ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Thursday, 22 September 2011

നടവഴിച്ചിന്തകള്‍

നടവഴികള്‍ പറയുന്നത് ആരെക്കുറിച്ചാവാം..?
കടന്നുപോയ ആരും ഓര്‍ക്കുന്നുണ്ടാവില്ല
ചവിട്ടി മെതിച്ചു കടന്നുപോന്ന നടവഴികളെ.
.
മുന്നിലെ ലക്ഷ്യത്തെക്കുറിച്ച്
അതിനു ചിന്തയുണ്ടാവില്ല.
ചിലപ്പോള്‍ -
ഒരു വൃക്ഷത്തടിയിലേക്ക് സ്ഥാനാന്തരം ചെയ്യാന്‍
അതാഗ്രഹിച്ചേക്കാം
അപ്പോള്‍ -
എന്റെ തണലെവിടെ എന്നും
എന്തുകൊണ്ട് ആരും എന്റെ സമീപം
വിശ്രമിക്കുന്നില്ല എന്നും അതിനാശ്ചര്യപ്പെടാം
പകലൊടുങ്ങുന്നതിനു മുന്‍പേ
ജീവിതത്തിന്റെ മധ്യത്തില്‍ വച്ച്
ചില യാത്രികര്‍ മടങ്ങുന്നു.
ഭീഷണിയും ,മുറുമുറുപ്പുമായി
ചിലര്‍ ധൃതി കൂട്ടുന്നു.
കിളിവാതിലിലൂടെ നോക്കിയിരിക്കുന്നവര്‍ പോലും
നടന്നു പോകുന്നവരുടെ
മനസ്സുകളുടെ കാര്യത്തിലെ
നഷ്ടസാധ്യതകള്‍ ഏറ്റെടുക്കുന്നു.
ചിലനേരം
ജീവിതത്തിന്റെ ത്രസിപ്പിലൂടെ,
സൂര്യന്റെ ഹൃദയ മദ്ധ്യേ ,
ചിലര്‍ കടന്നു വരും.
അംഗശുദ്ധി ഉപേക്ഷിച്ച്‌
ഗ്രാമങ്ങളിലൂടെ അവര്‍ കടന്നു പോകും;
-മീന്‍പെട്ടികളിലെ അവരുടെ ദിനങ്ങള്‍ക്ക്‌
ഉപ്പു പുരട്ടിക്കൊണ്ട് .
പ്രണയത്തിന്റെ കൈത്തണ്ടകള്‍
മുറുകെപ്പിടിച്ചു കൊണ്ട്
ലഹരിയിലാണ്ട കമിതാക്കളും
ചിലപ്പോള്‍ കടന്നു വരാറുണ്ട്
കവിതകളുടെ പൂപ്പാത്രങ്ങള്‍
വച്ചുനീട്ടികൊണ്ട്
പ്രഭാതത്തിന്റെ തോണിയില്‍ കയറി
അവര്‍ അപ്രത്യക്ഷരാകും.
ചിലര്‍, യാത്രയുടെ ആകാശത്തിന്‍ ചുവടെ
ഉല്ലസിച്ചു കൊണ്ടു കടന്നു പോകും.
അപ്പോഴെല്ലാം
നടവഴി ആഗ്രഹിക്കുന്നതെന്താവാം....?
കടലുകള്‍ ദീര്‍ഘകാലം മറന്നു പോയ
ഒരു തരംഗത്തെ തേടിക്കൊണ്ട് ,
ആകാശം കടലിന്റെ തേങ്ങലുമായി സന്ധിക്കുന്നിടത്ത്,
മണലും ,നിഴലും, മേഘ ശകലങ്ങളും
വളര്‍ന്ന്, അനന്തതയുടെ കാനനത്തില്‍
അപ്രത്യക്ഷമാകുന്നതിനു മുന്‍പ്
കടന്നു പോയവരെയെല്ലാം
ഒരിക്കല്‍ക്കൂടി കണ്ടുമുട്ടണമെന്ന്
നടവഴി ആഗ്രഹിക്കുന്നതായി
കരിയിലകളെ പറത്തിവിട്ട്-
ഒരു കാറ്റെന്നോടു പറഞ്ഞു

14 comments:

 1. നടവഴിയുടെ മനസ്സ്‌ .......
  ഒരു രേഖാ ചിത്രം പോലെ മനോഹരമായിരിക്കുന്നു.
  വ്യത്യസ്തമായി ചിന്തിക്കാനും
  അത് കവിതയില്‍ പകര്‍ത്താനും ഉള്ള നിങ്ങളുടെ കഴിവ്
  ഓരോ പോസ്റ്റുകള്‍ കഴിയുന്തോറും കൂടിവരുന്നു അഭിനന്ദനങ്ങള്‍

  ReplyDelete
 2. കടന്നു പോയവരെയെല്ലാം
  ഒരിക്കല്‍ക്കൂടി കണ്ടുമുട്ടണമെന്ന്
  നടവഴി ആഗ്രഹിക്കുന്നതായി
  കരിയിലകളെ പറത്തിവിട്ട്-
  ഒരു കാറ്റെന്നോടു പറഞ്ഞു..

  Very Nice

  ReplyDelete
 3. ഈ കഥയിലെ നായകന്‍ നടവഴിയെ പറയുന്നതില്‍ കാറ്റൊരു മാന്യനായതെന്തേ...? സാധാരണ ഗതിയില്‍ പരദൂഷണമല്ലോ മൂപ്പര്‍ക്ക് പഥ്യം. !!

  നാരദന്‍ പറഞ്ഞത് പോലെ.. ഓരോ കവിതയിലും വല്ലാതെ അടുത്തുപോകുന്നു ഈ അക്ഷരങ്ങളോട്.. ആശംസകള്‍..!!

  ReplyDelete
 4. നടവഴിയുടെ മനസ്സ് തേങ്ങുന്നുവോ,ഇങ്ങിനി തിരിച്ചുവരാത്ത പഥികര്‍ക്കായുള്ള കാത്തിരിപ്പ്‌ വൃഥാവിലാകുമോ...?

  നല്ല കവിതയ്ക്ക് ആശംസകള്‍...!

  ReplyDelete
 5. നടവഴിയുടെ തേങ്ങലൊളിപ്പിച്ച ചിന്തകൾ...

  ReplyDelete
 6. ആഗ്രഹം ബാല്യത്തിലേക്ക് തിരിച്ചു പോകാന്‍ വെമ്പുന്ന കവി മനസ്സിനെ ആണ് നട വഴിയി ല്‍ കാണുന്നത്
  നന്നായിരിക്കുന്നു ആശംസകള്‍

  ReplyDelete
 7. ഒരു പക്ഷെ ആരും ചിന്തിക്കാത്തവ..!!!

  ReplyDelete
 8. പ്രണയത്തിന്റെ തേരിലേറി പ്രപഞ്ചം പോലും മറന്ന കമിതാക്കളുടെ...കരിഞ്ഞ്, നിറം മങ്ങിയ പുഷ്പദളങ്ങള്‍...അതെ... അതുമാത്രം നടവഴിയിലവശേഷിക്കുന്നു. പെരുവഴിയിലൊറ്റക്കായ ഞണ്ടിനോടൊപ്പം...!

  ReplyDelete
 9. തേഞ്ഞുപോയ അനേകം കാലടികളാല്‍
  വായിച്ചെടുക്കുന്നു വഴിക്കു മാത്രമറിയുന്ന ഈ ആത്മകഥ.

  ReplyDelete
 10. Valare nalla varikal.... Orupad ishtapettu....Valare nalla varikal.... Orupad ishtapettu....

  ReplyDelete
 11. ജീവിതം തന്നെ.
  വളരെ ആഴമുള്ള വരികള്‍

  ReplyDelete
 12. വളരെ പുതുമയുള്ള വിഷയം.

  അത്‌, വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

  നടവഴിയുടെ ചിന്തക്കളിലേക്ക്‌ ചിന്തിച്ചെത്താന്‍ കഴിഞ്ഞ ഭ്രാന്തന്‍ ഭാവനക്ക്‌ പ്രത്യേക അഭിനന്ദനം.

  കടന്നു പോയവരെ ഒരിക്കല്‍ കൂടി കണ്ടുമുട്ടണമെന്ന് നടവഴി ആശിക്കുന്ന ഭാവന ക്ളാസിക്ക്‌.

  ആശംസകള്‍.

  ReplyDelete