ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Wednesday, 1 June 2011

കിണര്‍ക്കാവല്‍

കിണര്‍ 
വട്ടമൊത്ത നീണ്ട തായ്ത്തടി 
അടിത്തട്ടോളം  വേര് പടര്‍ത്തി,
ആര്‍ദ്രത വലിച്ചൂറ്റുന്ന 
കണ്‍ ചിമ്മാത്ത ജലസാക്ഷി 
നീരാവിച്ചിറകിനാല്‍ 
ആകാശമളന്ന് ,
സൂര്യനെ കൈയെത്തിപ്പിടിച്ച്,
മണ്‍നെഞ്ചിലിടര്‍ന്നിറങ്ങുന്ന 
സൌമ്യമായൊരു ജലച്ചുഴലി

ഞാന്‍ ചിരിച്ച ചിരികള്‍ 
മുഴുവന്‍ തിരിച്ചെനിക്ക്‌.
(ഒപ്പമെന്റെ തേങ്ങലും )
മുത്തശ്ശിക്കഥ പറഞ്ഞ്
തണുത്ത വിരലാല്‍ താരാട്ട് .
രാത്രികളില്‍ ചന്ദ്രനെ -
ക്കാണിച്ചോരാമ്പല്‍ച്ചിരി.

പൂപടര്‍ച്ചില്ലയില്‍ കിളി വന്നതും 
പൂവിതള്‍ നൃത്തം വെച്ചടര്‍ന്നതും 
കണ്ടതു ഞങ്ങളൊന്നിച്ച്.
കുയിലിന്റെ മറുവിളി 
രാപ്പാടിപ്പാട്ട് 
കേട്ടതും ഞങ്ങളൊന്നിച്ച്.

ഇനി 
ചുടു കാറ്റു വീശുന്ന വേനല്‍ 
അതിന്റെ കുരുത്തക്കേടില്‍
നിന്റെ ഉറവു വറ്റും
വരള്‍ച്ച നിന്നെ മുക്കിക്കളയും
വരണ്ട താഴ്വാരങ്ങള്‍ക്കു നേരെ 
കുതിച്ചോടുന്ന കൊറ്റനാടുകളുടെ കൊമ്പില്‍ 
മരണം നിനക്ക് ദൃശ്യമാകും 

എന്നാല്‍ 
ഞാന്‍ നിന്റെ വറ്റിയ 
ഉറവിനു കാവലിരിക്കും.
വിദൂരദേശങ്ങള്‍ താണ്ടി 
ദാഹിച്ചു വലഞ്ഞെത്തുന്നവരോട്
എനിക്കു മറുകുറി പറഞ്ഞല്ലേ പറ്റു 

പിന്നീട് 
കിഴക്കന്‍ ചക്രവാളത്തില്‍ അവര്‍
മറഞ്ഞു കഴിയുമ്പോള്‍ 
സ്വപ്‌നങ്ങള്‍
മേഘപ്പുരകളിലുറങ്ങിക്കഴിയുമ്പോള്‍
എന്റെ ഒറ്റത്തുള്ളിക്കണ്ണീര്‍ കൊണ്ട് 
നിന്നില്‍ അലകളുണരും..
അലകലുയരും ...
താഴ്വരയാകെ ഒഴുകിപ്പരക്കും...!


12 comments:

 1. വളരെ നന്നായി ഷെയ്ന ! ആദ്യഭാഗത്ത് കവയിത്രി ജലമായി,മഴയായി.. രണ്ടാംഭാഗത്തില്‍ കിണര്‍ക്കാവലിനിരിക്കുന്ന മഴത്തുള്ളിയായ്... വര്‍ണ്ണനകള്‍ സുന്ദരം.. നല്ല കവിതകള്‍ ഊര്‍ജ്ജം പകരുന്നവയാണ്.. അഭിനന്ദനങ്ങള്‍.. :)

  ReplyDelete
 2. വീണ്ടും മരണം????
  ഒരിത്തിരി ശുഭാപ്തിവിശ്വാസമൊക്കെയാവാംമെന്ന് തോന്നുന്നു...

  ReplyDelete
 3. അലയോതുങ്ങി യിട്ടില്ല ..ജലപ്പെരുക്കം പ്രളയമായ് വരും ...:)

  ReplyDelete
 4. ഇനി
  ചുടു കാറ്റു വീശുന്ന വേനല്‍
  അതിന്റെ കുരുത്തക്കേടില്‍
  നിന്റെ ഉറവു വറ്റും
  വരള്‍ച്ച നിന്നെ മുക്കിക്കളയും
  വരണ്ട താഴ്വാരങ്ങള്‍ക്കു നേരെ
  കുതിച്ചോടുന്ന കൊറ്റനാടുകളുടെ കൊമ്പില്‍
  മരണം നിനക്ക് ദൃശ്യമാകും

  നല്ല കുറെബിംബങ്ങളാൽ നിബിഡമായ നിലവാരമുള്ള ഒരു കവിത . അസ്സലായിരിക്കുന്നു

  ReplyDelete
 5. പൂപടര്‍ച്ചില്ലയില്‍ കിളി വന്നതും
  പൂവിതള്‍ നൃത്തം വെച്ചടര്‍ന്നതും
  കണ്ടതു ഞങ്ങളൊന്നിച്ച്.
  കുയിലിന്റെ മറുവിളി
  രാപ്പാടിപ്പാട്ട്
  കേട്ടതും ഞങ്ങളൊന്നിച്ച്.കവിത നന്നായിട്ടുണ്ട്

  ReplyDelete
 6. നല്ല വരികള്‍
  നിങ്ങളുടെ മനസ്സില്‍ നല്ല കവിതകള്‍ പിറക്കുന്നു
  അത് വായിക്കുന്നയാള്‍ക്ക് അതേ മനസ്സോടെ
  പകരണമെങ്കില്‍ എഴുത്തില്‍ കൂടുതല്‍ കയ്യടക്കം വേണം
  നന്നാവുന്നുണ്ട് കൂടുതല്‍ നന്നാക്കുക......

  ReplyDelete
 7. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 8. അതേ.., ഈ കാലം മാറുക തന്നെ ചെയ്യും. വളരെ നല്ല കവിത. നല്ല ബിംബങ്ങള്‍

  ReplyDelete
 9. എന്റെ ഒറ്റത്തുള്ളിക്കണ്ണീര്‍ കൊണ്ട്
  നിന്നില്‍ അലകളുണരും..
  അലകലുയരും ...
  താഴ്വരയാകെ ഒഴുകിപ്പരക്കും...!


  nalla kavitha

  ReplyDelete
  Replies
  1. അലകൾ ഇനിയും ഉയരും..

   നെല്ലിപ്പലക കിണറ്റിനടിയിൽ ഇടാൻ മറക്കേണ്ട.. ആശംസകൾ

   Delete
 10. കൊള്ളാം..നല്ല വരികൾ

  ReplyDelete