ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday, 29 November 2011

മരുഭൂമി തേങ്ങുമ്പോള്‍ .





ഹേ 
സുപ്രസുവായ കാമുകാ..,
എന്നില്‍ കാമനകള്‍ വിലപിക്കുന്നു.
ഒരു കൊള്ളിയാന്‍ മിന്നുന്നു.
നമുക്കിടയില്‍ എന്താണ് ?
മണ്‍നിറമുള്ള മുട്ടകളിന്‍മേല്‍ 
അടയിരിക്കുന്ന ഫാല്‍കന്‍പക്ഷികളും 
എന്റെ കവാടത്തിനു മുന്നില്‍ 
തിടംവെക്കുന്ന ചുഴലികളുമല്ലാതെ.!

ഹാ,
മലമുകളില്‍ നിന്നിറങ്ങിവരുന്ന 
പ്രിയമാന്ത്രികാ ,
നിന്റെ നിശ്വാസവേഗങ്ങള്‍ 
എന്നില്‍ അലകളുണര്‍ത്തട്ടെ.
അലകളലകളായ് പടര്‍ന്ന്,
ഉന്മാദത്തിന്റെ പിരമിഡുകള്‍ പണിതുയര്‍ത്തി ,
നിന്നില്‍ ഞാനുയിര്‍ക്കട്ടെ.

ഹേ.,
ഉന്മത്തതയുടെ വിളവെടുപ്പുകാരാ..,
നിന്റെ പ്രേമവായ്പ്പുകള്‍
എന്നെ തലോടിയ വിദൂരഭൂതത്തില്‍ 
എന്നിലുണ്ടായിരുന്ന 
നീരൊഴുക്കുകള്‍ ..,
വൃഷ്ടി ധാരകള്‍ .., 
കളപ്പുരകള്‍ ..,
എല്ലാമെല്ലാം ..
മണല്‍ത്തരികളുടെ തിളക്കം പോലെ 
നിനക്കു പരിചിതം.

ഹോ .,
ആരാണെന്റെ നിര്‍ഭാഗ്യത്തിനു നിമിത്തമായത്....?
ആര്‍ദ്രതയുടെ താക്കോലുകള്‍ 
വീണുപോയതെങ്ങ്..?
ഇപ്പോള്‍ 
ആഗസ്റ്റ്‌ മാസത്തിലെ 
തീച്ചൂളയ്ക്കു കീഴെ 
നിഴലും ,മരീചികയും പുണരുന്ന 
എന്റെ സ്ഥലവിസ്തൃതി-
ആകാശത്തിന്റെ ലഹരിയില്‍ ,
ഭൂമിയുടെ തലകറക്കം ..!
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെപ്പോലെ 
കരുത്തനായ എന്റെ കാമുകന്‍.! .
ഒരു കുതിപ്പിനപ്പുറം അവനുണ്ട്.
എന്റെ ഒളിയിടങ്ങളില്‍ 
ചുഴലികള്‍ തീര്‍ക്കാന്‍.
എന്നില്‍ 
ഉണര്‍വിന്റെ തൊലിയുരിഞ്ഞ്,
ഉന്മാദത്തിന്റെ കാറ്റുപായ വിടര്‍ത്താന്‍ .

പോരൂ..
എന്റെ വരണ്ട തോട്ടങ്ങളിലെ വിരുന്നുകാരാ . 
വറ്റിപ്പോയ ആറുകളെ 
നിന്റെ മഹാസമുദ്രത്തിലേക്കു വലിച്ചടുപ്പിക്കൂ.
എനിക്കൊരമ്മയാകണം
നിന്റെ നനവുകുഞ്ഞുങ്ങളെ 
പെറ്റുകൂട്ടണം.
വന്ധ്യത തുന്നിച്ചേര്‍ത്ത മണല്‍പ്പുതപ്പു കീറിയെറിഞ്ഞ്
ഒരു നീരൊഴുക്കിലുണരണം .
അസ്തമയശോഭകള്‍ക്കൊപ്പം
കുന്നിറങ്ങിവരുന്ന 
എന്റെ പ്രിയകാമുകാ..,
വരിക, 
ഇനി 
നീയെന്നിലേക്കഭിസരിയ്ക്ക ..!
എന്റെ ഗര്‍ഭത്തിലൊരു ജലവിത്തു പാക..!
ഒരു ജലച്ചുഴലിയായെന്നില്‍ നിറയ..!

Thursday, 13 October 2011

മുറിവുകള്‍ നഗരത്തെ ഒഴുക്കുന്നിടത്ത്.


പരസ്പരം പ്രേമവായ്പ്പുകളില്‍ നിന്നകന്ന്
നിങ്ങള്‍ എവിടേക്കാണ് 
യാത്രയാകുന്നത്...?
കൂടെ നടന്നവരെ 
സാഹോദര്യത്തിന്റെ ചുറ്റുവഴികളിലേക്കും
അതിഥികളെ സ്വവസതികളിലേക്കും
നയിച്ചിട്ടേ ഇല്ലെന്നതു  പോലെ ..!

നിഴലും ,മരീചികയും 
നിറയുന്ന 
ഈ ഭൂമികള്‍ ,
തലമുറകളുടെ ധൂളികള്‍ ,
സ്വപ്‌നങ്ങള്‍ ,
വൃഷ്ടി ധാരകള്‍ 
ആരുടെ നിര്‍ഭാഗ്യത്തിനാണ്
നിങ്ങള്‍ നിമിത്തമാകുന്നത്.?

യുദ്ധം 
സമസ്യകളുടെ 
കഴുത്തറക്കാന്‍ തുനിയുമ്പോള്‍ 
അമ്മമാര്‍ 
മിഥ്യകളെ മുലയൂട്ടുന്നു.
പ്രിയനെ 
മറമാടിയ മണ്ണില്‍ നിന്ന് 
ഒരു പിടി വാരിയെടുത്ത് 
വധു 
നാശത്തിലേക്ക് 
പടി ചവിട്ടിയിറങ്ങുന്നു.

മുറിവുകളാണിപ്പോള്‍  
ഈ നഗരത്തെ ഒഴുക്കുന്നത് ..!

അമ്മമാരെയും കുഞ്ഞുങ്ങളേയും കൂട്ടിക്കൊണ്ട്
ഞങ്ങള്‍ മടങ്ങുകയാണ്,
ഖിന്നതയുടെ അന്ധകാരത്തിലേക്ക് .
അന്ധകാരം ഒരു പക്ഷെ 
ഞങ്ങള്‍ക്ക് 
കവിതകള്‍ തിരിച്ചു നല്‍കിയേക്കാം.

ഇനി 
സൂര്യന്റെ അടുപ്പില്‍ നിന്ന് 
ഞങ്ങള്‍ക്ക് 
ഇരുട്ടിനെ വേവിച്ചെടുക്കേണ്ടതുണ്ട് .
കുഞ്ഞുങ്ങള്‍ക്കു 
വിശക്കുന്നു..!

Thursday, 22 September 2011

നടവഴിച്ചിന്തകള്‍

നടവഴികള്‍ പറയുന്നത് ആരെക്കുറിച്ചാവാം..?
കടന്നുപോയ ആരും ഓര്‍ക്കുന്നുണ്ടാവില്ല
ചവിട്ടി മെതിച്ചു കടന്നുപോന്ന നടവഴികളെ.
.
മുന്നിലെ ലക്ഷ്യത്തെക്കുറിച്ച്
അതിനു ചിന്തയുണ്ടാവില്ല.
ചിലപ്പോള്‍ -
ഒരു വൃക്ഷത്തടിയിലേക്ക് സ്ഥാനാന്തരം ചെയ്യാന്‍
അതാഗ്രഹിച്ചേക്കാം
അപ്പോള്‍ -
എന്റെ തണലെവിടെ എന്നും
എന്തുകൊണ്ട് ആരും എന്റെ സമീപം
വിശ്രമിക്കുന്നില്ല എന്നും അതിനാശ്ചര്യപ്പെടാം
പകലൊടുങ്ങുന്നതിനു മുന്‍പേ
ജീവിതത്തിന്റെ മധ്യത്തില്‍ വച്ച്
ചില യാത്രികര്‍ മടങ്ങുന്നു.
ഭീഷണിയും ,മുറുമുറുപ്പുമായി
ചിലര്‍ ധൃതി കൂട്ടുന്നു.
കിളിവാതിലിലൂടെ നോക്കിയിരിക്കുന്നവര്‍ പോലും
നടന്നു പോകുന്നവരുടെ
മനസ്സുകളുടെ കാര്യത്തിലെ
നഷ്ടസാധ്യതകള്‍ ഏറ്റെടുക്കുന്നു.
ചിലനേരം
ജീവിതത്തിന്റെ ത്രസിപ്പിലൂടെ,
സൂര്യന്റെ ഹൃദയ മദ്ധ്യേ ,
ചിലര്‍ കടന്നു വരും.
അംഗശുദ്ധി ഉപേക്ഷിച്ച്‌
ഗ്രാമങ്ങളിലൂടെ അവര്‍ കടന്നു പോകും;
-മീന്‍പെട്ടികളിലെ അവരുടെ ദിനങ്ങള്‍ക്ക്‌
ഉപ്പു പുരട്ടിക്കൊണ്ട് .
പ്രണയത്തിന്റെ കൈത്തണ്ടകള്‍
മുറുകെപ്പിടിച്ചു കൊണ്ട്
ലഹരിയിലാണ്ട കമിതാക്കളും
ചിലപ്പോള്‍ കടന്നു വരാറുണ്ട്
കവിതകളുടെ പൂപ്പാത്രങ്ങള്‍
വച്ചുനീട്ടികൊണ്ട്
പ്രഭാതത്തിന്റെ തോണിയില്‍ കയറി
അവര്‍ അപ്രത്യക്ഷരാകും.
ചിലര്‍, യാത്രയുടെ ആകാശത്തിന്‍ ചുവടെ
ഉല്ലസിച്ചു കൊണ്ടു കടന്നു പോകും.
അപ്പോഴെല്ലാം
നടവഴി ആഗ്രഹിക്കുന്നതെന്താവാം....?
കടലുകള്‍ ദീര്‍ഘകാലം മറന്നു പോയ
ഒരു തരംഗത്തെ തേടിക്കൊണ്ട് ,
ആകാശം കടലിന്റെ തേങ്ങലുമായി സന്ധിക്കുന്നിടത്ത്,
മണലും ,നിഴലും, മേഘ ശകലങ്ങളും
വളര്‍ന്ന്, അനന്തതയുടെ കാനനത്തില്‍
അപ്രത്യക്ഷമാകുന്നതിനു മുന്‍പ്
കടന്നു പോയവരെയെല്ലാം
ഒരിക്കല്‍ക്കൂടി കണ്ടുമുട്ടണമെന്ന്
നടവഴി ആഗ്രഹിക്കുന്നതായി
കരിയിലകളെ പറത്തിവിട്ട്-
ഒരു കാറ്റെന്നോടു പറഞ്ഞു

Sunday, 14 August 2011

തീനിറം.


എല്ലാ നിറങ്ങളെക്കുറിച്ചും 
കറുപ്പിലെഴുതാം
നിറങ്ങളാവേശിച്ച 
ജീവിതങ്ങളെക്കുറിച്ചും.

 നിറം വാര്‍ന്ന 
വേദനകളെക്കുറിച്ച് 
ചോരനിരമുള്ള 
ഓര്‍മ്മപ്പശയുണങ്ങിയ
കടലാസിലെഴുതാം .

ഞരമ്പിലെ വീഞ്ഞിന്‍റെ
ചുവപ്പുനിറത്തിലെഴുതാന്‍
തെരുവു യുദ്ധങ്ങള്‍ 
ഖിന്നത നിറച്ച 
മുറിവിന്‍റെ
പേന വേണം.

ഏല്ലാവര്‍ക്കും
അവരുടേതായ കാരണങ്ങളാല്‍ 
ഒരു പേനയും 
ആത്മാവിലൊരു 
കടലാസുമുണ്ട്.

എന്നാല്‍ 
അച്ഛനോ ,അയല്‍ക്കാരനോ 
പകര്‍ത്തിത്തന്ന 
ഇടിത്തീ  നിറമുള്ള 
ഓര്‍മ്മകളെ 
ചാരമായിപ്പോയ കടലാസില്‍ 
അവള്‍
എങ്ങനെ
പകര്‍ത്തിയെഴുതും..? 

Sunday, 31 July 2011

പുഷ്പചക്രവില്‍പ്പനക്കാരി


നിറമില്ലാ സ്വപ്നങ്ങളുടെ പാട്ട് 
ചിറകില്ലാക്കിളികള്‍ 
ഏറ്റു പാടുന്നൊരു മഴസന്ധ്യയില്‍ 
തനിക്കായൊരു പുഷ്പചക്രം 
മെനഞ്ഞുണ്ടാക്കുകയാണ് പെണ്‍കുട്ടി
ദ്രുതം-
പാടുക, തേങ്ങുക, പാടുക 
എന്നിങ്ങനെ.
സംഗീതരഹിതമായ തെരുവുകളിലെ 
പുഷ്പചക്രവില്‍പ്പനക്കാരി.

വഴിയരികിലെ അലരിമരങ്ങളില്‍ നിന്നു 
പൂക്കള്‍ ശേഖരിച്ചു 
കറുത്ത വെല്‍വറ്റും,  മരണവും  ചേര്‍ത്ത്
മെനഞ്ഞുണ്ടാക്കുന്ന
പുഷ്പച്ചക്രങ്ങള്‍

ഒറ്റ രാവില്‍ പൂമരമാകുന്ന 
വിത്തുകള്‍ തരാമെന്നു 
വാഗ്ദാനം ചെയ്ത്‌
നിന്നെ കയറ്റിയിരുത്തിയ രഥം 
അവര്‍  
എനിക്കു മുന്നിലൂടെയാണ്‌ 
വലിച്ചു കൊണ്ടുപോയത്.

നിറ നിലാവില്‍ മുങ്ങി,
നക്ഷത്രമാവാന്‍ കൊതിച്ച ഒരില 
കൊഴിഞ്ഞു വീഴുന്ന ഞൊടിയില്‍
നിന്റെ മോഹങ്ങളുടെ കലവറകള്‍
കവര്‍ന്നെടുക്കപ്പെട്ടു.
പിന്നെയും നിലവറക്കുണ്ടില്‍ തിരഞ്ഞ്
വലിയൊരു പരാജയം 
 നീ കണ്ടെടുത്തു.



വിത്തു മുളക്കുന്നത്‌ 
ഒറ്റ രാത്രി കൊണ്ടല്ലെന്നും 
പൂമൊട്ടുകള്‍ വിടരാന്‍ 
ഒരു ഞൊടി പോരെന്നും 
നീയോര്‍ത്തില്ല .
നിന്റെ തകര്‍ന്ന തോട്ടങ്ങളില്‍ 
ശൂന്യതയുടെ ചിലന്തികള്‍ 
വല നെയ്യാന്‍ തുടങ്ങിയപ്പോഴാണീ
തിരിച്ചു വരവ്.

അകലെയകലെ 
വെളിച്ചം,
കാലത്തിന്റെ കുരുക്ക്.
നിലവിളികളുടെ ബാക്കി -
നിന്റെ നെടുവീര്‍പ്പ്.
 
വിളറിയ മഴ 
തിരമാലകളിലേക്ക് ചായുന്നതും 
നോക്കിക്കൊണ്ട്‌ 
തനിക്കായൊരു പുഷ്പചക്രം 
മെനയുകയാണവള്‍...
ദ്രുതം-
പാടുക, തേങ്ങുക, പാടുക..
എന്നിങ്ങനെ..!

Monday, 11 July 2011

പ്രണയം മറന്ന വഴി.

എന്റെ പ്രണയം 
കൊഴിഞ്ഞുവീണുപോയ വഴിയിലൂടെ 
ചാറ്റല്‍ മഴ നനഞ്ഞ് 
വെറുതെയൊന്നു നടക്കാനിറങ്ങി.
ഇലഞ്ഞിമരക്കാടിനുള്ളിലേക്ക് 
നീണ്ടു പോകുന്ന ഈ  വഴിയില്‍ വെച്ചാണ് 
ഒരു സന്ധ്യയില്‍ 
ഞാനെന്നെ മറന്നു വെച്ചത്.

വിസ്മൃതിയില്‍ നഷ്ടമായ 
സമയഗോപുരത്തിന്റെ 
മണിമുഴക്കം കേള്‍ക്കാനുണ്ടകലെ.
ഇഴപൊട്ടിയ പ്രണയനൂലുകള്‍
മഴക്കൊപ്പം ഊര്‍ന്നുവീഴുന്നു..

നിന്റെ പേര് പാടിക്കൊണ്ട് 
ഞാന്‍ നടക്കാറുണ്ടായിരുന്ന കാട്ടുവഴി.
എന്റെ നെടുവീര്‍പ്പുകളാല്‍ 
ഇലഞ്ഞിമരങ്ങള്‍ക്കറിയാമെന്നെ.
വസന്തം വരുന്ന കാര്യം 
മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞ്
ഒരു മരം എന്നോട് പറഞ്ഞു.

'നിന്റെ നെടുവീര്‍പ്പുകളില്‍ 
വേരുറപ്പിച്ച് നീയെന്തിനു 
വസന്തം കാത്തിവിടെ നില്‍ക്കണം' .?
-ഇലഞ്ഞിപ്പൂമണം വഹിക്കാന്‍ 
തയ്യാറെടുത്തൊരു കാറ്റ് 
എന്റെ ശ്രുതിശൂന്യമായ ഗാനത്തെ 
പറത്തിക്കളഞ്ഞു വിസ്മയപ്പെട്ടു.

നിന്റെ പേരുറക്കെ പാടിക്കൊണ്ട് 
ഞാനുല്ലസിക്കാറുണ്ടായിരുന്ന കാട്ടുവഴി,
ഇലഞ്ഞിപ്പൂക്കളാല്‍ മേല്‍വിരിപ്പു  തുന്നാന്‍ 
തയ്യാറെടുത്തു നീണ്ടു കിടന്നു.

എന്റെ കാല്‍പ്പാട് പതിഞ്ഞതും 
നിന്റെ ഓര്‍മ്മയാല്‍  
മരചില്ലകള്‍ക്കിടയില്‍ നിന്നൊരു 
നീലശലഭം പറന്നുയര്‍ന്നു..
ഇനിയീ വഴി മുഴുവന്‍ 
നീലശലഭങ്ങള്‍ 
എന്നെയും കൊണ്ടു പറക്കും.
മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍....
ഇലഞ്ഞി മരക്കൂട്ടങ്ങള്‍ക്കിടയില്‍....
ഇനി നീ വരാത്ത വഴിയില്‍....
ഞാന്‍ കണ്‍ തുറക്കാതെ നടക്കും........

Saturday, 9 July 2011

അമ്മവാക്ക്

കര്‍ക്കിടക്കാറു പെയ്യും നിന്‍
മുഖം തെല്ലൊന്നുയര്‍ത്തുക
നിന്റെ കണ്ണുകളില്‍, പുത്രീ
പെയ്തൊഴിയാതെയീ മഴ

കുറെയേറെ കടന്നു നാം
മുള്‍ വിരിപ്പിട്ട പാതകള്‍
ഇനി ബാക്കി കിടക്കുന്ന-
തെത്രയുണ്ടെന്നറിഞ്ഞുവോ ?

വൃഥാ ജീവിച്ചു തീര്‍ക്കുവാന്‍
മാത്രമല്ലയീ ജീവിതം
ഇനിയും താണ്ടുവാന്‍ ദൂരം
ഏറെയില്ലേയവിശ്രമം

അകലെ പുല്‍ക്കൊടിത്തുമ്പില്‍
തൂങ്ങി നില്‍ക്കുന്ന തൃഷ്ണയെ
നെഞ്ചിലേറ്റേണ്ടതുണ്ടു  നീ
സന്ധ്യ   മായ് വതിന്‍ മുന്നവേ

യാത്ര ചൊല്ലാതെ നിശ്ശബ്ദം
നീ നടക്ക, യെന്‍ മുന്നിലായ്
എന്റെ ഗായത്രി തീരും മു-
മ്പിന്നീ സന്ധ്യ മായ്കിലും

 എന്റെ കൈക്കുമ്പിളില്‍ പുത്രീ
ചേര്‍ത്തുവെയ്ക്കും നിന്‍ ജീവനെ.
മനസ്സിലെണ്ണ വറ്റാതെ
കാത്തു വെയ്ക്കുമീ  ദീപവും.

Tuesday, 7 June 2011

ദേശങ്ങള്‍ എങ്ങും ബാക്കിയില്ല

പെരുവഴികള്‍ക്കനേകം 
നടവഴികളുണ്ടെന്നു പറഞ്ഞാണ്, കാറ്റ്
കരിയിലകളെ മുഴുവന്‍ 
ഇടവഴിയിലേക്കൂതിപ്പറപ്പിച്ചത്.
പെരുവഴിയില്‍ ബാക്കിയായത് ,
വഴിതെറ്റിവന്ന ഞണ്ട്..
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ .

പറക്കാനിനി ആകാശങ്ങള്‍ 
ബാക്കിയില്ലെന്നൊരു വെള്ളിപ്പറവ.
ആകാശം തലയിലിടിഞ്ഞു വീഴട്ടെ -
യെന്നു പ്രാകിയപ്പോള്‍ 
മുഴുവനത് ഇടിഞ്ഞുവീണതാണെന്നൊരുവള്‍.
തുഴയാനിനി പുഴയിലും ,കടലിലും 
വെള്ളമില്ലെന്നു തോണിക്കാരന്‍ .
വെള്ളത്തില്‍ വരച്ച വരകള്‍ 
മായ്ച്ചും വീണ്ടും വരച്ചും 
വെള്ളം മുഴുവന്‍ വരകള്‍ കൊണ്ടു
നിറച്ചെടുത്തതിനാലാവാമെന്നൊരു കൂട്ടര്‍.

ആകാശവും നക്ഷത്രങ്ങളും 
ഇല്ലെങ്കില്‍പ്പോലും  രാവ്‌ ,
കാറ്റ് വീശുന്ന  പുല്‍മേടാണ് .
പുലര്‍യാമങ്ങളില്‍ നമുക്ക് 
നിന്നുറങ്ങാനൊരിടം.
ഓരോ പുല്‍മേടും 
അതിന്റെ പുതപ്പില്‍ 
ഓരോ ദേശത്തെ മറയ്ക്കുന്നു.

ഒരു മരത്തെ 
ഞാന്‍ തൊടുമ്പോഴേക്ക് 
പെട്ടെന്നത്‌  അന്യന്റെതായിത്തീരുന്നു 
ഒരു പാറക്കല്ലില്‍ ഞാനിരിക്കുമ്പോള്‍ 
അത് ചിറകു മുളച്ചു പറന്നകലുന്നു.
ഞാനെവിടെപ്പോകും ..?

പെരുവഴിയില്‍ വഴിതെറ്റി വന്നൊരു 
ഞണ്ടിനൊപ്പം ഞാന്‍ നടക്കുന്നു.
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ..

Friday, 3 June 2011

മഴയാട്ടമല്ലേ .., സഖീ

മഴ പെയ്തുതോരുവാന്‍ കാത്തുനില്‍ക്കേണ്ട നാം 
വാതില്‍ തുറന്നിങ്ങു പോരൂ സഖീ 
ഞാറിന്‍ തലപ്പുകള്‍ മുങ്ങി നിവരുമാ 
പാടവരമ്പോളം പോയി വരാം 

നിന്‍ മുടിക്കെട്ടൊന്നൊതുക്കി വച്ചീടു നീ 
മഴമുകില്‍ പോകാതെ പെയ്തിടട്ടെ 
കാട്ടു ഞാവല്‍ തിന്നു ചോന്ന കവിള്‍ത്തട -
മീമഴയേറ്റു കുതിര്‍ന്നിടട്ടെ 

കോലായിലറ്റത്തു  വൃത്തം ചമയ്ക്കുന്ന 
നൂറുകാല്‍ കൂട്ടരെ തൊട്ടിടാതെ
മഴമണി താളത്തില്‍ വീഴുമിറയ്ക്കലെ
കടലാസു തോണികള്‍ മുക്കിടാതെ 

പെയ്തുതിമര്‍ക്കുമീ മഴയത്തു കൈകോര്‍ത്തു 
ചോടു വച്ചു,  മയിലാട്ടമാടാം 
മഴപെയ്തു തോരുവാന്‍ കാത്തു നില്‍ക്കാതെ
നിന്‍ വാതില്‍ തുറക്ക; മഴയാട്ടമല്ലേ.

ഇടവഴിയറ്റത്തെ കാട്ടിലഞ്ഞിപ്പൂക്കള്‍ 
കോര്‍ത്തെടുക്കാം ചെറു മാല തീര്‍ക്കാം 
പോള പൊട്ടിയിളം കൈത മണക്കുന്ന 
തോട്ടിറമ്പത്തൂടെ പോയി നോക്കാം 

കുഞ്ഞു തവളകള്‍ നാമം ജപിക്കുമീ 
പാടവരമ്പത്തെന്‍ കൂടെ നില്‍ക്കു
തുള്ളി മറിയുന്ന കുഞ്ഞുമീന്‍ ചാട്ടങ്ങള്‍ 
കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കാം 

നിന്‍ ചിരി,യീമഴമുത്തായ്‌ പൊഴിയുന്നോ
നെയ്തലാമ്പല്‍ പൂക്കള്‍ കൂമ്പിടുന്നോ 
തരിക നിന്‍ കരമതിലൂന്നിയിറങ്ങട്ടെ 
ഈ വയല്‍ച്ചിരിയാകും പൂ പറിക്കാന്‍ 

ഓര്‍മ്മയില്ലേ, മഴപ്പാട്ടിപ്പോഴും സഖീ 
ഓര്‍ത്തെടുക്കൂ വൃഥാ  നിന്നിടാതെ 
ഈ നെയ്തലാമ്പലിന്‍ പൂവു നല്‍കാം നിന-
ക്കാമഴപ്പാട്ടു നീ പാടുമെങ്കില്‍ ..!

Wednesday, 1 June 2011

കിണര്‍ക്കാവല്‍

കിണര്‍ 
വട്ടമൊത്ത നീണ്ട തായ്ത്തടി 
അടിത്തട്ടോളം  വേര് പടര്‍ത്തി,
ആര്‍ദ്രത വലിച്ചൂറ്റുന്ന 
കണ്‍ ചിമ്മാത്ത ജലസാക്ഷി 
നീരാവിച്ചിറകിനാല്‍ 
ആകാശമളന്ന് ,
സൂര്യനെ കൈയെത്തിപ്പിടിച്ച്,
മണ്‍നെഞ്ചിലിടര്‍ന്നിറങ്ങുന്ന 
സൌമ്യമായൊരു ജലച്ചുഴലി

ഞാന്‍ ചിരിച്ച ചിരികള്‍ 
മുഴുവന്‍ തിരിച്ചെനിക്ക്‌.
(ഒപ്പമെന്റെ തേങ്ങലും )
മുത്തശ്ശിക്കഥ പറഞ്ഞ്
തണുത്ത വിരലാല്‍ താരാട്ട് .
രാത്രികളില്‍ ചന്ദ്രനെ -
ക്കാണിച്ചോരാമ്പല്‍ച്ചിരി.

പൂപടര്‍ച്ചില്ലയില്‍ കിളി വന്നതും 
പൂവിതള്‍ നൃത്തം വെച്ചടര്‍ന്നതും 
കണ്ടതു ഞങ്ങളൊന്നിച്ച്.
കുയിലിന്റെ മറുവിളി 
രാപ്പാടിപ്പാട്ട് 
കേട്ടതും ഞങ്ങളൊന്നിച്ച്.

ഇനി 
ചുടു കാറ്റു വീശുന്ന വേനല്‍ 
അതിന്റെ കുരുത്തക്കേടില്‍
നിന്റെ ഉറവു വറ്റും
വരള്‍ച്ച നിന്നെ മുക്കിക്കളയും
വരണ്ട താഴ്വാരങ്ങള്‍ക്കു നേരെ 
കുതിച്ചോടുന്ന കൊറ്റനാടുകളുടെ കൊമ്പില്‍ 
മരണം നിനക്ക് ദൃശ്യമാകും 

എന്നാല്‍ 
ഞാന്‍ നിന്റെ വറ്റിയ 
ഉറവിനു കാവലിരിക്കും.
വിദൂരദേശങ്ങള്‍ താണ്ടി 
ദാഹിച്ചു വലഞ്ഞെത്തുന്നവരോട്
എനിക്കു മറുകുറി പറഞ്ഞല്ലേ പറ്റു 

പിന്നീട് 
കിഴക്കന്‍ ചക്രവാളത്തില്‍ അവര്‍
മറഞ്ഞു കഴിയുമ്പോള്‍ 
സ്വപ്‌നങ്ങള്‍
മേഘപ്പുരകളിലുറങ്ങിക്കഴിയുമ്പോള്‍
എന്റെ ഒറ്റത്തുള്ളിക്കണ്ണീര്‍ കൊണ്ട് 
നിന്നില്‍ അലകളുണരും..
അലകലുയരും ...
താഴ്വരയാകെ ഒഴുകിപ്പരക്കും...!


Monday, 30 May 2011

പ്രണയത്തില്‍ ജീവിക്കുന്ന വിധം.

എന്റെ ഉറങ്ങുന്ന ചിത്രപ്പണികളെ 
നീയുണര്‍ത്തുമ്പോള്‍ ,
കൂട്ടിച്ചേര്‍ക്കാന്‍ വിസ്മരിക്കപ്പെട്ട പ്രശ്നചിത്രം 
പൂര്‍ത്തിയാക്കുന്ന വിനോദങ്ങളില്‍ 
നീയെന്നെ അവശയാക്കുമ്പോള്‍ .,
മാതളച്ചാര്‍ പോലെ സ്വാദില്‍ നിന്ന് 
നീ  ചിതറിത്തെറിക്കുമ്പോള്‍ ,
പ്രണയത്തില്‍ നാം 
വര്‍ഷകാല മേഘം പോലെ 
പെരുകുമ്പോള്‍ ..,
എന്റെ തകര്‍ന്ന ഭൂമിയെ 
പച്ചവയലുകളുടെ നേര്‍ക്ക്‌ 
നീ ചാടിക്കുമ്പോള്‍ ,
വഴിതെറ്റിപ്പോയ യാനപാത്രത്തിന്റെ 
കേടു തീര്‍ത്ത്, അതില്‍ 
പ്രണയത്തിന്റെ കാറ്റുപായ
വിടര്‍ത്തുമ്പോള്‍ ,
ഞാനും നീയും ഒരേ 
മുത്തുമണിയില്‍ കറങ്ങുമ്പോള്‍ ,
ലോകം പ്രേമത്തിന്റെ ഭിത്തിയില്‍ 
തൂക്കിയിടപ്പെടുമ്പോള്‍ , 
ഇതൊക്കെ നാം ചെയ്യുമ്പോള്‍ -
അപ്പോള്‍ മാത്രം ..
എന്റെ പ്രിയനേ  ,
നാം ജീവിക്കുന്നു 
പ്രണയത്തിന്റെ സ്തംഭം
നാട്ടുകയും ചെയ്യുന്നു..

Saturday, 28 May 2011

കളിപ്പാട്ടക്കപ്പല്‍

തിരകളൊഴുക്കിക്കൊണ്ടുപോയ 
കളിപ്പാട്ടക്കപ്പല്‍ എവിടെപ്പോയി..?
കടല്‍ദൂരം താണ്ടി, കടലൊഴുക്കു കടന്ന് ,
ചക്രങ്ങള്‍ക്കിടയിലൂടെ
 മീനുകളെ കടത്തിവിട്ട്
അതു തുഴഞ്ഞു പോയി..ഒറ്റയ്ക്ക്.

കടല്‍പ്പറവകളെപ്പോലെ  അത്‌
തിരകളിലൊഴുകാന്‍ മടങ്ങി വരുമെന്ന് -
കപ്പല്‍ വിട്ടു പോയ 
കപ്പിത്താന്റെ കണ്ണുകള്‍ക്കിടയില്‍ 
തിരയുടെ തീര്‍പ്പുണ്ട്‌.

മരം കൊണ്ട്  തീര്‍ത്ത കളിപ്പാട്ടക്കപ്പല്‍ 
വേറെയും യാനപാത്രങ്ങളെ 
കണ്ടുമുട്ടിയതായി കേട്ടു.
കാറ്റുപായ  കടലൊഴുക്കിനെ 
പരിരംഭണം ചെയ്തതായി കേട്ടു.
കിളിവാതിലില്‍ കാലൂന്നിയ കിളിയെ 
ഉപ്പുകാറ്റ്  പറത്തി വിട്ടതായും കേട്ടു 

കിളി നീലനിറമാര്‍ന്ന
 ഒരു തൂവല്‍ കുടഞ്ഞിട്ടു.
സ്വപ്നങ്ങളില്‍ നിന്നും,
തന്റെ  ശേഖരത്തില്‍ നിന്നും 
മനോഹരമായ ഒരു തൂവല്‍ 
കാലിയാകുന്നത്‌ കുട്ടി 
പേടിയോടെ ഓര്‍ത്തു.
അവന്‍ മരക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു .

കിളി മടങ്ങി വന്നു.
അവനോ ,മടങ്ങിയെത്തിയില്ല ..,
കളിപ്പാട്ടക്കപ്പലും....!

Friday, 20 May 2011

നിദ്രാടനം


ഈ രാത്രി-
നടപ്പാതകള്‍ ശലഭ നിര്‍ഭരം.
ഞാന്‍ നടക്കുന്നു-
നിശ്ശബ്ദം .
കാലുകള്‍ക്കു താഴെ
ചഞ്ചല സ്വപ്നങ്ങളുടെ ചാരം.
വഴിയില്‍
 ഒരു മെഴുകുതിരിയുമില്ല 

വാക്കുകള്‍ 
നാവിനടിയില്‍ 
മയങ്ങി ,ഉറങ്ങിക്കിടക്കുന്നു 
വറ്റിത്തീരാറായ രണ്ട്‌ ഉറവകള്‍ക്കിടയില്‍ 
ഞാന്‍ നിദ്രാടനം ചെയ്യുന്നു.


മടക്ക വഴിയറിയാതെ
നടന്നു കൊണ്ടിരിക്കുന്നു..
വാക്കറിവ് എനിക്കജ്ഞാതമാകുന്നു..


കിനാക്കളില്‍ 
ശൂന്യമായ ഒരു കിണര്‍
ഞാന്‍ കണ്ടെത്തി 
മുഴുത്ത ഉരുളന്‍ കല്ലുകള്‍ 
വെള്ളത്തെ അതില്‍ നിന്നു 
നീക്കം ചെയ്തിരിക്കുന്നു.


യാഥാർത്ഥ്യത്തിന്റെ  ഭൂതലം 
ഉണര്‍ന്നാലല്ലാതെ പ്രകാശിക്കുകയില്ല
എന്നിലേക്ക്‌ തിരിയാതെ 
ഉണര്‍ച്ച ഞാന്‍ അറിയുകയുമില്ല.

മയക്കത്തിന്റെ താഴ്ന്ന ശിഖരങ്ങളിലേക്ക്
ഇലഞ്ഞിപ്പൂക്കള്‍ പെയ്യുന്നു.

രാത്രി..ശലഭച്ചിറക് വിടര്‍ത്തി
കടന്നു പോകുന്നു.
നിശ്ശബ്ദം ..,
ഞാന്‍ നടക്കുന്നു..


പിന്നീട്..
ചില്ലു വിളക്കുകള്‍ വഹിച്ചു വരുന്ന-
സഞ്ചാരികളുടെ ശബ്ദങ്ങള്‍ മുഴങ്ങുമ്പോള്‍
വിജനതയില്‍ 
പ്രഭാതം ഉറക്കമുണരുന്നിടത്തേക്ക് -
വഴി തെറ്റാതെ
നടന്നു പോകുന്നതായി 
നിങ്ങളെന്നെ കണ്ടെത്തും.





Wednesday, 18 May 2011

കുറ്റവാളി

കുറ്റവാളിക്ക് -
മുക്കാലിയില്‍ കെട്ടി
ചാട്ടവാറു കൊണ്ട് നൂറ്റിയൊന്നടി.
ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞു
കുറ്റങ്ങള്‍ പലതാണ്.-
അനധികൃതമായി കടന്നുകയറിയെന്നു ..,
കൈയേറിയെന്ന്..,
കവര്‍ച്ച നടത്തിയെന്ന്..!

ഇനി ശിക്ഷയുടെ ദിനത്തിനായുള്ള
അണഞ്ഞ, തീ മണക്കുന്ന കാത്തിരിപ്പാണ്.
പുറം ചാരിയില്ലാത്ത ഒരു ഇരിപ്പിടമാണ് 
കാത്തിരിപ്പ്.

ഏകാന്തതയുടെ ജലപാളികളില്‍ 
സ്വപ്ന നിറമുള്ള മീനുകള്‍ നൃത്തം ചെയ്യുന്നതും  
നോക്കിയിരുന്ന അവളോട്‌ ..
അവന്‍ പറഞ്ഞത്രേ..
നിനക്കായി മാത്രമെന്റെ ഹൃദയ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന്‌..,
നിനക്കായി മാത്രമതില്‍ പ്രണയം നിറച്ചു വച്ചിരിക്കുന്നുവെന്ന് ..,
നിനക്കായി മാത്രമല്ലേ ..എല്ലാമെന്ന്...

അതുകൊണ്ടല്ലേ ..,
അതുകൊണ്ടു മാത്രമല്ലേ..
കടന്നു കയറിയത്..?!   
കൈയേറിയത് ..?!
കവര്‍ന്നെടുത്തത്‌ .?!

ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
നീറ്റലിന്റെ  മുക്കാലിയില്‍ കെട്ടിയിട്ടു   
ഓര്‍മ്മകളുടെ  ,ഓര്‍മ്മപ്പെടുത്തലിന്റെ  
ചാട്ടവാറു കൊണ്ട് ....!
ജീവന്‍  പോകുന്നതു  വരെ ...
ജീവന്‍  പോകുന്നതു   വരെ ..!


Sunday, 8 May 2011

കാണാത്തവര്‍

കൊടുങ്കാറ്റിന്റെ വരവിനു മുന്‍പ് 
സ്വന്തം കൂട്ടിലേക്ക് വേഗത്തില്‍ 
പറക്കുന്ന പക്ഷിയെപ്പോലെ 
ഇന്നലെകള്‍ കടന്നു പോകുന്നു..
പുല്ലുകള്‍ക്കു മീതെയുള്ള
മരങ്ങളുടെ നിഴലുകള്‍ പോലെ 
ദുരിതങ്ങള്‍ നിറഞ്ഞ വിനാഴികകളും 
കടന്നു പോകും...

ഇന്നിന്റെ നിറഞ്ഞ തീന്‍ മേശക്കു
 മുന്നില്‍ നമ്മള്‍-
സന്തോഷവാന്മാരായി ഇരിക്കും .
ഒരിത്തിരി മണ്ണിലുറച്ചു  നില്‍ക്കുന്നുവെന്ന്-
ഒരു പാത നടക്കാന്‍ മുന്നിലുണ്ടെന്ന്-
വീമ്പില്‍ കുടിച്ചു മദിക്കും...

മരങ്ങള്‍ കട പുഴകുകയും,.
പുല്ലുകള്‍ കത്തിക്കരിയുകയും,
പാറകള്‍ ചോരയില്‍ ചുവക്കുകയും, 
ഭൂമി എല്ലുകളും തലയോട്ടികളും 
നട്ടു വളര്‍ത്തുകയും ചെയ്യുന്നത് 
നമ്മള്‍ കാണില്ല 

കടവും 
കണ്ണീരും
കിനാവും 
ബാക്കിയായ ചിലര്‍-
ദാഹിച്ച്‌ ,ചിറകു കുഴയുന്നത് വരെ
 ജലാശയത്തിനു  മേല്‍ 
വട്ടമിട്ടു പറക്കുന്നവര്‍ -
അവരെയും  
നമ്മള്‍ കാണില്ല.

സ്വപ്നത്തിന്റെ നീരുറവയില്‍ നിന്നും 
എങ്ങനെയവര്‍ ദാഹം തീര്‍ക്കും..?
അവരുടെ തകര്‍ന്ന ഭൂമികള്‍ 
ദുരിതങ്ങളുടെ അസ്തമയം 
കഴിയുന്നത്‌ വരെ
എങ്ങനെയവര്‍ നേരെയാക്കും..?

ആകാശം കടലിന്റെ 
തേങ്ങലുമായി സന്ധിക്കുന്നിടത്തെങ്കിലും 
ഒരു താഴ്വാരം അവര്‍ക്ക് നല്‍കാന്‍ 
നമുക്കാവില്ലേ..
കുഞ്ഞു മരങ്ങളോടും ..
ശ്മശാനത്തോടും കൂടിയതെങ്കിലും..!