍

@ ഒന്നാം പിറുപിറുപ്പ് 
---------------------------
നാറുന്നല്ലോ നിന്നെ 
നേരു വിയര്‍ക്കുന്ന 
ചൂര്.
എന്നോളമാഴത്തില്‍ 
നീ കുഴിച്ചിട്ട നുണ 
തോണ്ടിയെടുത്തപ്പോഴാവാം .

നേരു വിയര്‍ക്കുന്നൂ നീ
നേരു ചുവയ്ക്കുന്നൂ ..
നേരു കറയ്ക്കുന്നൂ ...

നേരു മണക്കുന്നൂ...
നാറുന്നല്ലോ നിന്നെ
നേരു വിയര്‍ക്കുന്ന
ചൂര്....!

**********************

@ രണ്ടാം പിറുപിറുപ്പ് 
-----------------------
എല്ലാം സംഭവിച്ചത്‌ ഈ നിമിഷം മുതലാണ്‌ .
നിറയെ പൂത്ത വേപ്പിന്‍ചില്ലകള്‍ക്കു മുകളില്‍ 
കാര്‍നിറഞ്ഞ ആകാശമേ, എനിക്കു കാണാനായുള്ളൂ.
എന്റെയാകാശം മാത്രം കറുത്തുപോയെന്നാണ് 
ഞാന്‍ കരുതിയത്‌.
തെരുവിലൂടെ 
തലകുനിച്ചു കടന്നുപോകുന്ന ഒരുവളെ 
വെറുതെ നോക്കിനില്‍ക്കുക മാത്രം ചെയ്തു.
പച്ചമരത്തിന്റെ ഗന്ധം ,അവളെ 
ഒരുവന്റെ കാല്ക്കലേക്കു മുട്ടുകുത്തിവീണ നിമിഷങ്ങളെ 
ഓര്‍മ്മിപ്പിച്ചിട്ടുണ്ടാവും.
ശീതകാലത്തെ കാറ്റും ,മഞ്ഞുനിറഞ്ഞ ഇലകളും പിന്നിലാക്കി
ഒരു രോദനമിതിലേ കടന്നുപോയിട്ടുണ്ട് ;
ഇരുള്‍നേരങ്ങളില്‍ തിരിച്ചു വരാനായിട്ടായിരിക്കും .
അതിനെ വിശദീകരിക്കാന്‍
എന്നോടാവശ്യപ്പെടരുത്.

************************

@ മൂന്നാം പിറുപിറുപ്പ് 
-----------------------------
പറയണമെന്നോര്‍ത്തത് 
നിന്നോടായിരുന്നില്ല.
പക്ഷേ, കേട്ടതു മുഴുവന്‍ നീയായിരുന്നു.
പറയാതെ വെച്ചതെല്ലാം നീ കേട്ടു .
എന്നിട്ടും ..
കേള്‍ക്കാത്തതിനെയും പറയാത്തതിനെയും 
പഴി പറഞ്ഞ്,
പിണങ്ങിക്കുതിച്ചു നീ പോകുന്നത് 
തിരിഞ്ഞുനോക്കാതെ 
ഞാനിരുന്നു കാണുന്നുണ്ട്.

****************

@ നാലാം പിറുപിറുപ്പ് 
----------------------
ഒരു തുണ്ടു നിലാവ്
പ്രണയനോവും പേറി
താഴെ പുഴയില്‍ ചാടിമരിച്ചു...!


വിരഹവേനലിന്നറുതിയില്‍
ഉടല്‍മുറിഞ്ഞ പുഴ
പകുതിയില്‍പ്പതറിയൊഴുകി,യൊടുക്ക
നിലാവിന്റെ നീലച്ചയുടലുമായ്
അടുക്കുതെറ്റിയ പ്രണയവാക്യങ്ങളുടെ
പഴകിയ കല്‍പ്പടവിലിരുന്നു
തേങ്ങുന്നു..!

**********************

@ അഞ്ചാം പിറുപിറുപ്പ്
-------------------
 ആയ്..എന്തു കൃത്യം..
ഒറ്റ വരയലിനു തന്നെ നീയത് തുണ്ടം തുണ്ടമാക്കിയല്ലോ..!
ആയ്...!
--
ദാ,എന്തോ ചുവന്നു ചുവന്നൊഴുകുന്നു ..
--
ഓ.., കാര്യാക്കണ്ട 
അത് വാര്‍ന്നുവാര്‍ന്നൊഴുകുന്ന നീ ,യെന്ന എന്തോ ആണ്.
--
ദേ,നിലത്തെന്തോ കിടന്നു പിടക്കുന്നുമുണ്ട് .
--
ഏയ്‌ ..സാരമില്ല..
അതെന്റെ പ്രാണനോ മറ്റോ ആണ്.
നടന്നോളൂ...തിരിഞ്ഞു നോക്കണ്ട

*****************

@ അവസാനത്തേതും ആറാമത്തേതും.
-------------------------
ഉണർന്നാലോർമ്മിക്കാത്ത കിനാവുകൾ 
കണ്ടുറങ്ങാൻ പോകുന്ന 
ഈ രാത്രിയുടെ അവസാനതുള്ളി 
ഞാനിറ്റു വീഴ്ത്തുക,
ഉറങ്ങാതെയുറങ്ങുന്ന
നിന്റെ കണ്ണുകളിലെ വിചാരങ്ങളിലേക്കായിരിക്കും.
ശേഷം...,
വിതുമ്പുന്ന മൗനങ്ങളുടെ താഴ്‌വാരത്തിലേക്ക്‌ 
നിദ്രയിലെന്നപോലെ
ഞാനിറങ്ങിപ്പോകും..!
**********************