ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Wednesday, 4 May 2011

മടക്കം

ദൂരയാത്രയില്‍ നിന്നിനി മടക്കമില്ലെന്നത് പോലെ 
എന്റെ വിഷാദ നിഴലില്‍ ഞാനെടുത്തെറിയപ്പെട്ടപ്പോഴാണ്
ചെമ്പക മരച്ചുവട്ടിലെ രാപ്പാടി 
നിന്റെ നിര്‍ഭാഗ്യത്തിന് സമയമായില്ലെന്ന് 
വിളിച്ചു പറഞ്ഞത്.
ഇരുണ്ട താഴ്വാരത്തിന്റെ അറ്റത്തോളം
നീണ്ട യാത്ര കഴിഞ്ഞ്‌
പടി കയറി വരികയാണ് ഞാന്‍.

ഇനി സമയമില്ല...
ഉദ്യാനത്തിലെ പുല്‍ നാമ്പുകള്‍ക്ക് മുകളിലൂടെ
ആദ്യ ചുവടു വെയ്പ്പ് തന്നെ ധാരാളം .
നിഴല്‍ എങ്ങനെ വീഴുമെന്നും 
മഴത്തുള്ളി പോലെ ജീവിതം എങ്ങനെ 
ചിന്തിപ്പോകുമെന്നും ഇനി എനിക്കറിയണ്ട.
വാടി നില്‍ക്കുന്ന എന്റെ തൈമുല്ലക്ക് 
ഞാന്‍ വെള്ളമൊഴിക്കട്ടെ..
പൂവുകള്‍ വന്നെന്റെ ചുറ്റും
 നിറയട്ടെ...

വിരസത തട്ടിക്കുടഞ്ഞ് കാല്‍ കഴുകി -
( അതാ ജലത്തോടൊപ്പം ഒലിച്ചു പൊയ്ക്കോട്ടേ )
മടുപ്പിനെ മടക്കി മൂലയില്‍ ചാരി വച്ച് -
(അതവിടെയിരുന്നു മാറാല പിടിച്ചോട്ടെ.)
ഞാനെന്റെ നക്ഷത്രക്കൂടാരത്തിന്റെ. വാതില്‍ -
തുറന്നകത്തു കയറട്ടെ.
ഒട്ടും സമയമില്ല....
സ്മൃതിയുടെ ചാരനിറം പുരണ്ട ,
മെഴുക്കു പിടിച്ച ചുമരുകള്‍ 
എനിക്കിന്നു വൃത്തിയാക്കാനുണ്ട് 
ഒടിഞ്ഞു നുറുങ്ങിയ എന്റെ ഏകാന്തതയെ 
നിവര്‍ത്തിത്തന്ന ചിലരുടെ ചിത്രങ്ങള്‍ 
എനിക്കതില്‍ കോറിയിടാനുണ്ട്.

എവിടെ എന്റെ ചിരിമണികള്‍..?
ബാല്യത്തിലെന്റെ ചുണ്ടില്‍ നിന്നും 
വീണുരുണ്ടു പോയ്‌ മറഞ്ഞ ചിരിമണികള്‍ 
കണ്ടെത്തിപ്പിടിക്കണമെനിക്ക് 
എങ്ങാനും കണ്ടോ..നിങ്ങളവയെ...?

3 comments:

  1. ആർദ്രമായ മഴയുടെ ഇടവഴിയിലെ വീട്ടിലോ ..അല്ലെങ്കിൽ പൊരിവെയിലത്തെ മുള്ളും കൂട്ടിനു മുകളിലെ പാറിനടക്കുന്ന അപ്പൂപ്പൻ താടിയിലോ.. ഇറയത്ത് മുളം തട്ടിക്കിടയിൽ തിരുകിയ ചൂരൽ കഷ്ണത്തിലോ.. അച്ഛന്റെ കണക്കു പുസ്തകം ഇട്ടൂവെയ്ക്കുന്ന അലുമിനിയം പാത്രത്തിലെ ചില്ലറതുട്ടിലോ.. ത്ട്ടിൻ പുറത്ത് അച്ഛമ്മ കാണാതൊളിപ്പിച്ച അമൂല്യ പാൽ പൊടിയിലോ .. ഒക്കെ ഇപ്പൊ ഓർത്താൽ ചിരിമണികൾ കാണാം ഒരു പാട് ..

    ReplyDelete
  2. ആദ്യ ചുവടു വെയ്പ്പ് തന്നെ ധാരാളം .
    നിഴല്‍ എങ്ങനെ വീഴുമെന്നും
    മഴത്തുള്ളി പോലെ ജീവിതം എങ്ങനെ
    ചിന്തിപ്പോകുമെന്നും ഇനി എനിക്കറിയണ്ട

    ReplyDelete