ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Friday, 3 June 2011

മഴയാട്ടമല്ലേ .., സഖീ

മഴ പെയ്തുതോരുവാന്‍ കാത്തുനില്‍ക്കേണ്ട നാം 
വാതില്‍ തുറന്നിങ്ങു പോരൂ സഖീ 
ഞാറിന്‍ തലപ്പുകള്‍ മുങ്ങി നിവരുമാ 
പാടവരമ്പോളം പോയി വരാം 

നിന്‍ മുടിക്കെട്ടൊന്നൊതുക്കി വച്ചീടു നീ 
മഴമുകില്‍ പോകാതെ പെയ്തിടട്ടെ 
കാട്ടു ഞാവല്‍ തിന്നു ചോന്ന കവിള്‍ത്തട -
മീമഴയേറ്റു കുതിര്‍ന്നിടട്ടെ 

കോലായിലറ്റത്തു  വൃത്തം ചമയ്ക്കുന്ന 
നൂറുകാല്‍ കൂട്ടരെ തൊട്ടിടാതെ
മഴമണി താളത്തില്‍ വീഴുമിറയ്ക്കലെ
കടലാസു തോണികള്‍ മുക്കിടാതെ 

പെയ്തുതിമര്‍ക്കുമീ മഴയത്തു കൈകോര്‍ത്തു 
ചോടു വച്ചു,  മയിലാട്ടമാടാം 
മഴപെയ്തു തോരുവാന്‍ കാത്തു നില്‍ക്കാതെ
നിന്‍ വാതില്‍ തുറക്ക; മഴയാട്ടമല്ലേ.

ഇടവഴിയറ്റത്തെ കാട്ടിലഞ്ഞിപ്പൂക്കള്‍ 
കോര്‍ത്തെടുക്കാം ചെറു മാല തീര്‍ക്കാം 
പോള പൊട്ടിയിളം കൈത മണക്കുന്ന 
തോട്ടിറമ്പത്തൂടെ പോയി നോക്കാം 

കുഞ്ഞു തവളകള്‍ നാമം ജപിക്കുമീ 
പാടവരമ്പത്തെന്‍ കൂടെ നില്‍ക്കു
തുള്ളി മറിയുന്ന കുഞ്ഞുമീന്‍ ചാട്ടങ്ങള്‍ 
കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കാം 

നിന്‍ ചിരി,യീമഴമുത്തായ്‌ പൊഴിയുന്നോ
നെയ്തലാമ്പല്‍ പൂക്കള്‍ കൂമ്പിടുന്നോ 
തരിക നിന്‍ കരമതിലൂന്നിയിറങ്ങട്ടെ 
ഈ വയല്‍ച്ചിരിയാകും പൂ പറിക്കാന്‍ 

ഓര്‍മ്മയില്ലേ, മഴപ്പാട്ടിപ്പോഴും സഖീ 
ഓര്‍ത്തെടുക്കൂ വൃഥാ  നിന്നിടാതെ 
ഈ നെയ്തലാമ്പലിന്‍ പൂവു നല്‍കാം നിന-
ക്കാമഴപ്പാട്ടു നീ പാടുമെങ്കില്‍ ..!

22 comments:

  1. നല്ല വരികൾ
    ഓര്‍മ്മയില്ലേ, മഴപ്പാട്ടിപ്പോഴും സഖീ
    ഓര്‍ത്തെടുക്കൂ വൃഥാ നിന്നിടാതെ
    ഈ നെയ്തലാമ്പലിന്‍ പൂവു നല്‍കാം നിന-
    ക്കാമഴപ്പാട്ടു നീ പാടുമെങ്കില്‍ ..!

    ReplyDelete
  2. "മഴപെയ്തു തോരുവാന്‍ കാത്തു നില്‍ക്കാതെ
    നിന്‍ വാതില്‍ തുറക്ക; മഴയാട്ടമല്ലേ."



    നന്ദി..
    വാക്കുകളുടെ ഈ തേന്മഴയില്‍ എന്നെ കുളിരണിയിച്ചതിനു..
    എന്റെ ബാല്യത്തിലേക്ക് ഒഴുകിപ്പോയ കളിവള്ളം തിരികെ തന്നതിനു..
    എന്റെ തൊടിയിലെ മാവിലെ ചറ പറ ചാര്‍ത്തലില്‍ എന്നെ മയക്കിയതിനു..

    എന്റെ മരുഭൂക്കിനാക്കളലില്‍ ആര്‍ത്തുലച്ച് പെയ്ത ഏസീ മുരള്‍ച്ചയെ
    തുലാവര്‍ഷമാക്കി പരിണമിപ്പിച്ചതിനു...

    നന്ദി..ഈ മഴയ്ക്ക്.....!

    ReplyDelete
  3. നല്ല കവിതയ്ക്ക് ആശംസകള്‍..

    ReplyDelete
  4. നല്ല കവിത ലളിതമായ വരികൾ.
    ഭംഗിയാർന്ന ഒരു ചാറ്റൽ മഴ
    ആസംസകൾ..

    "കുഞ്ഞു തവളകള്‍ നാമം ജപിക്കുമീ
    പാടവരമ്പത്തെന്‍ കൂടെ നില്‍ക്കു
    തുള്ളി മറിയുന്ന കുഞ്ഞുമീന്‍ ചാട്ടങ്ങള്‍
    കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കാം"

    ഇപ്പോ പാടവരമ്പത്തൂന്ന് ഇവയെല്ലാം കണ്ടും കേട്ടും
    കേറിയതേയുള്ളൂ............

    ReplyDelete
  5. മനസ്സു നിറച്ച വരികൾ...കൂട്ടുകാരന്റെ കൈ പിടിച്ച് നടക്കുന്ന പോലെ തോന്നി..നന്ദി

    ReplyDelete
  6. സിവനേയ്.........

    ReplyDelete
  7. പദ്യകവിത നന്നായി
    :-)

    ReplyDelete
  8. ഒരു മഴപ്പാട്ട് ................

    മഴയാട്ടമല്ലേ എന്ന പ്രയോഗം കൊള്ളാം

    ReplyDelete
  9. എനിക്ക് വയ്യ ഇന്ന് ഇത് പത്താമത്തെ മഴക്കവിതയാണ്…ഈ മഴ തുടങ്ങിയാൽ ഇതാ പരിപാടി..ബ്ലോഗർമാരെല്ലാം മഴയുടെ പിന്നാലെയാണല്ലോ? കവിത നന്നായിട്ടുണ്ട്…

    ReplyDelete
  10. ഒരു കമന്റ് കണ്ടെന്റെ മനസ്സ് നിറഞ്ഞു.
    ഒരിക്കല്‍ക്കൂടി, കവിതയ്ക്ക് ഹൃദയാശംസകള്‍..

    ReplyDelete
  11. വെറുതെയാ മഴപ്പാട്ടോന്നോര്‍മ വന്നൂ
    സഖി കരളില്‍ മഴയൊന്നു പെയ്തു തോര്‍ന്നു :)

    ReplyDelete
  12. പുതുമണ്ണില് പുതുനാമ്പ് കിളിപ്പിച്ചു മഴ ഇടിവെട്ടി തോരാതെ പെയ്യട്ടെ..

    ReplyDelete
  13. hai...എന്തൊരു രസമായിരിക്കുന്നൂ...!!!

    ReplyDelete
  14. nostaljic... എന്റെ ബ്ലോഗില്‍ വന്ന ഒരു കമന്റിലൂടെയാണ് ഇവിടെയെത്തിയത്..... :)

    ReplyDelete
  15. ഈ മഴപ്പാട്ട് എന്റെയൊപ്പം പാടിയതിന് എല്ലാര്‍ക്കും നന്ദി...!.

    ReplyDelete
  16. ആഹാ ..മഴ പോലെ സുന്ദരം ഈ കവിതയും.
    വളരെ നന്നായിരിക്കുന്നു.

    ReplyDelete
  17. മഴയുടെ മനോഹാരിത മനസ്സില്‍ വരചിട്ടതിനു നന്ദി
    നന്നായിട്ടുണ്ട്

    ReplyDelete
  18. മനോഹരമായ ഒരു ഫീല്‍ തരുന്നു. ലളിതവും സുന്ദരവും..

    ReplyDelete
  19. ഓര്‍മ്മയുടെ പാടവരമ്പില്‍
    പെട്ടെന്നൊരു മഴ!

    ReplyDelete
  20. ഇഷ്ടപെടാതിരിക്കാന്‍ വയ്യാത്തൊരു കവിത
    ഈണം ചേര്‍ത്ത് ചൊല്ലുവാന്‍ കഴിയുന്ന ലളിതമനോഹരമായത്.

    അഭിനന്ദനംസ്!

    ReplyDelete
  21. "നിന്‍ മുടിക്കെട്ടൊന്നൊതുക്കി വച്ചീടു നീ
    മഴമുകില്‍ പോകാതെ പെയ്തിടട്ടെ "
    ...
    ...
    ...

    great..

    ReplyDelete