ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Thursday 22 March 2012

വേനല്‍ക്കിനാവ്


ചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്‌
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!

ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ .

പുല്‍ത്തളിരും
പുഴപ്പച്ചയും തേടി
വെറുതെയലയുന്നു
ഒരു പാഴ്വിലാപം
വേനല്‍പ്പാത-
യൊരൊറ്റ മരത്തിന്റെ
ഇല്ലാത്തണല്‍ തേടി
പൊള്ളി മറയുന്നു.

വേരുണങ്ങാതെ
കാത്തു വെച്ചിത്ര നാള്‍
തീ മണക്കുന്ന
കാറ്റിലീ ചില്ലകള്‍ ,
എത്ര നേരം കൊഴിയാതിരിക്കും ?
എത്ര മൂകം കിനാവുകള്‍ കാണും ?
എത്ര തീവ്രം തപിക്കും ഇനി-
യെത്ര നാള്‍ കാത്തിരിക്കും ?

ഒരു നാള്‍ -
വേനല്‍നോവിന്റെ
തീക്കുന്നു താണ്ടി
ഒരു മഴ,യീ
വഴിയേ തിമിര്‍ക്കും
നിന്റെ ദുഖപ്പുറന്തോടു നീക്കി
ഈ കലങ്ങിയ
മൌനം തകര്‍ക്കും.
അന്നു  ഞാനീ-
പ്പുതുമണ്ണിലൂടെ
നിന്റെ വേരായി
ആഴത്തില്‍പ്പടരും.
അന്നു  നിന്നിലെ
ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍
സ്വപ്നം മണക്കും.

5 comments:

  1. നല്ല വരികള്‍ ..അടുക്കും ചിട്ടയോടും കൂടി നടത്തിയ പദവിന്യാസങ്ങള്‍ ..ഭാവുകങ്ങള്‍ ഷൈന!!!

    ReplyDelete
    Replies
    1. നന്ദി.. നീലക്കുറിഞ്ഞി..

      Delete
  2. Replies
    1. നന്ദി ..പ്രയാണ്‍

      Delete
  3. വായിക്കാൻ വേണ്ടി താളാത്മകമാക്കി ഒരുക്കിയടുക്കി വച്ച വരികൾ, വാക്കുകൾ. നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete