ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday 8 May 2011

കാണാത്തവര്‍

കൊടുങ്കാറ്റിന്റെ വരവിനു മുന്‍പ് 
സ്വന്തം കൂട്ടിലേക്ക് വേഗത്തില്‍ 
പറക്കുന്ന പക്ഷിയെപ്പോലെ 
ഇന്നലെകള്‍ കടന്നു പോകുന്നു..
പുല്ലുകള്‍ക്കു മീതെയുള്ള
മരങ്ങളുടെ നിഴലുകള്‍ പോലെ 
ദുരിതങ്ങള്‍ നിറഞ്ഞ വിനാഴികകളും 
കടന്നു പോകും...

ഇന്നിന്റെ നിറഞ്ഞ തീന്‍ മേശക്കു
 മുന്നില്‍ നമ്മള്‍-
സന്തോഷവാന്മാരായി ഇരിക്കും .
ഒരിത്തിരി മണ്ണിലുറച്ചു  നില്‍ക്കുന്നുവെന്ന്-
ഒരു പാത നടക്കാന്‍ മുന്നിലുണ്ടെന്ന്-
വീമ്പില്‍ കുടിച്ചു മദിക്കും...

മരങ്ങള്‍ കട പുഴകുകയും,.
പുല്ലുകള്‍ കത്തിക്കരിയുകയും,
പാറകള്‍ ചോരയില്‍ ചുവക്കുകയും, 
ഭൂമി എല്ലുകളും തലയോട്ടികളും 
നട്ടു വളര്‍ത്തുകയും ചെയ്യുന്നത് 
നമ്മള്‍ കാണില്ല 

കടവും 
കണ്ണീരും
കിനാവും 
ബാക്കിയായ ചിലര്‍-
ദാഹിച്ച്‌ ,ചിറകു കുഴയുന്നത് വരെ
 ജലാശയത്തിനു  മേല്‍ 
വട്ടമിട്ടു പറക്കുന്നവര്‍ -
അവരെയും  
നമ്മള്‍ കാണില്ല.

സ്വപ്നത്തിന്റെ നീരുറവയില്‍ നിന്നും 
എങ്ങനെയവര്‍ ദാഹം തീര്‍ക്കും..?
അവരുടെ തകര്‍ന്ന ഭൂമികള്‍ 
ദുരിതങ്ങളുടെ അസ്തമയം 
കഴിയുന്നത്‌ വരെ
എങ്ങനെയവര്‍ നേരെയാക്കും..?

ആകാശം കടലിന്റെ 
തേങ്ങലുമായി സന്ധിക്കുന്നിടത്തെങ്കിലും 
ഒരു താഴ്വാരം അവര്‍ക്ക് നല്‍കാന്‍ 
നമുക്കാവില്ലേ..
കുഞ്ഞു മരങ്ങളോടും ..
ശ്മശാനത്തോടും കൂടിയതെങ്കിലും..!


5 comments:

  1. Manassil thatti ezhuthiyaathennennu thonni..

    very good heartfelt writing.
    yes, bowing my heads, chastising myself for my arrogance..
    :-(
    Thank u,
    for the wakeup call.
    I needed it.
    Keep writing

    ReplyDelete
  2. പൊള്ളിപ്പിടഞ്ഞു തീരുന്നു വരികള്‍.
    സുഖദമായ ഇരിപ്പില്‍ കാണാതെ പോവുന്നവരെ
    കുറിച്ചു പറഞ്ഞു സാധാരണ മട്ടില്‍ തീരുമെന്നു തോന്നി.
    എന്നാല്‍, അവസാനമെത്തുമ്പോള്‍
    വല്ലാത്തൊരു ട്വിസ്റ്റ്.
    കുഞ്ഞു മരങ്ങളും ശ്മശാനങ്ങളുമുള്ള ഇത്തിരിയിടം
    കൂര്‍ത്തു മൂര്‍ച്ചയോടെ മനസ്സില്‍ തറച്ചു.
    നല്ല കവിത.

    ReplyDelete
  3. രാഹുലിനും ഇലക്കും....
    നന്ദി...!

    ReplyDelete
  4. രാഹുലിന് നന്ദി..!
    ഇലക്കും നന്ദി. താങ്കളുടെ രചനകളിലേക്കു ഞാന്‍ കടക്കാന്‍ പോകുന്നേയുള്ളൂ...നന്ദി..

    ReplyDelete
  5. എന്‍ഡ് പഞ്ച് കലക്കീട്ടാ ഷെയ്മോള്‍.. :)

    ReplyDelete