ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday, 31 July 2011

പുഷ്പചക്രവില്‍പ്പനക്കാരി


നിറമില്ലാ സ്വപ്നങ്ങളുടെ പാട്ട് 
ചിറകില്ലാക്കിളികള്‍ 
ഏറ്റു പാടുന്നൊരു മഴസന്ധ്യയില്‍ 
തനിക്കായൊരു പുഷ്പചക്രം 
മെനഞ്ഞുണ്ടാക്കുകയാണ് പെണ്‍കുട്ടി
ദ്രുതം-
പാടുക, തേങ്ങുക, പാടുക 
എന്നിങ്ങനെ.
സംഗീതരഹിതമായ തെരുവുകളിലെ 
പുഷ്പചക്രവില്‍പ്പനക്കാരി.

വഴിയരികിലെ അലരിമരങ്ങളില്‍ നിന്നു 
പൂക്കള്‍ ശേഖരിച്ചു 
കറുത്ത വെല്‍വറ്റും,  മരണവും  ചേര്‍ത്ത്
മെനഞ്ഞുണ്ടാക്കുന്ന
പുഷ്പച്ചക്രങ്ങള്‍

ഒറ്റ രാവില്‍ പൂമരമാകുന്ന 
വിത്തുകള്‍ തരാമെന്നു 
വാഗ്ദാനം ചെയ്ത്‌
നിന്നെ കയറ്റിയിരുത്തിയ രഥം 
അവര്‍  
എനിക്കു മുന്നിലൂടെയാണ്‌ 
വലിച്ചു കൊണ്ടുപോയത്.

നിറ നിലാവില്‍ മുങ്ങി,
നക്ഷത്രമാവാന്‍ കൊതിച്ച ഒരില 
കൊഴിഞ്ഞു വീഴുന്ന ഞൊടിയില്‍
നിന്റെ മോഹങ്ങളുടെ കലവറകള്‍
കവര്‍ന്നെടുക്കപ്പെട്ടു.
പിന്നെയും നിലവറക്കുണ്ടില്‍ തിരഞ്ഞ്
വലിയൊരു പരാജയം 
 നീ കണ്ടെടുത്തു.വിത്തു മുളക്കുന്നത്‌ 
ഒറ്റ രാത്രി കൊണ്ടല്ലെന്നും 
പൂമൊട്ടുകള്‍ വിടരാന്‍ 
ഒരു ഞൊടി പോരെന്നും 
നീയോര്‍ത്തില്ല .
നിന്റെ തകര്‍ന്ന തോട്ടങ്ങളില്‍ 
ശൂന്യതയുടെ ചിലന്തികള്‍ 
വല നെയ്യാന്‍ തുടങ്ങിയപ്പോഴാണീ
തിരിച്ചു വരവ്.

അകലെയകലെ 
വെളിച്ചം,
കാലത്തിന്റെ കുരുക്ക്.
നിലവിളികളുടെ ബാക്കി -
നിന്റെ നെടുവീര്‍പ്പ്.
 
വിളറിയ മഴ 
തിരമാലകളിലേക്ക് ചായുന്നതും 
നോക്കിക്കൊണ്ട്‌ 
തനിക്കായൊരു പുഷ്പചക്രം 
മെനയുകയാണവള്‍...
ദ്രുതം-
പാടുക, തേങ്ങുക, പാടുക..
എന്നിങ്ങനെ..!

12 comments:

 1. ആകെയൊരു കണ്‍ഫ്യൂഷന്‍, തീര്‍ക്കാന്‍ ഞാനിവ്ടെന്നെ ഉണ്ട്, ഹും!

  ..
  ഒറ്റ രാവില്‍ പൂമരമാകുന്ന
  വിത്തുകള്‍ തരാമെന്നു
  വാഗ്ദാനം ചെയ്ത്‌
  നിന്നെ കയറ്റിയിരുത്തിയ രഥം
  അവര്‍
  എനിക്കു മുന്നിലൂടെയാണ്‌
  വലിച്ചു കൊണ്ടുപോയത്..

  ReplyDelete
 2. പുഷ്പചക്രം..!!!
  റീത്ത് എന്നു പറഞ്ഞു കേട്ടും,,ഇങ്ങിനെയൊരു മലയാളം വാക്ക് വായിച്ചപ്പോ നല്ല കൌതുകം..

  പിന്നെ-
  തനിക്കായൊരു പുഷ്പചക്രം മെനയുന്നവളെ സങ്കടത്തോടെ കണ്ടു

  ReplyDelete
 3. വിഷാദവും മരണവും സ്നേഹനൈരാശ്യവും കൊണ്ട്
  വാക്കുകള്‍ പുകയുമ്പോഴും
  ഒറ്റവായനയില്‍ പൂമരമാക്കുന്ന വിത്തുകളേറെ
  ഈ കവിതയില്‍.

  ReplyDelete
 4. ശവപ്പെട്ടി വിൽക്കുന്നവരും പുഷ്പചക്രം വിൽക്കുന്നവരുമൊക്കെ വികാരമടങ്ങിയവരാണെന്നു തോന്നിയിരുന്നു...ഇവിടെ അവളുടെ ദുഖം മനസ്സിൽ മുറിപ്പാടായി...

  ReplyDelete
 5. വന്നു
  വായിച്ചു
  പോസ്റ്റുകള്‍ കവിതയില്‍ മാത്രം ഒതുക്കാതെ കഥകളും ലേഖനങ്ങളും അനുഭവങ്ങളും യാത്രകളും ഒക്കെയായി സമ്പന്നമാകട്ടെ.
  ആശംസകള്‍

  ReplyDelete
 6. കവിത വായിച്ചപ്പോൾ അവളുടെ മുഖം മനസ്സിൽ തെളിയുന്നു....വിഷാദവും,നൈരാശ്യവും കൊണ്ട് തീർത്ത ഒരു പുഷ്പചക്രവുമുണ്ടായിരുന്നു അവളുടെ കൈകളിൽ....നല്ല കവിത.

  ReplyDelete
 7. സ്വയം എല്ലാം ചെയ്തു തീര്‍ക്കുന്നവരുടെ മുഖം മനസ്സില്‍

  ReplyDelete
 8. നല്ല ശ്രമം
  എല്ലാ ആശംസകളും

  ReplyDelete
 9. വളരെ നന്ദിണ്ട്.....എല്ലാര്‍ക്കും..! വായനയ്ക്കും ..നല്ല വാക്കുകള്‍ക്കും....!

  ReplyDelete
 10. മരണമെന്തെളുപ്പം.. മരിക്കാതെ ജീവിച്ചിരിക്കുക എന്നതല്ലോ ഏറെ ശ്രമകരം..!!

  ReplyDelete
 11. സ്വപ്‌നങ്ങള്‍ തകര്‍ന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും അര്‍പ്പിക്കപ്പെട്ട പുഷ്പചക്രം.

  ReplyDelete