ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday, 31 July 2010

ഹൃദയഗാനം

കരിഞ്ഞ കനവിന്റെ 
നനഞ്ഞ വിറകിനു 
വിഭൂതിയാകുവാനാകുമോ ?

വിഭൂതി ചാലിച്ചു
നിറുകയില്‍ ചാര്‍ത്തിയെന്‍ 
നീറ്റലടക്കുവാനാകുമോ  !

നിനവിലും മൂളി 
നിലാവിലും മൂളി ഞാന്‍ 
പഥികാ നിനക്കായി ഗാനം 

എന്‍ ജീവശ്വാസമാ-
ഗാനത്തിന്‍ ശ്രുതിയാക്കി 
പ്രിയനേ നിനക്കായി മാത്രം 

ബധിരനല്ലെന്നിട്ടും കേള്‍ക്കാതെ പോയി നീ 
താളമരിഞ്ഞിട്ടും മൂളാതെ പോയി നീ 
മറ്റേതോ ഗാനത്തിന്‍ പല്ലവി തേടി നീ  
  
എന്‍ ഗാനം കേള്‍ക്കാതെ 
എന്‍ ഗാനം മൂളാതെ 
ഇനിയും നിനക്കെത്ര ദൂരം 

ഉള്ളുറങ്ങി ,എന്റെ കനവുറങ്ങി ..
ഹൃദയ  ഗാനവും ശ്രുതിയില്ലാതായി 
ആ ഗാനമിപ്പോഴും അലയുന്നു, വെറുതെയീ-
 ഒറ്റ മരത്തിന്നു ചുറ്റും.. 

യോഗി

ധ്യാനം,
 ദയാപൂര്‍ണ്ണ നേത്രം, 
 അഹംഭാവലേശം ജ്വലിക്കാതെ വചനം  .

ആകാരശോഷം, നിരാകാര  വേഷം ,
പ്രാജ്ജ്വലദീപ   സംയോഗം  

സകര്‍മ്മം സഹസ്രം
 സച്ച്ചരിതം സഹര്‍ഷം 
സത്വം,  ദീനാത്മാ സഹായം 

ആത്മ വിലാപം 
സാധ്യമോ യോഗം..? ധ്യാനം -
അപരാഹ്ന്ന  കാലം.

Friday, 30 July 2010

ആഗ്നേയം

വേദനയകറ്റാന്‍ വേദം പഠിച്ചു 
ധാരണ മാറ്റാന്‍ ധാരാളിയായി
ഒറ്റ തിരിഞ്ഞപ്പോള്‍ ഒന്നാനാം കുന്നേറി   
മാനത്തു ,മാനത്തു നോക്കി നടന്നു..

കൂട്ടരെ തേടി, കൂട്ടം തെറ്റി 
കൂട്ടുവാനാരാരെ തേടി നടന്നു..
ഒപ്പം നടക്കും നിഴലും മറന്നു 
നിഴലാട്ടമാടിയ രാവും കടന്നു 

തീയില്‍ ദഹിച്ചു, തീര്‍ത്ഥം കൊതിച്ചു ..
തീരാത്ത ,തീരാത്ത ദാഹം വളര്‍ന്നു 
ഏതു കമണ്ടലു .,ഏതു ഗംഗാജലം ..
ഏതു ഭഗീരഥന്‍ ശാപങ്ങള്‍ തീര്‍ക്കാന്‍ ?

ശാന്തിയില്ലെങ്കിലും , ശാന്തമല്ലെങ്കിലും
എരിഞ്ഞടങ്ങുന്നു ജന്മാന്തരമെങ്കിലും , 
അഗ്നിയില്‍ത്തന്നെ തപം  ചെയ്തിടുന്നു ഞാന്‍     
ചാരമായെങ്കിലും. നിന്നില്‍ ലയിക്കാന്‍.. 


Thursday, 29 July 2010

തളിര്






നീ നിന്റെ ജീവന്‍ പകുത്തു നീട്ടി ,
എനിക്കെന്റെ ലോകം തിരിച്ചു കിട്ടി ..
 കണ്ണീര്‍ ക്കിളികള്‍  പറന്നു പോയി ,
ചിരിമഴ എന്നുള്ളില്‍ താളമായി. .

മഴയില്‍ നനഞ്ഞു, നനഞ്ഞു ഞാന്‍ നില്‍ക്കവേ ,
നീയെന്നില്‍ പെയ്യുന്ന മേഖമായി  ..
നിന്‍ വന്യ ഗര്‍ജ്ജനം നാദമായി 
എന്നും ഞാന്‍ മീട്ടുന്ന വീണയായി ..

ഈ മഴ പ്രളയമായ്  എന്നില്‍  നിറയട്ടെ 
ഒരാലിലത്തളിരായ് ഞാനൊഴുകി  നടക്കട്ടെ.. 






Tuesday, 13 July 2010

പൂത്തുമ്പിയറിഞ്ഞോ..

പുകമഞ്ഞു മൂടിയ പുലര്‍കാലങ്ങള്‍
എന്നെയൊരു പൂത്തുമ്പിയാക്കിയിരുന്നു .

ഇള വെയിലിലൂര്‍ന്നു വീണ മഞ്ഞുദുപ്പ് ,
വീണ്ടും അണിയാന്‍  ആശിച്ച് ,
തുംബച്ച്ചെടിയില്‍ പറ്റിയിരുന്ന.. കുഞ്ഞു പൂത്തുമ്പി ...

പൂക്കള്‍ സൌമ്യത  തീര്‍ത്ത
താഴ്വാരങ്ങളിലേക്കു പറന്നിറങ്ങാന്‍ ...
ചെമ്പക മണമുള്ള കാറ്റിന്റെ
മഞ്ഞു നിശ്വാസമേറ്റു  പറന്നലയാന്‍....
പൂത്തുമ്പി കൊതിച്ചു .

എന്നാല്‍ ....
കുഞ്ഞിച്ചിറകുകള്‍  മഞ്ഞിലലിഞ്ഞു  ഒട്ടിച്ചെര്‍ന്നത്‌
പൂത്തുമ്പി അറിഞ്ഞതേയില്ല ...
പിന്നെ...
ഇളവെയില്‍ വന്ന്‌ ,
കുഞ്ഞിച്ചിറകുകള്‍ ഉണങ്ങുന്നതു വരെ ,
തുമ്പപ്പൂക്കള്‍ പൂത്തുംബിക്ക് കൂട്ടിരുന്നു....!


Sunday, 11 July 2010

മഴ

മഴ..  ,
ഓരോ കാലത്തിലും ഓരോ തരത്തിലാണ്  മഴ എന്നില്‍ പെയ്തിരുന്നത്‌ .


ബാല്യത്തിലെ മഴ.........

എനിയ്ക്ക് തുരുമ്പിച്ച.., തണുത്ത.., ജനലഴികളില്‍.. അമര്തിവച്ച്ച കവിളുകളിലൂടെ 
ഇടവിടാതൊഴുകുന്ന കണ്നീര്ച്ച്ചാലാണ്....!
തുരുമ്പിന്റെ മണമായിരുന്നു അന്ന് മഴയ്ക്ക്. 
--ഇരുണ്ട,..  തണുപ്പുറഞ്ഞ   മുറിയിലേക്ക് ....
തുരുമ്പിന്റെ മണവും കൊണ്ട് ...മഴ .....!

അയലത്തെ കുട്ടികള്‍ മഴയില്‍ ആര്‍ത്തു കളിക്കുമ്പോള്‍ ,
മഴത്തുള്ളികളും , കണ്ണീരും  വേര്തിരിക്കാനാവാതെ  .....ഞാന്‍ ----------  !! 

എന്നാല്‍ ഇപ്പോള്‍ ഈ  പ്രവാസത്തിന്റെ തീച്ച്ചൂടില്‍ ,
ഉള്ളം കൊതിക്കുന്നത് ഒരു മഴക്കായാണ്. 
മഞ്ഞിന്റെ തണുപ്പുള്ള മഴ... 
മണ്ണിന്റെ മണമുള്ള മഴ.....
മണ്ണാത്തി പുള്ളുകള്‍ കരയുന്ന മഴ....
മഴ ....മഴ..... മഴ ....... !
മഴ...... മഴ.....മഴ....... !!
സ്നേഹത്തിന്റെ  മഴ......!
സൌഹൃദത്തിന്റെ  മഴ.... !!

അലയൊതുങ്ങുമോ..?


അവസ്ഥ

എന്റെ മനസ്സിലിപ്പോള്‍ വരയില്ല.., കവിതകളില്ല...,മഞ്ഞു പടര്‍ന്നു കിടക്കുന്ന തണുത്ത  പുലര്കാലങ്ങളുടെ സ്വപ്നങ്ങളില്ല...എല്ലാം ഒരു തിരശ്ശീലക്കപ്പുരത്താണ്. 
ഒരു പക്ഷെ ..പൊടി പിടിച്ചു കാണും...!!    
നല്ല സൌഹൃദങ്ങള്‍ കൂടിയില്ല എന്ന് പറയുമ്പോള്‍  ചിത്രം പൂര്‍ത്തിയാവുന്നു.
പക്ഷെ ചിലത് ചേര്‍ത്ത് പിടിക്കണമെങ്കില്‍ ചിലത് പൊഴിച്ച് കളയുക തന്നെ വേണമെന്നരിയവുന്നത് കൊണ്ട് 
മരത്തില്‍ ഇപ്പോഴും പൂക്കളുണ്ടാവുന്നു.....!!
പൂക്കള്‍ പെറുക്കി മാല കെട്ടുന്ന കുട്ടിയാവുന്നു .....ഞാ...ന്‍........


Tuesday, 6 July 2010

കാരണം

അലയൊതുങ്ങിയാലെ.... അടിത്തട്ടു കാണാനാവൂ.......!!