ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Thursday, 13 October 2011

മുറിവുകള്‍ നഗരത്തെ ഒഴുക്കുന്നിടത്ത്.


പരസ്പരം പ്രേമവായ്പ്പുകളില്‍ നിന്നകന്ന്
നിങ്ങള്‍ എവിടേക്കാണ് 
യാത്രയാകുന്നത്...?
കൂടെ നടന്നവരെ 
സാഹോദര്യത്തിന്റെ ചുറ്റുവഴികളിലേക്കും
അതിഥികളെ സ്വവസതികളിലേക്കും
നയിച്ചിട്ടേ ഇല്ലെന്നതു  പോലെ ..!

നിഴലും ,മരീചികയും 
നിറയുന്ന 
ഈ ഭൂമികള്‍ ,
തലമുറകളുടെ ധൂളികള്‍ ,
സ്വപ്‌നങ്ങള്‍ ,
വൃഷ്ടി ധാരകള്‍ 
ആരുടെ നിര്‍ഭാഗ്യത്തിനാണ്
നിങ്ങള്‍ നിമിത്തമാകുന്നത്.?

യുദ്ധം 
സമസ്യകളുടെ 
കഴുത്തറക്കാന്‍ തുനിയുമ്പോള്‍ 
അമ്മമാര്‍ 
മിഥ്യകളെ മുലയൂട്ടുന്നു.
പ്രിയനെ 
മറമാടിയ മണ്ണില്‍ നിന്ന് 
ഒരു പിടി വാരിയെടുത്ത് 
വധു 
നാശത്തിലേക്ക് 
പടി ചവിട്ടിയിറങ്ങുന്നു.

മുറിവുകളാണിപ്പോള്‍  
ഈ നഗരത്തെ ഒഴുക്കുന്നത് ..!

അമ്മമാരെയും കുഞ്ഞുങ്ങളേയും കൂട്ടിക്കൊണ്ട്
ഞങ്ങള്‍ മടങ്ങുകയാണ്,
ഖിന്നതയുടെ അന്ധകാരത്തിലേക്ക് .
അന്ധകാരം ഒരു പക്ഷെ 
ഞങ്ങള്‍ക്ക് 
കവിതകള്‍ തിരിച്ചു നല്‍കിയേക്കാം.

ഇനി 
സൂര്യന്റെ അടുപ്പില്‍ നിന്ന് 
ഞങ്ങള്‍ക്ക് 
ഇരുട്ടിനെ വേവിച്ചെടുക്കേണ്ടതുണ്ട് .
കുഞ്ഞുങ്ങള്‍ക്കു 
വിശക്കുന്നു..!

12 comments:

  1. അതിജീവനത്തിന്റെ വഴികളില്‍ നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നത്‌ കൊണ്ട് മാത്രം അവസ്ഥകളില്‍ മാറ്റം ഉണ്ടാകുന്നില്ല.
    പ്രതീക്ഷകള്‍ പിന്നെയും ബാക്കി നില്‍ക്കുന്നു.
    നല്ല വരികള്‍

    ReplyDelete
  2. യാദൃഛികമായി എത്തിപ്പെട്ട് പോയതാണ്. കവിതയും,മാംസാ‍ഹാരവും പൊരുത്തപ്പെടാനാകാത്തവയായിപ്പോയെനിക്ക്.അതുകൊണ്ട് വരവറിയിക്കാൻ മാത്രം ഈ വാക്കുകൾ.

    ReplyDelete
  3. ഒരു കവിത വായിച്ചു .ഒരു കവിത വായിച്ചതുപോലെ തോന്നുന്നു .കവിതയ്ക്ക് ആസ്വാദനം എഴുതാന്‍ എനിക്ക് അറിയില്ല .
    ഇതുപോലെ കവിത എഴുതണമെന്നു ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് .പക്ഷെ എന്‍റെരീതിയും മറ്റും വേറെ എന്തോ ആണ് .ഇതുപോലെ ഒന്ന് എഴുതാന്‍ കഴിഞ്ഞെന്ഗില്‍ .എന്ന് ആശിക്കുന്നു .

    ReplyDelete
  4. അപകടങ്ങളില്‍ പെടാതെ രക്ഷപ്പെട്ടെത്തിയ അമ്മമാര്‍ക്ക് നഗരജീവികള്‍ക്കിടിയില്‍ പെണ്മക്കള്‍ പെട്ടുപോകുമോ എന്ന ഭയം.അകലുന്തോറും പിടിച്ചടുപ്പിക്കുന്ന നഗരജീവികളില്‍ നിന്ന് എങ്ങോട്ടോടി രക്ഷപ്പെടാനാണ്....???

    ReplyDelete
  5. :)
    രക്ഷയില്ലാ‍ാ‍ാ

    ReplyDelete
  6. മണ്മറയുന്ന മാനുഷ്യകമൂല്യങ്ങൾ ഭൂമിയിൽ നിഴലും മരീചികയുമാവുന്നു...യുദ്ധങ്ങളേതിനുമൊരുത്തരമാകുമ്പോൾ, പരസ്പരം വെട്ടി മരിക്കുമ്പോൾ അവശേഷിക്കുന്ന നന്മകൾ രക്ഷാകേന്ദ്രങ്ങളും അഭയസ്ഥാനങ്ങളും തിരയട്ടെ...പിന്നെ നിലനിൽ‌പ്പിനായ് പുതിയൊരു യുഗപ്പിറവിക്ക് പ്രതീക്ഷയോടെ കോപ്പൊരുക്കട്ടെ...

    ReplyDelete
  7. യുദ്ധം
    സമസ്യകളുടെ
    കഴുത്തറക്കാന്‍ തുനിയുമ്പോള്‍
    അമ്മമാര്‍
    മിഥ്യകളെ മുലയൂട്ടുന്നു.
    പ്രിയനെ
    മറമാടിയ മണ്ണില്‍ നിന്ന്
    ഒരു പിടി വാരിയെടുത്ത്
    വധു
    നാശത്തിലേക്ക്
    പടി ചവിട്ടിയിറങ്ങുന്നു.
    ഇടനെഞ്ഞ്ചിലെക്ക് ആഴ്ന്നിരങ്ങുന്ന കടാര കത്തിയുടെ മൂര്‍ച്ച ഉള്ള വരികള്‍

    ReplyDelete
  8. സ്വന്തം നിഴല്‍ പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍, സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും മൂല്യചുതികള്‍ പോലും സാര്വ്വത്രികം..! അന്ധകാരത്തില്‍പ്പെട്ടുഴറുമ്പോള്‍ കവിത ബാക്കിയായില്ലെങ്കിലും ഒരല്പ്പം മുലപ്പാലെങ്കിലും ചുണ്ടിലിറ്റാന്‍ വേണമായിരുന്നു.
    നല്ല കവിത ഷൈ...

    ReplyDelete
  9. പ്രിയനെ
    മറമാടിയ മണ്ണില്‍ നിന്ന്
    ഒരു പിടി വാരിയെടുത്ത്
    വധു
    നാശത്തിലേക്ക്
    പടി ചവിട്ടിയിറങ്ങുന്നു.

    മറമാടിയ മണ്ണില്‍ നിന്നും... എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് വ്യക്തമായില്ല... കവിത തീക്ഷ്ണമാണ്. ഇന്നത്തെ കവിതകള്‍ എല്ലാം തന്നെ തീക്ഷ്ണങ്ങളാണല്ലോ :)

    ReplyDelete
  10. ഇനി
    സൂര്യന്റെ അടുപ്പില്‍ നിന്ന്
    ഞങ്ങള്‍ക്ക്
    ഇരുട്ടിനെ വേവിച്ചെടുക്കേണ്ടതുണ്ട് .
    കുഞ്ഞുങ്ങള്‍ക്കു
    വിശക്കുന്നു.... ഇഷ്ടായി..!!

    ReplyDelete
  11. adyamaya oru kavithakku coment idunnathu,ishtappettu..nalla vaakkukalil oru kavitha

    ReplyDelete
  12. Good one..
    http://neelambari.over-blog.com/

    ReplyDelete