ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 7 June 2011

ദേശങ്ങള്‍ എങ്ങും ബാക്കിയില്ല

പെരുവഴികള്‍ക്കനേകം 
നടവഴികളുണ്ടെന്നു പറഞ്ഞാണ്, കാറ്റ്
കരിയിലകളെ മുഴുവന്‍ 
ഇടവഴിയിലേക്കൂതിപ്പറപ്പിച്ചത്.
പെരുവഴിയില്‍ ബാക്കിയായത് ,
വഴിതെറ്റിവന്ന ഞണ്ട്..
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ .

പറക്കാനിനി ആകാശങ്ങള്‍ 
ബാക്കിയില്ലെന്നൊരു വെള്ളിപ്പറവ.
ആകാശം തലയിലിടിഞ്ഞു വീഴട്ടെ -
യെന്നു പ്രാകിയപ്പോള്‍ 
മുഴുവനത് ഇടിഞ്ഞുവീണതാണെന്നൊരുവള്‍.
തുഴയാനിനി പുഴയിലും ,കടലിലും 
വെള്ളമില്ലെന്നു തോണിക്കാരന്‍ .
വെള്ളത്തില്‍ വരച്ച വരകള്‍ 
മായ്ച്ചും വീണ്ടും വരച്ചും 
വെള്ളം മുഴുവന്‍ വരകള്‍ കൊണ്ടു
നിറച്ചെടുത്തതിനാലാവാമെന്നൊരു കൂട്ടര്‍.

ആകാശവും നക്ഷത്രങ്ങളും 
ഇല്ലെങ്കില്‍പ്പോലും  രാവ്‌ ,
കാറ്റ് വീശുന്ന  പുല്‍മേടാണ് .
പുലര്‍യാമങ്ങളില്‍ നമുക്ക് 
നിന്നുറങ്ങാനൊരിടം.
ഓരോ പുല്‍മേടും 
അതിന്റെ പുതപ്പില്‍ 
ഓരോ ദേശത്തെ മറയ്ക്കുന്നു.

ഒരു മരത്തെ 
ഞാന്‍ തൊടുമ്പോഴേക്ക് 
പെട്ടെന്നത്‌  അന്യന്റെതായിത്തീരുന്നു 
ഒരു പാറക്കല്ലില്‍ ഞാനിരിക്കുമ്പോള്‍ 
അത് ചിറകു മുളച്ചു പറന്നകലുന്നു.
ഞാനെവിടെപ്പോകും ..?

പെരുവഴിയില്‍ വഴിതെറ്റി വന്നൊരു 
ഞണ്ടിനൊപ്പം ഞാന്‍ നടക്കുന്നു.
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ..

18 comments:

 1. "പെരുവഴിയില്‍ വഴിതെറ്റി വന്നൊരു
  ഞണ്ടിനൊപ്പം ഞാന്‍ നടക്കുന്നു.."
  .ഞാനും......)
  ഈ കവിതകള്‍ ബ്ലോഗില്‍ മാത്രം ഒതുങ്ങേണ്ടതല്ല എന്ന് തോന്നുന്നു ..

  ReplyDelete
 2. നല്ല ആശയം നന്നായി എഴുതി ഇടയ്ക്ക് അല്പം മോശമാക്കി ഒടുവില്‍ നന്നായി അവസാനിപ്പിച്ചു. തന്റെ ലോകം നഷ്ടപ്പെടുന്നതിന്റെ വിഹ്വലതകള്‍ നായി അവതരിപ്പിച്ചു.

  "ആകാശവും നക്ഷത്രങ്ങളും
  ഇല്ലെങ്കില്‍പ്പോലും രാവ്‌ ,
  കാറ്റ് വീശുന്ന പുല്‍മേടാണ് .
  പുലര്‍യാമങ്ങളില്‍ നമുക്ക്
  നിന്നുറങ്ങാനൊരിടം.
  ഓരോ പുല്‍മേടും
  അതിന്റെ പുതപ്പില്‍
  ഓരോ ദേശത്തെ മറയ്ക്കുന്നു."

  ഈ വരികള്‍ ഈ കവിതയുടെ പൊതുധാരയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി എനിക്ക് തോന്നുന്നു.(എന്റെ തോന്നലാകാം)
  എഴുത്ത് കൂടുതല്‍ പുരോഗമിക്കുന്നു.ആശംസകള്‍ ......

  ReplyDelete
 3. നന്നായിട്ടുണ്ട്

  ReplyDelete
 4. പെരുവഴിയില്‍ വഴിതെറ്റി വന്നൊരു
  ഞണ്ടിനൊപ്പം ഞാന്‍ നടക്കുന്നു.

  ReplyDelete
 5. നല്ലതെന്ന് തോന്നുന്ന കവിതകൾ ആനുകാലീകങ്ങളിലേക്ക് അയക്കൂ...
  ഗംഭീരമാണ് ഓരോന്നും..
  ചില വിലാസങ്ങൾ ഇതാ.. weekly@madhyamam.in, weekly_desh@yahoo.in .

  ReplyDelete
 6. നാം മറന്നുകളയാൻ ആഗ്രഹിക്കുന്ന സത്യങ്ങൾ...നന്നായി വരച്ചിട്ടു,

  ReplyDelete
 7. നടക്കാനിനി വഴിയില്ല.
  പറക്കാന്‍ ആകാശവും.
  തുഴയാന്‍ ഒരിറ്റു ജലവും.
  ഇടമില്ലാത്ത ഇടങ്ങള്‍
  ജീവിതമാകെ പെരുകുന്നതിന്റെ
  നിസ്സഹായത ദുസ്സഹം.
  അതിനിവിടെ വാക്കുകളുടെ ചിറകുകള്‍.

  ഇത്തിരി വലിഞ്ഞു നീണ്ടെന്ന തോന്നലും
  വ്യക്തിപരത ഇടക്ക് തലനീട്ടുന്നുവെന്ന
  സന്ദേഹവും തടയുന്നില്ല വായനയെ.
  അതിനുമപ്പുറം പോവാന്‍ വഴിയുണ്ട്
  പ്രമേയതലത്തിന്റെ കരുത്തില്‍.

  ReplyDelete
 8. ഒരു വ്യത്യസ്തത അനുഭവപെടുന്നുണ്ട്.
  ആശംസകള്‍!

  ReplyDelete
 9. ഒരു മരത്തെ
  ഞാന്‍ തൊടുമ്പോഴേക്ക്
  പെട്ടെന്നത്‌ അന്യന്റെതായിത്തീരുന്നു
  ഒരു പാറക്കല്ലില്‍ ഞാനിരിക്കുമ്പോള്‍
  അത് ചിറകു മുളച്ചു പറന്നകലുന്നു.
  ഞാനെവിടെപ്പോകും ..?..

  ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ...ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി വരും..നല്ല പ്രമേയം..നല്ല കവിത...ഇനിയും എഴുതുക..

  ReplyDelete
 10. നല്ല അഭിപ്രായങ്ങള്‍ എല്ലാരും പറഞ്ഞത് തന്നെ എനിക്കും :)
  ആശംസകള്‍

  ReplyDelete
 11. തുഴയാനിനി പുഴയിലും ,കടലിലും
  വെള്ളമില്ലെന്നു തോണിക്കാരന്‍ .
  വെള്ളത്തില്‍ വരച്ച വരകള്‍
  മായ്ച്ചും വീണ്ടും വരച്ചും
  വെള്ളം മുഴുവന്‍ വരകള്‍ കൊണ്ടു
  നിറച്ചെടുത്തതിനാലാവാമെന്നൊരു കൂട്ടര്‍.

  നല്ല കവിത *ഭാവുകങ്ങള്‍

  ReplyDelete
 12. രമേശ്‌ അരൂര്‍ ,ഞാന്‍, ABDULLA JASIM IBRAHIM,പകല്‍കിനാവന്‍ | daYdreaMer,yousufpa,നികു കേച്ചേരി,ഒരില വെറുതെ, ചെറുത്*,സീത*,നിശാസുരഭി, അസീസ്ഷറഫ്,പൊന്നാനി......

  എല്ലാരുടേം ..നല്ല വാക്കുകള്‍ക്കു നന്ദി...
  നന്നാക്കാന്‍ ശ്രമിക്കാം ഇനിയും...

  ReplyDelete
 13. ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് പോസ്റ്റ്‌ വായിച്ചു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

  ReplyDelete
 14. പുതുമയുള്ള പ്രമേയം,നല്ല ആഖ്യാന പാടവം... നല്ല ചിന്തക്ക് നമസ്കാരം

  ReplyDelete
 15. നല്ല കവിത, ലളിതമായ ആഖ്യാനം .... നന്നായിരിക്കുന്നു.
  ആദ്യമാണിവിടെ , ഇനിയും വരാം ട്ടോ...

  ReplyDelete
 16. പെരുവഴികള്‍ക്കനേകം
  നടവഴികളുണ്ടെന്നു പറഞ്ഞാണ്, കാറ്റ്
  കരിയിലകളെ മുഴുവന്‍
  ഇടവഴിയിലേക്കൂതിപ്പറപ്പിച്ചത്.
  good ..

  ReplyDelete
 17. വളരെ നല്ല കവിത. അഭിനന്ദനങ്ങള്‍

  ReplyDelete
 18. ഹാ മനോഹരം, ഇതില്‍ കൂടുതല്‍ നമ്മുടെ കാലത്തെ വരച്ചു വെക്കുവാന്‍ ആകില്ല.

  ReplyDelete