ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Monday, 11 July 2011

പ്രണയം മറന്ന വഴി.

എന്റെ പ്രണയം 
കൊഴിഞ്ഞുവീണുപോയ വഴിയിലൂടെ 
ചാറ്റല്‍ മഴ നനഞ്ഞ് 
വെറുതെയൊന്നു നടക്കാനിറങ്ങി.
ഇലഞ്ഞിമരക്കാടിനുള്ളിലേക്ക് 
നീണ്ടു പോകുന്ന ഈ  വഴിയില്‍ വെച്ചാണ് 
ഒരു സന്ധ്യയില്‍ 
ഞാനെന്നെ മറന്നു വെച്ചത്.

വിസ്മൃതിയില്‍ നഷ്ടമായ 
സമയഗോപുരത്തിന്റെ 
മണിമുഴക്കം കേള്‍ക്കാനുണ്ടകലെ.
ഇഴപൊട്ടിയ പ്രണയനൂലുകള്‍
മഴക്കൊപ്പം ഊര്‍ന്നുവീഴുന്നു..

നിന്റെ പേര് പാടിക്കൊണ്ട് 
ഞാന്‍ നടക്കാറുണ്ടായിരുന്ന കാട്ടുവഴി.
എന്റെ നെടുവീര്‍പ്പുകളാല്‍ 
ഇലഞ്ഞിമരങ്ങള്‍ക്കറിയാമെന്നെ.
വസന്തം വരുന്ന കാര്യം 
മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞ്
ഒരു മരം എന്നോട് പറഞ്ഞു.

'നിന്റെ നെടുവീര്‍പ്പുകളില്‍ 
വേരുറപ്പിച്ച് നീയെന്തിനു 
വസന്തം കാത്തിവിടെ നില്‍ക്കണം' .?
-ഇലഞ്ഞിപ്പൂമണം വഹിക്കാന്‍ 
തയ്യാറെടുത്തൊരു കാറ്റ് 
എന്റെ ശ്രുതിശൂന്യമായ ഗാനത്തെ 
പറത്തിക്കളഞ്ഞു വിസ്മയപ്പെട്ടു.

നിന്റെ പേരുറക്കെ പാടിക്കൊണ്ട് 
ഞാനുല്ലസിക്കാറുണ്ടായിരുന്ന കാട്ടുവഴി,
ഇലഞ്ഞിപ്പൂക്കളാല്‍ മേല്‍വിരിപ്പു  തുന്നാന്‍ 
തയ്യാറെടുത്തു നീണ്ടു കിടന്നു.

എന്റെ കാല്‍പ്പാട് പതിഞ്ഞതും 
നിന്റെ ഓര്‍മ്മയാല്‍  
മരചില്ലകള്‍ക്കിടയില്‍ നിന്നൊരു 
നീലശലഭം പറന്നുയര്‍ന്നു..
ഇനിയീ വഴി മുഴുവന്‍ 
നീലശലഭങ്ങള്‍ 
എന്നെയും കൊണ്ടു പറക്കും.
മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍....
ഇലഞ്ഞി മരക്കൂട്ടങ്ങള്‍ക്കിടയില്‍....
ഇനി നീ വരാത്ത വഴിയില്‍....
ഞാന്‍ കണ്‍ തുറക്കാതെ നടക്കും........

17 comments:

 1. മേല്‍വിരിപ്പു തുന്നാല്‍ ഇലഞ്ഞിപ്പൂക്കള്‍
  നീണ്ടു കിടക്കുന്ന ഈ കാട്ടുവഴി
  കവിതക്കു മാത്രം നല്‍കാനാവുന്ന
  അളവറ്റ സന്തോഷം നല്‍കുന്നു.
  ഭാവനക്കു മാത്രം ചെന്നെത്താനാവുന്ന
  വഴിയിലൊരിടത്ത് കളഞ്ഞുപോയ വാക്കുകള്‍
  പ്രണയത്തേക്കാള്‍ ജൈവമായ
  പല തലങ്ങള്‍ തൊടുന്നു.
  ആഹ്ലാദകരം ഈ വായന.

  ReplyDelete
 2. ഇതാണ് പ്രണയകവിത............
  പ്രണയത്തെ,പ്രണയകാലത്തെ അതിന്റെ തീക്ഷ്ണതയില്‍ വരച്ചിട്ട വരികള്‍ .........
  മനസ്സറിഞ്ഞ് പ്രണയിച്ചവര്‍ക്ക് സ്പര്‍ശിച്ചറിയാവുന്ന
  വരികള്‍ . ഈ വായനാനുഭവത്തിന് നന്ദി .....

  ReplyDelete
 3. മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍....
  ഇലഞ്ഞി മരക്കൂട്ടങ്ങള്‍ക്കിടയില്‍....
  ഇനി നീ വരാത്ത വഴിയില്‍....
  ഞാന്‍ കണ്‍ തുറക്കാതെ നടക്കും........
  -------------------
  നന്നായിട്ടുണ്ട് ,,:)

  ReplyDelete
 4. മനോഹരം..ഷൈനാ..
  പ്രണയ കവിതകൾ എഴുതേണ്ടത് എങ്ങിനെയെന്ന് എനിക്കു മനസ്സിലായി വരുന്നു....

  ReplyDelete
 5. നല്ലൊരു പ്രണയകവിത...

  ReplyDelete
 6. ഇഷ്ടപെട്ടു എന്ന്മാത്രം പറഞ്ഞാല്‍ കുറഞ്ഞ് പോവും
  എങ്കിലും ഇപ്പൊ അതേ പറയുന്നുള്ളൂ

  ആശംസകള്‍ :)

  ReplyDelete
 7. നല്ല അടക്കവും ഒതുക്കവും, കവിതയ്ക്ക് :)
  ഒരു മഴയാട്ടത്തിന്റെ ഓര്‍മ്മയും കൂട്ടുണ്ട്.

  ReplyDelete
 8. സ്വയം നഷ്ടമാകുന്നിടത്തു തന്നെയാണ് പ്രണയത്തിന്റെ ആത്മീയ മാനം അനുഭവമാകുന്നത്. സമര്‍പ്പിത പ്രണയമേ.. നിനക്കഭിവാദനം.

  ReplyDelete
 9. പ്രണയം..ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം ..നന്നായിട്ടുണ്ട്...

  നിന്റെ പേര് പാടിക്കൊണ്ട്
  ഞാന്‍ നടക്കാറുണ്ടായിരുന്ന കാട്ടുവഴി.

  നിന്റെ പേരുറക്കെ പാടിക്കൊണ്ട്
  ഞാനുല്ലസിക്കാറുണ്ടായിരുന്ന കാട്ടുവഴി,...

  ഈ ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു..ഇനിയുമെഴുതുക..ഭാവുകങ്ങള്‍ ...
  ഇതൊന്നു നോക്കൂ..
  http://harithakamblog.blogspot.com/2011/09/blog-post.html

  ReplyDelete
 10. ദൃശ്യ ബിംബങ്ങളുടെ മനോഹാരിതയാണ് ഷൈനയുടെ കവിതകളില്‍

  ReplyDelete
 11. പൂത്തുലഞ്ഞൊരു ഇലഞ്ഞിമരച്ചുവട്ടില്‍ നില്‍ക്കുന്നതുപോലെ ആസ്വാദ്യകരമായ വരികള്‍...

  ReplyDelete
 12. "ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
  വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
  എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
  നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.."

  ReplyDelete
 13. എന്റെ കാല്‍പ്പാട് പതിഞ്ഞതും
  നിന്റെ ഓര്‍മ്മയാല്‍
  മരചില്ലകള്‍ക്കിടയില്‍ നിന്നൊരു
  നീലശലഭം പറന്നുയര്‍ന്നു......................Beautiful lines Shaina

  ReplyDelete
 14. എന്റെ കാല്‍പ്പാട് പതിഞ്ഞതും
  നിന്റെ ഓര്‍മ്മയാല്‍
  മരചില്ലകള്‍ക്കിടയില്‍ നിന്നൊരു
  നീലശലഭം പറന്നുയര്‍ന്നു..Beautiful lines Shaina

  ReplyDelete