ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday 11 December 2012

മാന്ത്രികമരുഭൂമി - വഹൈബ.


ഹേ, മണല്‍മലകളേ..
നിങ്ങള്‍, ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു 
നിമിത്തമായിട്ടില്ല
ഓ റൂബ്ഉല്‍ഖാലീ....
നിന്റെ കവാടങ്ങള്‍ തുറന്നാലും....

പണ്ടെങ്ങോ വായിച്ചു മറന്ന ഒരു അറബ്കവിതയില്‍ നിന്നാണ്  ഒമാനിലെ റൂബ്ഉല്‍ഖാലി എന്ന ഭീകരസുന്ദരമായ മരുഭൂമിയെ പരിചയപ്പെടുന്നത്.മരുഭൂമിയില്‍ ആകപ്പാടെ ഒരു മായികമായ അന്തരീക്ഷമായിരിക്കും എന്ന് അന്നേ ഉറപ്പിച്ചതാണ്.അന്നുതൊട്ടെയുള്ള കൊതിയാണ് ഒരു മരുഭൂമിയാത്ര. ഒമാനില്‍ ആകെയുള്ള മൂന്നു മരുഭൂമികളില്‍ ഏറ്റവും വലുതാണ്‌  റൂബ്ഉല്‍ഖാലി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുഭൂമി.പക്ഷെ എനിക്ക് പോകാന്‍ കഴിഞ്ഞത് ഒമാനിലെ മറ്റൊരു മരുഭൂമിയായ.വാഹിബയിലാണ്.പ്രാചീന അറബ് ഗോത്രക്കാരായ വാഹിബ ഗോത്രക്കാര്‍ വസിച്ചിരുന്ന ഇടം.ഗോത്രസ്മൃതികള്‍ ചുമന്നു കൊണ്ട് ഇപ്പോഴും ഒട്ടകങ്ങളെയും ആടുകളെയും മേയ്ച്ച് ബദുക്കള്‍ പാര്‍ക്കുന്ന മണല്‍ ഭൂമി.
വാഹിബ സാണ്ട്സ് ...!


നിഴലും മരീചികയും
വിശാല മരുഭൂമിയുടെ മേല്‍ക്കൂരയില്‍ തല ചായ്ക്കുന്ന ഇടയന്മാര്‍ ...
പ്രഭാതത്തില്‍ ഒഴിഞ്ഞു പോകുന്ന മരുഭൂമിയിലെ താവളങ്ങള്‍ ..
ഒട്ടകക്കൂട്ടങ്ങള്‍ .......
ഇവയെല്ലാം അടുത്തറിയാനുള്ള ആര്‍ത്തിയില്‍ ഗാഫ് വൃക്ഷങ്ങള്‍ അതിരിടുന്ന വാഹിബ സാണ്ട്സിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു., ഏറ്റവും പ്രിയപ്പെട്ടവരോടോത്ത്.
പ്രിയമുള്ള ഗസലുകളും കേട്ടുകൊണ്ട് ഇബ്ര വരെയുള്ള രണ്ടുമണിക്കൂര്‍ യാത്ര.പിന്നീട് ഞങ്ങളെ ഏറ്റെടുത്തത് വാഹിബ മരുഭൂമിയുടെ വളര്‍ത്തു പുത്രന്‍,ഒമാനിയായ  തലാല്‍.,. മണല്ക്കുന്നുകള്‍ക്കിടയില്‍ കളിച്ചു വളര്‍ന്നവന്‍.,.
തലാലിന്റെ വണ്ടിയില്‍,  തനിമയുള്ള അറബ് സംഗീതം കേട്ടുകൊണ്ട് വീണ്ടും അര മണിക്കൂര്‍ യാത്ര.ഒപ്പം തലാലിന്റെ മരുഭൂ വിശേഷങ്ങളും.

മദ്ധ്യാഹ്നം , ഗാഫ് വൃക്ഷത്തിനടിയിലേക്ക് ഒരൊട്ടകത്തെ പായിച്ചു..!


ഉണ്മയുടെ മരീചികയില്‍ നിന്നുയരുന്ന ഈ കെട്ടിടങ്ങള്‍ എന്തെല്ലാം രഹസ്യങ്ങളാണാവോ മൂടി വെച്ചിരിക്കുന്നത് ?

ഇപ്പോള്‍..,  അകലെ ഞങ്ങള്‍ക്ക് സമാന്തരമായി,ഓറഞ്ചു നിറത്തില്‍, മരുഭൂമി അതിന്റെ തിളക്കം കാട്ടി ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ഗാഫ് വൃക്ഷങ്ങള്‍ ഒട്ടകങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ട്  ഏകാന്തമായി നിന്നു..!
പെട്ടെന്നാണ് ഒരു വളവു തിരിഞ്ഞതും ,കുത്തിയൊഴുകുന്ന ഓറഞ്ചുനിറത്തിന്റെ അനന്തതയിലേക്ക് ഞങ്ങള്‍ എടുത്തെറിയപ്പെട്ടതും.
കണ്മുന്നില്‍ നിറയെ മണല്‍ക്കൂനകള്‍ .., നിഴലുകള്‍ ..മരീചികകള്‍...,..
പ്രാചീന ഗോത്രയുദ്ധങ്ങളുടെ ആരവം മലകളിറങ്ങി വരുന്നതു  പോലെ...
ഭൂമിയുടെ തലകറക്കം ..
ആകാശത്തിന്റെ ലഹരി........മരുഭൂമി...!
ഹൃദയം, മരുഭൂമിയെ അറിയാന്‍ ആവേശത്തില്‍ തുടിച്ചു കൊണ്ടിരുന്നു. 

കിഴക്കന്‍ ചക്രവാളത്തില്‍ നിന്നു മണല്‍ ക്കൂനകളിറങ്ങി വരുന്നു.

മരുഭൂമിയാത്രയുടെ പ്രാരംഭമായി തലാല്‍ ടയറുകളുടെ മര്‍ദ്ദം  കുറച്ചു. പിന്നെ കുറച്ചു നേരം മണല്‍ക്കുന്നുകളിലൂടെ ത്രസിപ്പിക്കുന്ന യാത്ര.എല്ലാവരും ആവേശത്തിലാണ്.
പക്ഷെ എനിക്കതല്ല വേണ്ടിയിരുന്നത്.മരുഭൂമിയെ എനിക്ക് തൊട്ടറിയണം..,ആഴ്ന്നാഴ്ന്നു പോകുന്ന കാലുകള്‍ വലിച്ചെടുത്ത് മരുഭൂമിയിലൂടെ നടക്കണം.മണല്‍ക്കുന്നുകള്‍ക്കു മുകളില്‍ കയറി കുട്ടികളോടൊപ്പം താഴേക്ക് ഇഴുകിയിറങ്ങണം ..,പിന്നെ പ്രിയമുള്ളവര്‍ക്കൊപ്പം മരുഭൂമിയിലെ സൂര്യന്‍ അനന്തതയിലേക്കു താഴ്ന്നു പോകുന്നത് കാണണം...!തലാല്‍ വണ്ടി നിറുത്തി.ഞാനും കുട്ടികളും ചാടിയിറങ്ങി.മറ്റുള്ളവര്‍ ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ ഒരു മണല്‍ക്കുന്നു പകുതിയും കയറിക്കഴിഞ്ഞിരുന്നു.എന്തൊരാവേശമാണ് ഈ മരുഭൂമി എന്നില്‍ നിറയ്ക്കുന്നത്...!
അകലെയകലെ ഒട്ടകക്കൂട്ടങ്ങള്‍ ....,
നിതാന്തമായ പ്രവാഹത്തിലേക്ക് കണ്ണുനട്ടുകൊണ്ട് കുന്നുകള്‍ക്കു നേരെ പാട്ടുപാടി ഇറങ്ങി വരുന്ന ഇടയന്മാര്‍...,....,
ചിനച്ചോടുന്ന ആടുകള്‍..,..
അകലെ ഒട്ടകങ്ങളെയും.,ആടുകളെയും പാര്‍പ്പിക്കുന്ന മസറകള്‍ കാണാനുണ്ട്.ഇറങ്ങി വരുന്നവരുടെ കൂട്ടത്തില്‍ 'നജീബ്' (ആടുജീവിതം ) ഉണ്ടോഎന്നു ഇടം കണ്ണിട്ടു നോക്കി. 
ചന്ദുവും ,ദേവുവും മണലില്‍ ഉരുണ്ടു മറിഞ്ഞു കളിയാണ്.ഞാനും കുറച്ചു നേരം അവരോടൊപ്പം കൂടി.അപ്പോഴേക്കും സൂര്യന്‍ താഴ്ന്നു  തുടങ്ങിയിരുന്നു.രണ്ടു മണല്‍ക്കൂനകള്‍ ഞങ്ങള്‍ കയറി. അപ്പുറത്തുള്ള വലിയ കുന്നാണ് ഞങ്ങളുടെ ലക്‌ഷ്യം.ആഴ്ന്നു പോകുന്ന കാലുകള്‍ വലിച്ചെടുത്ത് മണല്‍ക്കുന്നു കയറല്‍ രസകരമാണെങ്കിലും വലിയ ആയാസമുള്ള പണിയാണ്. പക്ഷെ പ്രിയമുള്ളവര്‍ തമാശകളും പറഞ്ഞു കൂടെയുള്ളതു കാരണം ആയാസം അറിഞ്ഞെയില്ല.ഞങ്ങള്‍ ഏറ്റവും വലിയ കുന്നിനു മുകളില്‍ ഇരിപ്പുറപ്പിച്ചു. 


മണല്‍ക്കൂനകളിലൊരു  
മരുഭൂവൃക്ഷം 
സൂര്യനെന്ന പോല്‍ ഏകാന്തം .
------എന്നൊരു  ഹൈക്കു ഉണ്ടാക്കിപ്പാടിക്കൊണ്ട്, ഞാന്‍, ഓറഞ്ചു നീരില്‍ വീണുപോയ സൂര്യനെയും നോക്കിയിരുന്നു.കാറ്റ് പതിയെ വീശുന്നുണ്ട്..എങ്ങും സ്വര്‍ണ്ണവര്‍ണ്ണം.പത്തര മാറ്റ് സ്വര്‍ണ്ണമുരുക്കി ചുമ്മാ ഒഴിച്ചു കളയുകയാണീ സൂര്യന്‍ ;മരുഭൂമിയില്‍.,..!
നമ്മളെ സ്നേഹിക്കുന്നവര്‍ക്കൊപ്പം ,നമ്മള്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം ഗോത്രസ്മൃതികള്‍ നിറഞ്ഞു നില്‍ക്കുന്ന മഹാമരുഭൂമിയിലിരുന്ന് അസ്തമയം കാണുക..! വല്ലാത്തൊരനുഭൂതിയാണത് .



കാറ്റിന്റെ വേഗം കൂടാന്‍ തുടങ്ങിയിരിക്കുന്നു..കുന്നുകളുടെ രൂപങ്ങള്‍ മാറ്റാനുള്ള കാറ്റിന്റെ ഗൂഡപദ്ധതിയുടെ തുടക്കമാണിതെന്ന് തലാല്‍ പറഞ്ഞു.കുറച്ചു സമയത്തിനകം ഈ മണല്‍ക്കുന്നുകളെല്ലാം  രൂപങ്ങളുടെ പകര്‍ന്നാട്ടം നടത്തുമത്രേ. വേഷപ്പകര്‍ച്ചയില്‍ ഉന്മാദം കൊണ്ട് കാറ്റിനൊപ്പം നൃത്തം വെയ്ക്കുമവ. അവസാനം നിതാന്തമായ പ്രവാഹം മാത്രം ബാക്കിയാവും.
മണല്‍ത്തരികള്‍ ദേഹത്തേക്ക് വീശിത്തെറിപ്പിച്ചുകൊണ്ട് കാറ്റ് മൂന്നാം കാലത്തില്‍ പാടാന്‍ തുടങ്ങി.ഇനിയിവിടെ നിന്നാല്‍ ശരിയാവില്ല. പെട്ടെന്ന് ഇരുട്ട് വീഴുമെന്ന് തലാല്‍ മുന്നറിയിപ്പു തന്നു.ഞങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി 
ഇനി ,
മണല്‍ക്കുന്നുകളിടിഞ്ഞു വീണ്
മരുഭൂമിയിലെ സൂര്യന്‍ 
ചാവും..
മരുഭൂമിയുടെ കവാടങ്ങള്‍ 
കാറ്റഴി ച്ചു കൊണ്ടുപോകും. 
അവസാനം...........അവസാനം...
കുത്തിയൊഴുകുന്ന അനന്തത മാത്രം 
ബാക്കിയാവും.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം എന്നിലെക്കെറിഞ്ഞു തന്ന് ഞങ്ങള്‍ക്കു പിന്നില്‍ മരുഭൂമി മറഞ്ഞു.





അപ്പോള്‍  --
കുന്നിറങ്ങി  വരുന്ന ഇടയന്മാര്‍ പാടുന്ന പാട്ട് എനിക്കു മാത്രം കേള്‍ക്കാമായിരുന്നു.-----
ഹേ..മണല്‍മലകളേ ..
ഞങ്ങളോടു കരുണ കാണിച്ചാലും 
നിന്റെ താഴ്വരകളാലും.,
ആലയങ്ങളാലും .

നീ ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു 
നിമിത്തമായിട്ടില്ല 
എങ്കിലും നിന്റെ 
ആര്‍ദ്രതയുടെ താക്കോലുകള്‍ 
വീണുപോയതെങ്ങ്.......?

സൂര്യനെന്ന പോല്‍ ഏകാന്തം
മണല്‍ മാഫിയക്കാര്‍ 



22 comments:

  1. സുപ്പേര്‍ ആയിടുണ്ട് . വിവരണത്തെക്കാള്‍ മോഹിപ്പിച്ചത് ഫോട്ടോസ് ആണ് . നല്ല രസായിട്ടുണ്ട് . മരുഭൂമികളെ പണ്ട് വലിയ ഇഷ്ടായിരുന്നു , അത്ഭുതവും .പക്ഷേ ആടുജീവിതം വായിച്ചതോടെ വല്ലാത്തൊരു ഭയമാണ് മരുഭൂമി . നിസ്സഹായരായ അനേക ലക്ഷം ആളുകളുടെ നിശബ്ദമായ നിലവിളികള്‍ ഒടുങ്ങിയ മരുഭൂമികള്‍ .

    ReplyDelete
  2. മണല്‍ മാഫിയകാരെ വല്ലാതെ ഇഷ്ടമായി ....

    ReplyDelete
  3. മരുഭൂമിയെ ഞാന്‍ പ്രണയിചിട്ടുണ്ട് ,സൗദി അറേബ്യയിലെ പ്രവാസകാലം ഒരാഴ്ച്ചയോളം മരുഭൂമിയില്‍ താമസിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മനോഹരമായ വിവരണം,അനാമിക പറഞ്ഞ പോലെ ചിത്രങ്ങള്‍ അതിലേറെ മനോഹരം.ആശംസകള്‍ നന്മകളോടെ ,\

    ReplyDelete
  4. മാഫിയക്കാരെ പോലീസിൽ ഏൽപ്പീക്കൂ
    നന്നായിരിക്കുന്നു നല്ല പോസ്റ്റ്, ഒരു മണൽകാറ്റിൽ പെട്ടു

    ReplyDelete
  5. ഒരു സുന്ദരന്‍ യാത്ര ...നന്ദി !
    നല്ല അവതരണം അതിലേറെ മനോഹരമായ സ്റ്റില്ലുകള്‍ ...
    ഏതാ കേമറ ..ആരാ ഇതൊക്കെ ഒപ്പിയെടുത്തത് !?
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  6. സൃഷ്ടിച്ചവനെ മറക്കുന്ന കാലം ..അറേബ്യന്‍ രാജ്യങ്ങളുടെ സ്വന്തമായിരുന്ന ബദുക്കള്‍ അന്ന്യം വന്നില്ലേ ..ഷിയാ, സുന്നി ..വകഭേദങ്ങള്‍ ...ഒരു democratic ഭരണ സംവിധാനം എന്ന് വരുന്നോ അന്നേ ഈ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കൂ ..നമുക്കെഴുതാം ..എഴുതിക്കൊണ്ടെയിരിക്കാം ....
    ചിത്ത്രങ്ങള്‍ മനോഹരം ..ഒരിക്കല്‍ തിരിച്ചു വന്നെ കഴിയൂ എന്ന് വല്ലപ്പോഴും ഓര്‍മിക്കുക ...

    ReplyDelete
  7. നല്ല ചിത്രങ്ങളും അതിലും നല്ല വിവരണങ്ങളും.അതിരൂക്ഷം വീശിയടിക്കുന്ന മരുക്കാറ്റിലൂടെയും പെരുമഴയിലൂടെയും സൂറിലേക്കും രസ്ഖരയിലെക്കുമുള്ള യാത്രകള്‍ ഓര്‍മ്മവരുന്നു.

    ReplyDelete
  8. ഹേ, മണല്‍മലകളേ..
    നിങ്ങള്‍, ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു
    നിമിത്തമായിട്ടില്ല
    ഓ റൂബ്ഉല്‍ഖാലീ....
    നിന്റെ കവാടങ്ങള്‍ തുറന്നാലും...


    മനോഹരമായ സ്റ്റില്ലുകള്‍, നല്ല വിവരണം....

    ReplyDelete
  9. സംഗതി സൂപര്‍ .....
    ഉപയോഗിച്ചിരിക്കുന്ന ഫോടോഗ്രാഫ്സ് ആരാ എടുത്തത് ? അതാണ് ഈ പോസ്റ്റിലെ കിടു .........
    കിടിലന്‍ ഫോട്ടോസ് ..........

    ReplyDelete
  10. നന്നായിട്ടുണ്ട്, ഏറ്റവും ഇഷ്ടപ്പെട്ടത്, മണല്‍ മാഫിയക്കാരെ!, പക്ഷെ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഇതാണോ? ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളില്‍ ഒന്ന് എന്നതല്ലേ ശരി?

    ReplyDelete
  11. 'ഗാഫ് വൃക്ഷത്തിനടിയിലേക്ക് ഒരൊട്ടകത്തെ പായിച്ചു..!'
    എന്തായാലും വക്കീലമ്മ അവിടെ പോയി ഒരൊട്ടകത്തിനെ സ്വന്തം ഇഷ്ടസ്ഥലത്തേക്ക് ആട്ടിപ്പായിച്ചല്ലോ ?
    അതും യാതൊരു വിധ വാദങ്ങളും,നാടകങ്ങളും കൂടാതെ.
    അതാണ് വക്കീലമ്മ.
    നന്നായിട്ടുണ്ട് ട്ടോ. എഴുത്തും,ചിത്രങ്ങളും.
    കൂട്ടത്തിൽ മികച്ചവ ചിത്രങ്ങൾ തന്നെ.
    ആശംസകൾ.

    ReplyDelete
  12. ഗള്‍ഫിലാണെങ്കിലും ഒരു മരുഭൂമി കാണാന്‍ അവസരമുണ്ടായിട്ടില്ല
    ഈ മരുഭൂമീടെ പടമെല്ലാം മനോഹരമാണല്ലോ

    ഇത്രേം മണല്‍ കാണുമ്പോ നാട്ടിലെ മണല്‍ മാഫിയകളൊക്കെ സന്തോഷം കൊണ്ട് ഹൃദയസ്തംഭനം വന്ന് തട്ടിപ്പോകുമായിരിയ്ക്കും.
    അടുത്ത അവധിയ്ക്ക് ഒരു നാലഞ്ച് പെട്ടി മണല്‍ കൊണ്ടോയാലെന്താന്ന് ഒരു ചിന്ത.

    ReplyDelete
  13. മരുഭൂമി അറ്റമില്ലാത്ത മോഹങ്ങളുടെയും ഭംഗങ്ങളുടെയും പ്രതീകമാണ്..
    വല്ലപ്പോഴും ഒരിക്കല്‍ ആ മണല്‍പ്പരപ്പില്‍ പാദങ്ങള്‍ അമര്‍ത്തി നില്‍ക്കൂ...
    എന്തെന്തെല്ലാം വികാരങ്ങളാണ് അത് നമ്മില്‍ ഉണര്‍ത്തുക.!
    മനോഹരമായ അവതരണം...ഭംഗിയുള്ള ചിന്തകള്‍...ചിത്രങ്ങളും...
    അഭിനന്ദനങ്ങള്‍....!

    ReplyDelete
  14. നേരിട്ട് മരുഭൂമീകൾ കാണാൻ സാധിച്ചിട്ടില്ലാ....ഒരു ചലനചിത്രം കണക്കെ അതിവിടെ കണ്ടു.നല്ലചിത്രങ്ങൾ.ചന്തുവിനും,ദേവുനും(മണല്‍ മാഫിയക്കാര്‍) ക്ഷേമാനേക്ഷണങ്ങൾ............

    ReplyDelete
  15. മരുഭൂമിയെ അറിയിച്ച എഴുത്ത്.....
    അഭിനന്ദനങ്ങൾ......

    ReplyDelete
  16. ചിത്രങ്ങളും, വിവരണങ്ങളും വളരെ മനോഹരം. മണല്‍ക്കൂനകളിലൊരു
    മരുഭൂവൃക്ഷം
    സൂര്യനെന്ന പോല്‍ ഏകാന്തം .

    ReplyDelete
  17. :)


    എനിക്കും ഒരു യാത്രാ വിവരണ ബ്ലോഗോക്കെയുണ്ട്. സമയം കിട്ടുമ്പോള്‍ അതിലെയൊക്കെ വരൂ, ചില പുതിയ സ്ഥലങ്ങളൊക്കെ പരിചയപ്പെടാം.

    ReplyDelete
  18. ഈ ബ്ലോഗില്‍ എത്താന്‍ ഞാനും വൈകി , മനോഹരമായ ചിത്രങ്ങള്‍ , വിവരണം കുറച്ചു കൂടി ആവാമായിരുന്നു എന്ന് തോന്നി , വീണ്ടും വരാം

    ReplyDelete
  19. വിവരണം ഇഷ്ടം. അതിലേറെ ഇഷ്ടം മനോഹരമായ ചിത്രങ്ങള്‍...സൂര്യന്‍ ഒരു രത്നക്കല്ല് പോലെ മോഹിപ്പിച്ചു.

    ReplyDelete
  20. ഹോ തകര്‍ത്തു , ആദ്യമായി ആണ് ഇവിടെ, ഇനി എപ്പോളും ഈ വഴി എന്നെ പ്രതീക്ഷിക്കാം ,എഴുത്ത് പെട്ടന്ന് തീര്‍ന്നു പോയ പോലെ തോന്നി കുറച്ചു കൂടി എഴുതാമായിരുന്നു വായനയില്‍ ലയിച്ചു തുടങ്ങിയപ്പോളെക്കും തീര്‍ത്തു കളഞ്ഞില്ലേ ,ചിത്രങ്ങളും നന്നായി ...നല്ലൊരു ബ്ലോഗ്ഗ് ആശംസകള്‍ ചേച്ചി .....

    ReplyDelete
  21. @@

    എന്തോരപാരം ഭീഭല്‍സം മനോഹരം ഭയാനകം ആഹ്ലാദമീ വരികള്‍ !
    ബ്ലോഗിലേക്കുള്ള വഴിപോലും മറന്നുപോയ എന്നെപ്പോലുള്ള പട്ടിണിബ്ലോഗര്‍മാരെ കൊതിപ്പിക്കുന്ന ഈ പോസ്റ്റ്‌ വായിച്ചു ഞെട്ടി. കീബോര്‍ഡും മൌസും വെച്ച് ഞാനിതാ കീഴടങ്ങുന്നു ശകുന്തളേ!

    ***

    ReplyDelete