ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Wednesday 18 May 2011

കുറ്റവാളി

കുറ്റവാളിക്ക് -
മുക്കാലിയില്‍ കെട്ടി
ചാട്ടവാറു കൊണ്ട് നൂറ്റിയൊന്നടി.
ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞു
കുറ്റങ്ങള്‍ പലതാണ്.-
അനധികൃതമായി കടന്നുകയറിയെന്നു ..,
കൈയേറിയെന്ന്..,
കവര്‍ച്ച നടത്തിയെന്ന്..!

ഇനി ശിക്ഷയുടെ ദിനത്തിനായുള്ള
അണഞ്ഞ, തീ മണക്കുന്ന കാത്തിരിപ്പാണ്.
പുറം ചാരിയില്ലാത്ത ഒരു ഇരിപ്പിടമാണ് 
കാത്തിരിപ്പ്.

ഏകാന്തതയുടെ ജലപാളികളില്‍ 
സ്വപ്ന നിറമുള്ള മീനുകള്‍ നൃത്തം ചെയ്യുന്നതും  
നോക്കിയിരുന്ന അവളോട്‌ ..
അവന്‍ പറഞ്ഞത്രേ..
നിനക്കായി മാത്രമെന്റെ ഹൃദയ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന്‌..,
നിനക്കായി മാത്രമതില്‍ പ്രണയം നിറച്ചു വച്ചിരിക്കുന്നുവെന്ന് ..,
നിനക്കായി മാത്രമല്ലേ ..എല്ലാമെന്ന്...

അതുകൊണ്ടല്ലേ ..,
അതുകൊണ്ടു മാത്രമല്ലേ..
കടന്നു കയറിയത്..?!   
കൈയേറിയത് ..?!
കവര്‍ന്നെടുത്തത്‌ .?!

ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
നീറ്റലിന്റെ  മുക്കാലിയില്‍ കെട്ടിയിട്ടു   
ഓര്‍മ്മകളുടെ  ,ഓര്‍മ്മപ്പെടുത്തലിന്റെ  
ചാട്ടവാറു കൊണ്ട് ....!
ജീവന്‍  പോകുന്നതു  വരെ ...
ജീവന്‍  പോകുന്നതു   വരെ ..!


6 comments:

  1. പ്രണയത്തിന്റെ അങ്ങേയറ്റം
    മറ്റെല്ലാം പോലെ ബാക്കിയാവുന്നത്
    ഓര്‍മ്മകള്‍ മാത്രം. വിണ്ടുണങ്ങിയ
    മുറിവുകളുടെ ചോരയിറ്റുന്ന ഓര്‍മ്മകള്‍.
    നഷ്ടപ്പെടലിന്, ഇല്ലായ്മക്ക്,അഭാവത്തിന് മുറിവുകളായേ ഓര്‍മ്മയില്‍
    നില്‍ക്കാനാവൂ. വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓര്‍മ്മകളുടെ
    ബൂമറാങാണ് പ്രണയത്തിന്റെ ഏറ്റവും വലിയ മുറിവ്.

    ReplyDelete
  2. കവിത നന്നായിട്ടുണ്ട് ഇഷ്ടപെട്ടു. വിഷയം അത്ര പിടിച്ചില്ല. എഴുത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
  3. ജീവൻ നഷ്ടമായാൽ നല്ലതാണ്...പക്ഷേ, കരളൂ കുത്തിയ നുകപ്പാടുകളിൽനിന്നും ഊർന്നിറങ്ങുന്ന ഓർമ്മകൾ മരണത്തേക്കാൾ ഭീകരമാകും......എങ്കിലും പ്രതീക്ഷിക്കുക...ഇനിയും പുലരാൻ ജന്മങ്ങൾ ബാക്കിയാണ്.......

    ReplyDelete
  4. "ഓര്‍മ്മപ്പെടുത്തലിന്റെ
    ചാട്ടവാറു കൊണ്ട് ...."

    "വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓര്‍മ്മകളുടെ
    ബൂമറാങാണ് പ്രണയത്തിന്റെ ഏറ്റവും വലിയ മുറിവ്."

    ഓർക്കുവാനേറെ നിനക്കുണ്ട് രാത്രിയിൽ മറക്കുവാനേറെ എനിക്കും...

    ReplyDelete
  5. തടവില്‍
    കൈവിലങ്ങുകളെ ഞാന്‍ ഉമ്മ വെച്ചു.
    പ്രണയമേ..,
    നിന്റെ കാരാഗൃഹത്തിനെന്റെ അഭിവാദനം

    ReplyDelete