നിസ്_വ യില്‍ ഒരു പുരാതീന ഗുഹയുണ്ട് ; അവധിക്കു നമുക്ക് അത് കാണാന്‍ പോകാം എന്ന് ചേട്ടായി പറഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ബാലരമ,പൂമ്പാറ്റ കഥകളിലെ സൂത്രശാലിയായ കുറുക്കനും, മണ്ടന്‍ പുലിയും , ക്രൂരന്‍ സിംഹവുമൊക്കെ പാര്‍ത്തിരുന്ന ഗുഹകളായിരുന്നു.അറബി നാടായതു കൊണ്ട് അലാവുദ്ദീന്റെ അത്ഭുതഗുഹ വല്ലതും ആയിരിക്കുമോ എന്നും സംശയം തോന്നാതിരുന്നില്ല.അപ്പോഴാണ് ചേട്ടായി പറഞ്ഞത് ; ആ ഗുഹക്ക് രണ്ടര മില്ല്യന്‍ കൊല്ലങ്ങള്‍ പഴക്കമുണ്ടത്രേ.മാത്രമല്ല ,ലോകത്തെ ഏറ്റവും വിസ്താരമേറിയ ഗുഹകളില്‍ ഒന്നാണത്രേ ഇത്.ചിലപ്പോള്‍ ഇത് പഴയ അല്ലാവുദ്ദീന്റെ ഗുഹയാകാനും മതി. ഗുഹ കല്ല് കൊണ്ട് മൂടിയിട്ടുണ്ടെങ്കില്‍ 'ഓപ്പണ്‍ സെസേം' എന്നു പറഞ്ഞു നോക്കണമെന്ന് അപ്പഴേ മനസ്സിലുറപ്പിച്ചു. എന്നാലത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വച്ച് ഞങ്ങള്‍ കുറേപ്പേര്‍ പുറപ്പെട്ടു.
പോകുന്ന വഴി ഒമാന്റെ ഭൂപ്രകൃതി ശരിക്കും ആസ്വദിച്ചു . മഴ പെയ്ത അവസരമായത് കൊണ്ട് അത്യാവശ്യം പച്ചയോക്കെയുണ്ട്. മലകളാണ് എങ്ങും,മനോഹര പ്രകൃതി തന്നെ. കാലാവസ്ഥയും വളരെ നല്ലത്.


രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഗുഹ ടൂറിസം ഓഫീസില്‍ എത്തി, ടിക്കെറ്റ് എടുത്തു.ഒരു ഇലക്ട്രിക് ട്രെയിനില്‍ ആണ് സഞ്ചാരികളെ ഗുഹക്കകത്തെക്കു കൊണ്ട് പോകുന്നത്.ഏഴു കമ്പാര്‍ട്ട്മെന്റ് ഉള്ള കൊച്ചു ട്രെയിന്‍ .ഓഫീസ് മുറ്റത്ത് നിന്ന് ഗുഹാമുഖം വരെ ഈ ട്രെയിന്‍ പോകും.അവിടെ നിന്ന് കാല്‍നട.ഓരോ ഗ്രൂപ് ആയാണ് കൊണ്ടു പോകുക.ഞങ്ങളുടെ നമ്പര്‍ 21.പതിനെട്ടേ ആയിട്ടുള്ളൂ. ഇനിയും സമയമുണ്ട്. ഞങ്ങള്‍ വെയിറ്റിംഗ് ഹാളില്‍ ചെന്നിരുന്നു. കുട്ടികള്‍ അവിടെയിരുന്നു കളി തുടങ്ങി.ഹാളില്‍ പല രാജ്യക്കാരുമുണ്ട്. എല്ലാവരും അവിടെ സ്ഥാപിച്ചിട്ടുള്ള വലിയ LCD സ്ക്രീനില്‍ ഗുഹയുടെ വിവരണം കണ്ടു കൊണ്ടിരിക്കുകയാണ്. കാണാന്‍ പോകുന്ന പൂരം ശ്രദ്ധിച്ചു കണ്ടു. 1960 ല്‍ ഒരാട്ടിടയനാണ് ഇത് കണ്ടു പിടിച്ചതത്രേ. മൂന്നു കി.മി. നീളമുണ്ട് ഗുഹക്ക്. അതില്‍ എണ്ണൂറ് മീറ്റര്‍ മാത്രമേ ടൂരിസത്തിനായി അനുവദിച്ചിട്ടുള്ളൂ. ഒരു ഭൂഗര്‍ഭ നദിയും ഒരു തടാകവും, അതിനുള്ളില്‍ ഉണ്ട്.stalagmites പാറകള്‍ നിറഞ്ഞതാണ് അതിന്റെ ഉള്‍ഭാഗം.
 |
സഞ്ചാരികളെ ഗുഹക്കുള്ളിലേക്ക് കൊണ്ടുപോകുന്ന ഇലക്ട്രിക് ട്രെയിന്‍ |
വിവരണം കണ്ടു തീര്ന്നപ്പോഴേക്കും ഞങ്ങളുടെ നമ്പര്‍ വന്നു.ഉല്ലാസത്തോടെ എല്ലാരും എണീറ്റ്, ട്രെയിനില്‍ കയറി.രണ്ടു മൂന്നു മിനിട്ട് കൊണ്ട് ഞങ്ങള്‍ ഗുഹാമുഖത്തെത്തി.എല്ലാവരും ഇറങ്ങി.
നിലത്ത് കാല്‍ കുത്തിയപ്പോള്‍ ഒരു 'പുരാതീന' തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നത് പോലെ തോന്നി. ചരിത്രം ഉറഞ്ഞു കിടക്കുന്ന കനത്ത അന്തരീക്ഷം. രണ്ടരക്കോടി വര്‍ഷങ്ങള്‍ ...! ഇവിടെ ആരൊക്കെ....? എന്തൊക്കെ..? ഹൊ..ആലോചിക്കുമ്പോള്‍ തന്നെ വീണ്ടും ആ പുരാതീനകുളിര്‍ അരിച്ചു കയറുന്നു. ഞാന്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു.എന്റെ കാലടികളും അവിടെ നല്ലവണ്ണം പതിയട്ടെ..!!
 |
ഇവിടെ നിന്ന് കാല്‍നടയായി ഉള്ളിലേക്ക് . |
ഞങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു.ഓ..ചുമ്മാ ഒരു ഇടുങ്ങിയ ഗുഹയല്ല., കടന്നു ചെല്ലുന്നത് വളരെ വിശാലമായ ഹാള്‍ പോലെയുള്ള ഭാഗത്തേക്കാണ്.ഗൈഡ് വിവരണം തുടങ്ങി. ഇത് പോലുള്ള മൂന്നു ഹാളുകള്‍ ചേര്‍ന്നതാണ് ഗുഹ. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് താഴെയുള്ള തട്ടില്‍ ,ഇനി ഇതിനു മുകളിലും, അതിനപ്പുറത്ത് വീണ്ടും താഴെയുമായി രണ്ടു ഹാളുകള്‍ കൂടി. കടന്നപ്പോള്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം. ഭൂഗര്‍ഭനദിയുടേതാണ്.നല്ല തണുപ്പും. സ്റ്റീല്‍ കൊണ്ട് നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.അതിലൂടെ വേണം നടക്കാന്‍.സൂര്യപരകാശം കടന്നു ചെല്ലാത്ത ഗുഹയില്‍ അവിടവിടെ ചൂട് വളരെ കുറഞ്ഞ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
 |
ഗുഹ ചുറ്റിക്കാണാന്‍ സ്റ്റീല്‍ നടപ്പാത |
ആഹ...! എന്തായീ കാണുന്നത് ..! ചുറ്റിലും പലതരം രൂപങ്ങളുടെ മായക്കാഴ്ച. ചുണ്ണാമ്പുകല്ലിന്റെ (limestone) മായാജാലം.ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് തനിയെ വാര്‍ന്നുണ്ടായ രൂപങ്ങള്‍ .ഒരിടത്ത് തൂണുകള്‍ പോലെ. ഒരിടത്ത് ശിവലിംഗങ്ങള്‍ ഭൂമിയില്‍ നിന്നും മുളച്ചു പൊന്തി നില്‍ക്കുന്നു. നമുക്ക് പല രൂപങ്ങളും സങ്കല്‍പ്പിച്ചെടുക്കാം.കാല്‍സ്യം ഡിപ്പോസിറ്റിന്റെ ഡള്‍ റെഡും ,മഗ്നീഷ്യത്തിന്റെ ഇളംറോസും കലര്‍ന്ന രൂപങ്ങള്‍, ഇരുണ്ട ഗുഹാപശ്ചാത്തലത്തില്‍ ഡാവിഞ്ചി യുടെയും,മൈക്കലാഞ്ചലോയുടെയും ചിത്രങ്ങളിലെ രൂപങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് മേലാപ്പില്‍ നിന്ന് താഴേക്കു തൂങ്ങിക്കിടന്നു.


ഇനി അടുത്ത തട്ടിലേക്ക്.പടികളിലൂടെ സൂക്ഷിച്ചു വേണം കയറാന്‍. .,. ഞങ്ങള്‍ മുകള്‍ത്തട്ടിലെ ചെറിയൊരു സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഹാളിലെത്തി.ഇവിടെ നമ്മെ വരവേല്‍ക്കുന്നത് വലിയൊരു സിംഹമാണ്; ഗാംഭീര്യത്തോടെ വശം തിരിഞ്ഞങ്ങനെയിരിക്കുന്നു. ചുണ്ണാമ്പുകല്ലിന്‍റെ മായാജാലം സിംഹരൂപത്തില്‍ .അതിനപ്പുറത്ത് ശില്‍പ്പങ്ങളുടെ ഒരു കൂട്ടം. അതാ ഏറ്റവും മുകളില്‍ നമ്മുടെ ഗണപതി.,തുമ്പിക്കയ്യുമോക്കെയായി അനുഗ്രഹം ചൊരിഞ്ഞ് ഇരിക്കുന്നു.ഒപ്പമുള്ള ഗൈഡ് ഓരോ രൂപത്തിനെയും ലേസര്‍ ടോര്‍ച്ച് കൊണ്ട് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്. ചില രൂപങ്ങള്‍ ഗൈഡ് പറയുമ്പോഴാണ് ഇന്നതാണെന്ന് മനസ്സിലാവുന്നത്.ഗൈഡ് ചൂണ്ടിക്കാണിക്കുന്നതിനു മുന്‍പ് തന്നെ ഗണപതിയെ എല്ലാര്‍ക്കും മനസ്സിലായി. ഇവിടെ ഫോട്ടോ എടുക്കുന്നതിനു കര്‍ശന നിയന്ത്രണമുണ്ട്. പക്ഷെ ഫ്ലാഷ് ഇല്ലാതെ കൂടെയുള്ള ചിലര്‍ മൊബൈലില്‍ ഫോട്ടോ എടുത്തു.ഈ തട്ടില്‍ നല്ല ചൂടാണ്. സ്വെറ്റര്‍ ഇട്ടിരുന്നവരൊക്കെ വിയര്‍ത്തു തുടങ്ങി,അതൂരി കയ്യില്‍ പിടിച്ചു. ആ തട്ടില്‍ നിന്ന് മലയുടെ മുകള്‍ ഭാഗത്തേക്ക് അധികം ദൂരമുണ്ടാവില്ല.അത് കൊണ്ടാണ് ചൂട്.
 |
ഗണപതിയും.., മറ്റു ശില്പ്പങ്ങളും. |
 |
ചുണ്ണാമ്പുകല്ലിന്‍റെ മായാസിംഹം |
ഇനി വീണ്ടും ഇറക്കം. സ്റ്റീല്‍ പടികളിലൂടെ സൂക്ഷിച്ച്...!ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉച്ചത്തിലായി. ഇവിടെയാണ് ഭൂഗര്‍ഭനദിയുടെ ഉല്‍ഭവം. വീണ്ടും നല്ല തണുപ്പ്. വശങ്ങളില്‍ പാറകളിലൂടെ വെള്ളം ഊറിയിറങ്ങുന്നു.ചിലയിടത്ത് നല്ല വഴുക്കല്‍ ഉണ്ട്. ഗൈഡ് മുന്നറിയിപ്പ് തന്നു.
കോടി വര്‍ഷങ്ങളായി വെള്ളം ഒലിച്ചിറങ്ങുന്ന പാറകള്‍ . പാറകളെ അലിയിച്ചു കൊണ്ട് ജലം തീര്‍ത്ത ശില്‍പ്പങ്ങള്‍ .ഇവിടെ ജലം ഒരു ശില്പ്പിയായിരിക്കുന്നു.കടുത്ത പാറക്കെട്ടുകള്‍ ശില്‍പ്പിയുടെ കയ്യില്‍ മെഴുക് പോലെ മൃദുലമാകുന്നു ; കാലത്തിന്റെ ഉളിയാല്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ ...!
ഇനി വീണ്ടും പടികള്‍ താഴേക്ക് .എത്തിച്ചേര്‍ന്നത് ചെറിയൊരു തടാകത്തിനരില്‍ .പടികള്‍ അവിടെ അവസാനിച്ചു. കോടിക്കണക്കിനു വര്‍ഷങ്ങളായി സൂര്യപ്രകാശം കടന്നു ചെല്ലാത്ത ആ തടാകത്തിലും ജീവനുണ്ട്...! രണ്ടു തരം മത്സ്യങ്ങളെ അതില്‍ കാണാം. നമ്മുടെ ഗപ്പി പോലെയുള്ള ഒരിനം ചെറിയ മത്സ്യവും., പിന്നെ ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കണ്ണില്ലാത്ത മീനും. (blind fish.) ഇവ കൂടാതെ ഗുഹക്കകത്തുള്ള ജീവി ഒരിനം എട്ടുകാലിയാണ്. എട്ടു കണ്ണുകളും,എട്ടു കാലുകളും ഉള്ള എട്ടുകാലി.
 |
രണ്ടരക്കോടി വയസ്സുള്ള മീന്‍ ഫോസ്സില്‍ |
 |
ബ്ലൈന്‍ഡ് ഫിഷ് |
വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റില്ല .അഴികളിട്ടിട്ടുണ്ട് .എന്നാലും കോടിക്കണക്കിനു വര്‍ഷങ്ങളായി അവിടെയുള്ള തടാകത്തില്‍ കാലൊന്നു നനക്കാന്‍ മോഹം.അഴികള്‍ക്കിടയിലൂടെ പ്രയാസപ്പെട്ട് ,എത്തിച്ച് കാലൊന്നു നനച്ചു. ഹൊ..വീണ്ടും ആ ചിര പുരാതീന കുളിര് ......!ഒരു കല്ലും അതില്‍ നിന്നെടുത്തു.അങ്ങനെ രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള ഒരു കല്ലിന്‍റെ ഉടമയായി ഞാന്‍...! ..!,..!
 |
രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള കല്ല്. |
ഇനി മടക്കം. . തടാകത്തില്‍ നിന്ന് പടികള്‍ വേറൊരു ദിശയിലൂടെ പുറത്തേക്ക്. ചരിത്രത്തിന്റെ ഇരുളില്‍ നിന്ന് ഞങ്ങള്‍ വര്‍ത്തമാനത്തിന്റെ വെളിച്ചത്തിലേക്ക് വന്നു. അവിടെ ട്രെയിന്‍ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു . എല്ല്ലാവരും ചരിത്രപരമായ നിശബ്ദതയോടെ അതില്‍ കയറിയിരുന്നു. അപ്പോള്‍ അങ്ങകലെ മലകള്‍ക്കപ്പുറത്ത് അതേ ചിരപുരാതീനമായ ഗംഭീര്യത്തോടെ ചുവന്നു തുടുത്ത് സൂര്യന്‍ വിശ്രമിക്കാന്‍ ചായുകയായിരുന്നു..!