ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 29 November 2011

മരുഭൂമി തേങ്ങുമ്പോള്‍ .





ഹേ 
സുപ്രസുവായ കാമുകാ..,
എന്നില്‍ കാമനകള്‍ വിലപിക്കുന്നു.
ഒരു കൊള്ളിയാന്‍ മിന്നുന്നു.
നമുക്കിടയില്‍ എന്താണ് ?
മണ്‍നിറമുള്ള മുട്ടകളിന്‍മേല്‍ 
അടയിരിക്കുന്ന ഫാല്‍കന്‍പക്ഷികളും 
എന്റെ കവാടത്തിനു മുന്നില്‍ 
തിടംവെക്കുന്ന ചുഴലികളുമല്ലാതെ.!

ഹാ,
മലമുകളില്‍ നിന്നിറങ്ങിവരുന്ന 
പ്രിയമാന്ത്രികാ ,
നിന്റെ നിശ്വാസവേഗങ്ങള്‍ 
എന്നില്‍ അലകളുണര്‍ത്തട്ടെ.
അലകളലകളായ് പടര്‍ന്ന്,
ഉന്മാദത്തിന്റെ പിരമിഡുകള്‍ പണിതുയര്‍ത്തി ,
നിന്നില്‍ ഞാനുയിര്‍ക്കട്ടെ.

ഹേ.,
ഉന്മത്തതയുടെ വിളവെടുപ്പുകാരാ..,
നിന്റെ പ്രേമവായ്പ്പുകള്‍
എന്നെ തലോടിയ വിദൂരഭൂതത്തില്‍ 
എന്നിലുണ്ടായിരുന്ന 
നീരൊഴുക്കുകള്‍ ..,
വൃഷ്ടി ധാരകള്‍ .., 
കളപ്പുരകള്‍ ..,
എല്ലാമെല്ലാം ..
മണല്‍ത്തരികളുടെ തിളക്കം പോലെ 
നിനക്കു പരിചിതം.

ഹോ .,
ആരാണെന്റെ നിര്‍ഭാഗ്യത്തിനു നിമിത്തമായത്....?
ആര്‍ദ്രതയുടെ താക്കോലുകള്‍ 
വീണുപോയതെങ്ങ്..?
ഇപ്പോള്‍ 
ആഗസ്റ്റ്‌ മാസത്തിലെ 
തീച്ചൂളയ്ക്കു കീഴെ 
നിഴലും ,മരീചികയും പുണരുന്ന 
എന്റെ സ്ഥലവിസ്തൃതി-
ആകാശത്തിന്റെ ലഹരിയില്‍ ,
ഭൂമിയുടെ തലകറക്കം ..!
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെപ്പോലെ 
കരുത്തനായ എന്റെ കാമുകന്‍.! .
ഒരു കുതിപ്പിനപ്പുറം അവനുണ്ട്.
എന്റെ ഒളിയിടങ്ങളില്‍ 
ചുഴലികള്‍ തീര്‍ക്കാന്‍.
എന്നില്‍ 
ഉണര്‍വിന്റെ തൊലിയുരിഞ്ഞ്,
ഉന്മാദത്തിന്റെ കാറ്റുപായ വിടര്‍ത്താന്‍ .

പോരൂ..
എന്റെ വരണ്ട തോട്ടങ്ങളിലെ വിരുന്നുകാരാ . 
വറ്റിപ്പോയ ആറുകളെ 
നിന്റെ മഹാസമുദ്രത്തിലേക്കു വലിച്ചടുപ്പിക്കൂ.
എനിക്കൊരമ്മയാകണം
നിന്റെ നനവുകുഞ്ഞുങ്ങളെ 
പെറ്റുകൂട്ടണം.
വന്ധ്യത തുന്നിച്ചേര്‍ത്ത മണല്‍പ്പുതപ്പു കീറിയെറിഞ്ഞ്
ഒരു നീരൊഴുക്കിലുണരണം .
അസ്തമയശോഭകള്‍ക്കൊപ്പം
കുന്നിറങ്ങിവരുന്ന 
എന്റെ പ്രിയകാമുകാ..,
വരിക, 
ഇനി 
നീയെന്നിലേക്കഭിസരിയ്ക്ക ..!
എന്റെ ഗര്‍ഭത്തിലൊരു ജലവിത്തു പാക..!
ഒരു ജലച്ചുഴലിയായെന്നില്‍ നിറയ..!

18 comments:

  1. അവൾ കാത്തിരിക്കട്ടെ അടക്കിപ്പിടിച്ച തേങ്ങലോടെ..എന്നെങ്കിലും ഒരുനാൾ ഒരു ജലച്ചുഴലിയായ് അവനവളിൽ നിറയാതിരിക്കില്ല...

    നല്ല കവിത...മരുഭൂമിയുടെ തേങ്ങൽ നന്നായി പറഞ്ഞു

    ReplyDelete
  2. മരുഭൂമി പ്രണയിക്കുന്നത് സൂര്യനെ ആണോ?
    മരുഭൂമി പ്രണ യിക്കെണ്ടാത് മഴാതുള്ളികളെ അല്ലെ

    ReplyDelete
  3. വായിച്ചു..നല്ല സങ്കല്‍പ്പങ്ങള്‍ .ഉപമകള്‍

    ReplyDelete
  4. കൊലച്ചതി.. ഇത് മുഴുവൻ വായിക്കാനുള്ള ക്ഷമ വേണ്ടെ.. ഇത്രേം വായിച്ചാരുന്നേൽ ഞാൻ ഇപ്പം വല്ല എൻജിനീയറിങ്ങിന് പഠിച്ച് ഡോക്ടർ ആയേനേ..!:(

    ReplyDelete
  5. നന്നായിരിക്കുന്നു ..മരുഭുമിയുടെ സങ്കടം നല്ലോണം പകര്‍ത്തി

    ReplyDelete
  6. നന്നായി ഷൈന ഞാന്‍ ഇതു fb യില്‍ കൊടുക്കുന്നു

    ReplyDelete
  7. കുട്ടികള്‍ ഒന്നോ രണ്ടോ പോരെ ഷൈന .ഒന്നുള്ളതിനെതന്നെവളര്താനുല്ലപാട്...
    ജോക്കാനുകേട്ടോ. .നന്നായിട്ടുണ്ട് കവിത . ശൈനയുടെ കവിതകള്‍ വേണ്ടത്ര വായിക്കപ്പെടുന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു
    അല്ലെങ്ങില്‍ നല്ല പ്രതികരണങ്ങള്‍ ഉണ്ടാവേണ്ടതാണ്

    ReplyDelete
  8. ...ആരാണെന്റെ നിര്‍ഭാഗ്യത്തിനു നിമിത്തമായത്....?
    ആര്‍ദ്രതയുടെ താക്കോലുകള്‍
    വീണുപോയതെങ്ങ്..?

    ചിന്തകള്‍ ഗംഭീരം..!
    അതിനു ചേര്‍ന്ന ആവിഷ്കാരവും..!
    എഴുത്ത് നന്നായി.

    ആശംസകളോടെ...പുലരി

    ReplyDelete
  9. കൊള്ളാം..
    ഇത്രയ്ക്കൊന്നുമില്ല,എങ്കിലും ഇതേ വിഷയം എന്റെ കണ്ണിലൂടെ ഒന്ന് നോക്കാമോ ? ഋതുസംഗമം

    ReplyDelete
  10. ആർദ്രതയുടെ താക്കോൽ എവിടെ വീണുപോയാലും നമുക്ക് അനുവദിച്ചത് നമ്മെ തേടിയെത്തും,കാത്തിരിക്കുക. ആശംസകൾ.

    ReplyDelete
  11. ഇങ്ങനെയൊരു കാമുകന്‍ അവന്‍ ഭാഗ്യവാന്‍ തന്നെ. പക്ഷെ അവന്‍ എന്തേ അവളെ മനസിലാക്കുന്നില്ല അവളുടെ ആഗ്രഹസഫലീകരണം എന്തേ അവന്‍ പൂര്‍ത്തീകരിക്കുന്നില്ല .കാമുകനെ കാത്തിരിക്കുന്ന പ്രണയിനിയുടെ മനസ്സ് കവിതയിലൂടെ മനോഹരമായി അവതരിപ്പിച്ചു.ഭാവുകങ്ങള്‍..

    ReplyDelete
  12. പ്രണയഭാവത്തിന്റെ തീഷ്ണത..
    അവസാനഭാഗങ്ങൾ സുന്ദരമായിരിക്കുന്നു..

    ReplyDelete
  13. നല്ല കവിത, തീക്ഷ്ണമായ വരികള്‍

    ReplyDelete
  14. ഗംഭീരമായ ഭാഷ..ജലവിത്തുകള്‍ എന്ന് ഇതുവരെ ആരും പ്രയോഗിച്ചു കണ്ടിട്ടില്ല...!!!

    ReplyDelete
  15. നല്ല കവിത ഇഷ്ടായീ ഷൈനാ...

    ReplyDelete
  16. കവിത ഇഷ്ടായി ട്ടോ ...!

    ReplyDelete
  17. ഒരുപാട് ഒരുപാട് ഇഷ്ടായി............

    ReplyDelete